ഭർത്താവിന്റെ ബിസിനസ് പരാജയം മനസ്സിലാക്കിയിട്ട് തന്റെ സാമ്രാജ്യമായ അടുക്കളയിൽ ഉറച്ചു നിൽക്കാൻ ആഗ്രഹിച്ച ഭാര്യ.പരാജയത്തോടെ ആകെ തകർന്ന് കഞ്ചാവിന്റെ ലഹരിയിൽ മാത്രം ആശ്വാസം കണ്ടെത്താൻ ശ്രമിച്ച ദുർബലനായ ഭർത്താവ്. മോട്ടോർ വർക്ക് ഷോപ്പിൽ തന്റെ ദേഹശക്തിയോട് കൂടി പ്രവർത്തിച്ച് എന്തും നേടാമെന്നാഗ്രഹിച്ച കാമുകൻ, നൃത്തത്തിന്റെ ലഹരിയിൽ ആടി ചവുട്ടിച്ചവുട്ടി എങ്ങോ പൊങ്ങാനാഗ്രഹിച്ച കാമുകി , ചെറുപ്പത്തിലെ നാടു വിട്ട അനന്തിരവൻ , എല്ലാം ശരിയാക്കിത്തരാൻ വരുമെന്ന് ആഗ്രഹിച്ച് വിശ്വസിച്ചച്ഛൻ , ഇതാണു ഈ സിനിമയിലെ കഥാപാത്രങ്ങൾ.എന്തിനിനി കഥയെ പറ്റി പറയുന്നു ?
അവലംബം : പാട്ടുപുസ്തകം
1975 മെയ് 2 നാണ് പിജെ ആന്റണി, ഷീല, ബാലൻ കെ നായർ എന്നിവർ മുഖ്യമായും അഭിനയിച്ച കെപി കുമാരന്റെ 'അതിഥി' റിലീസായത്. ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം. സീമന്തിനി നിൻ ചൊടികളിലാരുടെ എന്ന മനോഹരഗാനം (വയലാർ-ദേവരാജൻ) കൊണ്ടും പ്രശസ്തമാണ് അതിഥി. ആർകെ ശേഖർ (എ ആർ റഹ്മാന്റെ അച്ഛൻ) ആയിരുന്നു പശ്ചാത്തലസംഗീതം.
മുൻപ് നാടകപ്രവർത്തകനായിരുന്ന കെപി കുമാരന്റെ നാടകമായിരുന്നു 'അതിഥി'. ഗോദോയെ കാത്ത് എന്ന വിശ്രുത നാടകം 'അതിഥി'യെ സ്വാധീനിച്ചിട്ടുണ്ടാവണം. 72 ലായിരുന്നു നാടകാവതരണം. 'ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവർ' എന്ന് 'അതിഥി'യുടെ പോസ്റ്ററിലെ പരസ്യവാചകം. ഐവി ശശിയുടെ ആദ്യചിത്രം 'ഉത്സവ'വും പിന്നീട് 'അവളുടെ രാവുകളും' നിർമ്മിച്ച രാമചന്ദ്രനാണ് 'അതിഥി' നിർമ്മിച്ചത്.
പണ്ട് വീട് വിട്ടിറങ്ങിയ യുവാവ് (ഇപ്പോൾ ധനികൻ) തിരിച്ചു വരുമെന്നൊരു പ്രതീക്ഷയിൽ കഴിയുകയാണ് തകർന്ന ഒരു കുടുംബം. ബിസിനസ്സിൽ പരാജയപ്പെട്ട ഭർത്താവിനെ കുറ്റം പറയാതെ, അടുക്കളയാണ് തന്റെ ലോകം എന്ന് വിശ്വസിക്കുന്ന ഭാര്യ, പരാജയത്താൽ തകർന്ന് കഞ്ചാവിൽ അഭയം തേടിയ ഭർത്താവ്, ദേഹാദ്ധ്വാനം മൂലധനമാക്കി നാളെയ്ക്കുള്ള സ്വപ്നങ്ങൾ നെയ്യുന്ന മെക്കാനിക്ക് കാമുകൻ, നൃത്തത്തിന്റെ ലഹരിയിൽ ജീവിക്കുന്ന നർത്തകിയായ കാമുകി എന്നീ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് സിനിമ. അസാധ്യമായ ഒരു ലോകത്ത് അകപ്പെടുന്ന മനുഷ്യന്റെ ആകുലതകൾ. ഓരോ മനുഷ്യനും അപരനും തനിക്ക് തന്നെയും അതിഥിയാണ്.
സ്വയംവരം എന്ന അടൂർ ചിത്രത്തിന്റെ സഹസംവിധായകനാണ് കെപി കുമാരൻ. ജെസി ഡാനിയേൽ അവാർഡ് ജേതാവാണ്. 11 ചിത്രങ്ങൾ സംവിധാനം ചെയ്ത കെപി കുമാരന്റെ ആദ്യചിത്രമാണ് അതിഥി. മാധവിക്കുട്ടിയുടെ രുഗ്മിണി എന്ന കഥ സിനിമയാക്കിയിട്ടുണ്ട്. ഇബ്സന്റെ മാസ്റ്റർ ബിൽഡർ എന്ന പ്രശസ്ത നാടകത്തിന്റെ സ്വാതന്ത്രാവിഷ്ക്കരമാണ് മോഹൻലാൽ അഭിനയിച്ച ആകാശഗോപുരം എന്ന ചിത്രം.