എസ്റ്റേറ്റു മാനേജരായി ചാർജ്ജെടുക്കുവാൻ ആ മലയോര പ്രദേശത്തു വന്ന ചന്ദ്രൻ വനദേവതയെപ്പോലെ സുന്ദരിയായൊരു കാട്ടു പെണ്ണിനെ കണ്ടു മുട്ടുന്നു.,അതൊരനശ്വര പ്രണയത്തിന്റെ ആരംഭമായിരുന്നു.അനുദിനം ആ അനുരാഗം വളർന്നു വന്നു.
എസ്റ്റേറ്റുടമയായ ലോഹിതാക്ഷനെ ദേവിയുടെ മനം മയക്കുന്ന സൗന്ദര്യം ലഹരി പിടിപ്പിച്ചു.എങ്ങനെയും അവളെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തിയെടുക്കാൻ അയാൾ തീരുമാനിക്കുന്നു. മേസ്തിരി കണ്ണനെ അയാൾ അതിനായി നിയോഗിക്കുന്നു.മാൻ പേടയെപ്പോലെ പരിശുദ്ധയായ ദേവിയെ ചന്ദ്രൻ അവിടെ ഉള്ളിടത്തോളം കാലം തനിക്കു കുരുക്കിയെടുക്കാനാവില്ലെന്ന് മനസ്സിലാക്കിയ ലോഹിതാക്ഷൻ അടവൊന്നു മാറ്റിച്ചവിട്ടുന്നു.
തന്റെ കുതന്ത്രത്താൽ ബംഗ്ലാവിലേക്കാനയിക്കപ്പെട്ട ദേവിയെ ദാഹാർത്തനായ ലോഹിതാക്ഷൻ സമീപിക്കുന്നു.അപ്പോഴാണു താൻ കെണിയിലകപ്പെട്ടുവെന്ന് പാവം കാട്ടുപെണ്ണിനു മനസ്സിലായത്.അയാളിൽ നിന്നും കുതറി മാറി ബംഗ്ലാവിലൊരിടത്ത് അവൾ ഒളിക്കുന്നു.
തിരിച്ചെത്തിയ ചന്ദ്രനും തങ്കപ്പനും ദേവിയെ അന്വേഷിക്കുന്നു.കാടായ കാടൊക്കെ തിരഞ്ഞു. ഒരു പിടിയുമില്ല. കണ്ണന്റെ നുണയിൽ കുടുങ്ങി ദേവിയെ ബംഗ്ലാവിൽ കൊണ്ടു വിട്ട കാര്യം കുഞ്ചു ചന്ദ്രനോട് പറയുന്നു.പ്രതികാരം ചോദിക്കാനായി ബംഗ്ലാവിലേക്ക് പാഞ്ഞു ചെന്ന ചന്ദ്രനെ മർദ്ദിച്ചവശനാക്കി കണ്ണൻ ഒരു ജീപ്പിലെടുത്തിട്ട് കൊല്ലുവാൻ കൊണ്ടു പോകുന്നു.വഴിക്കു വെച്ച് ഒരേറ്റുമുട്ടലിന്റെ ഫലമായി തങ്കപ്പനും കണ്ണനും മരണമടയുന്നു.ഇതിനിടയിൽ കുഞ്ചു ചന്ദ്രനെ രക്ഷിച്ച് ഒരു ട്രാവലേഴ്സ് ബംഗ്ലാവിലാക്കുന്നു.
വനത്തിന്റെ മറ്റൊരു ഭാഗത്തു വെച്ച് ചന്ദ്രൻ നിർമലയെന്നൊരു പെൺകുട്ടിയെയും അവളുടെ സഹോദരനായ സർക്കിൾ ഇൻസ്പെക്ടർ വാസുദേവൻ നായരെയും പരിചയപ്പെടുവാൻ ഇടയായി.നിർമ്മലയ്ക്ക് ദേവിയുമായുള്ള രൂപ സാദൃശ്യം കണ്ട് ചന്ദ്രൻ അത്ഭുതപ്പെട്ടു പോയി. നിർമ്മലയുടെ സഹായത്തോടെ ദേവിക്കെന്തു സംഭവിച്ചുവെന്ന് കണ്ടു പിടിക്കുവാൻ ചന്ദ്രൻ ലോഹിതാക്ഷന്റെ ബംഗ്ലാവിലെത്തുന്നു…..സംഭ്രമജനകമായ ശേഷം ഭാഗം വെള്ളിത്തിരയിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം