പ്രേംനസീര്‍, കെ. ആര്. വിജയ, സത്യന്, ഗ്രേസി, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരന് നായര്‍, അടൂര്‍ പങ്കജം, അടൂര്‍ ഭാസി, എസു്. പി. പിള്ള, ബഹദൂര്‍, മണവാളന്, കാലാക്കല്‍ കുമാരന്, പ്രേമ, റാണി, ജോളി, ഗോപിനാഥു്, മാസ്റ്റര്‍ പ്രഭു എന്നിവര്‍ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കഥാസാരം :
ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വിശ്വാമിത്രന്റെ തപസ്സു് മുടക്കുവാന്‍ വന്ന മേനക മുനിപുത്രിയുടെ മാതാവായി. കുട്ടിയെ കാട്ടിലുപേക്ഷിച്ചു് മേനക ദേവലോകം പൂകി. കണ്വപുത്രിയായി വളര്‍ന്ന ആ പെണ്കുഞ്ഞാണു് ശകുന്തള. കണ്വാശ്രമത്തിലെ സ്വപ്നകുമാരിയായി വളര്‍ന്നുവന്ന ശകുന്തള സൗന്ദര്യത്തില്‍ ആരിലും പിന്നിലായിരുന്നില്ല. വേട്ടയാടുവാന്‍ കാട്ടിലെത്തിയ ദുഷ്യന്തമഹാരാജാവു് ആ മുനികന്യകയെ കണ്ടുമുട്ടി. ആ കാട്ടുപൂവിന്റെ ഹൃദയഹാരിയായ ആകാരഭംഗിയില്‍ മയങ്ങിയ മന്നന് അവളെ ഗാര്ന്ധര്വ്വവിധിപ്രകാരം വിവാഹം ചെയ്തു. അടിയന്തിരമായി രാജധാനിയിലേക്കു് പോകേണ്ടിയിരുന്ന രാജാവു് മുദ്രമോതിരം ശകുന്തളയ്ക്കു് നല്കി ഉടന്‍ തന്നെ തിരിച്ചുവന്നുകൊള്ളാമെന്നു പറഞ്ഞു പിരിഞ്ഞു. ശകുന്തളയുടെ വളര്‍ത്തച്ഛനായ കണ്വന് ഈ വേളയില്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല.
പ്രിയതമന്റെ വിരഹത്തില്‍ വിഹ്വലയായിരുന്ന ശകുന്തള കോപമൂര്ത്തിയാ ദുര്‍വ്വാസാവു് കടന്നുവന്നതറിഞ്ഞില്ല. തന്നെ അപമാനിച്ചതിനു് ആ മുന്കോപി ശകുന്തളയെ ശപിച്ചു. അവള് ആരെ നിനച്ചിരുന്നു് തന്നെ അവഗണിച്ചുവോ അയാള്‍ അവളെ മറന്നുപോകട്ടെ എന്നായിരുന്നു ശാപം. അടയാളം കിട്ടിയാല്‍ ശാപമോക്ഷം ലഭിക്കുമെന്നു് അറിയിച്ചു് മുനി പോയി. കണ്വന് ആശ്രമത്തിലെത്തി ശകുന്തളയുടെ വിവാഹവിവരം അറിഞ്ഞു സന്തോഷിച്ചു. ഗര്‍ഭിണിയായ ശകുന്തളയെ അദ്ദേഹം ശിഷ്യന്മാരുടെ അകമ്പടിയോടെ ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്കയച്ചു. മാര്‍ഗ്ഗമദ്ധ്യേ ശകുന്തളയുടെ വിരലില്‍ നിന്നും മുദ്രമോതിരം ഊരി വെള്ളത്തില്‍ പോയതു് അവള് അറിഞ്ഞില്ല.
മുനിശാപഫലമായി ദുഷ്യന്തന് ശകുന്തളയെ ഓര്മ്മിക്കുന്നില്ലെന്നറിയിച്ചു. മുദ്രമോതിരം കാട്ടുവാന്‍ തിരഞ്ഞപ്പോള്‍ അതും കണ്ടില്ല. ഹതഭാഗ്യയായ ശകുന്തള ബോധമറ്റുനിലംപതിച്ചു. മാതാവായ മേനക അവളെ കാശ്യപാശ്രമത്തില്‍ കൊണ്ടാക്കി. അവിടെ വച്ചു് ശകുന്തളയ്ക്കു് ഒരു പുത്രന് ജനിച്ചു.
മുക്കുവന്മാരില് നിന്നും മുദ്രമോതിരം ലഭിച്ച ദുഷ്യന്തന് ദുഃഖാകുലനായി ശകുന്തളയെ തിരഞ്ഞു നിരാശനായി. അദ്ദേഹം ദേവലോകത്തുനിന്നും മടങ്ങുന്ന വഴി കശ്യപാശ്രമത്തില്‍ ഇറങ്ങി. അവിടെ ഒരു സുകുമാരകളേബരനായ ബാലന് ഒരു സിംഹക്കുട്ടിയുമായി കളിക്കുന്നതു കണ്ട് അവന്റെ വിവരങ്ങള്‍ അന്വേഷിച്ചു. അങ്ങിനെ വിരഹത്തിന്റെ വേദന സഹിച്ചുകഴിഞ്ഞിരുന്ന ശകുന്തളയും ദുഷ്യന്തനും പുത്രനുമായി രാജധാനിയിലേക്കു് മടങ്ങി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |