ഇവള് ഒരു നാടോടിയുടെ കഥ
ഇവള് ഒരു നാടോടിയായിരുന്നില്ല. പക്ഷെ ഇവളൊരു നാടോടിയായിത്തീര്ന്നു. എങ്ങനെ?
അതു് അവള്‍ക്കും അറിയില്ല. അവള് ആരായിരുന്നു എന്നു്ആര്ക്കും അറിയില്ല. പക്ഷെ ഒരാള്‍ക്കു മാത്രം അറിയാം. അയാള്‍ അതാരൊടും പറഞ്ഞതുമില്ല. ഇവള് ആരാണെന്നു് ഊഹിച്ചു നോക്കൂ.
അതിമനോഹരമായ എസ്റ്റേറ്റു്. അതിന്റെ ഉടമ വിക്രമന് നായര്‍ യാതൊരു തത്വദീക്ഷയുമില്ലാത്ത ഒരു മനുഷ്യനായിരുന്നു. സ്ത്രീലമ്പടന്‍. ഒരിക്കല്‍ അയാള്‍ മദാലസയായ ശാരദയെ കണ്ടു. അയാളുടെ കാമശക്തി ആളിക്കത്തി. അവള് അപ്രാപ്യയാണെന്നു കണ്ടപ്പോള്‍ തന്റെ ശിങ്കിടി മാധവന്റെ സഹായത്തോടെ ശാരദയുടെ ഭര്‍ത്താവായ സുകുമാരനെ ഒരു കൊലക്കേസില്‍ പ്രതിയാക്കി. നിസ്സാഹയാന സുകുമാരന്‍ മുതലാളിയുടെ സഹായം തേടി. വിക്രമന് നായര്‍ സഹായിക്കാമെന്നേറ്റു. പക്ഷെ സുകുമാരനു് എന്നെന്നേക്കുമായി ശാരദ നഷ്ടപ്പെട്ടു. കുടുംബജീവിതം തകര്‍ന്നു. സുകുമാരന്റെ മകള്‍ ലക്ഷ്മി ഇതെല്ലാം ശ്രദ്ധിച്ചു.
ഒരു ദിവസം സ്ക്കൂളില്‍ നിന്നു മടങ്ങിയ ലക്ഷ്മി ജനാലയിലൂടെ ഒരു ദൃശ്യം കണ്ടു. തന്റെ അമ്മ വിക്രമന് നായരോടൊപ്പം വസ്ത്രമില്ലാതെ കിടക്കുന്നു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അനവധി. സുകുമാരന്‍ ഒടുവില്‍ മുതലാളിയോടു് ഏറ്റുമുട്ടി ആ ഏറ്റുമുട്ടലില്‍ സുകുമാരന്‍ മരിച്ചു. വിവരം അറിഞ്ഞ ശാരദ ആത്മഹത്യ ചെയ്തു. ലക്ഷ്മി അനാഥയായി. അതൊരൊറ്റപ്പെട്ട സംഭവമല്ല. അതുകൊണ്ടു് അതിനെപ്പറ്റി ആരും ശ്രദ്ധിച്ചില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹെലിക്കോപ്റ്റര്‍ എസ്റ്റേറ്റില്‍ പറന്നെത്തി. മരുന്നു തളിക്കാന്‍. പൈലറ്റു് സുമുഖനായിരുന്നു. അയാള്‍ മലഞ്ചരിവുകളിലൂടെ നടന്നു. ഒരു സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടു. രാജി എന്നാണു് പേരു്. നല്ലപോലെ നൃത്തം വെക്കും. ഭംഗിയായി പാടും. കൂടാരത്തില്‍ കുരുടനായ അച്ഛനോടൊപ്പം താമസിച്ചിരുന്ന രാജി ഒരു നാടോടിക്കൂട്ടത്തില്‍ പെട്ടതാണെന്നയാള് മനസ്സിലാക്കി. ഒരു ദിവസം പൈലറ്റു് രാജേഷിനെ പാമ്പു് കടിച്ചു. രാടോടികളുടെ കൂടാരത്തില്‍ വന്ന അയാളുടെ കാലില്‍ രാജി മരുന്നു വെച്ചു കെട്ടി. അങ്ങനെ ഒരു പ്രണയബന്ധം ഉടലെടുത്തു.
രാജിയെ പലരും കണ്ടു. എസ്റ്റേറ്റു മുതലാളിയുടെ മകന് ജയന് അവളെ നോട്ടമിട്ടു. രാജിയെ കണ്ടപ്പോള്‍ തന്റെ പഴയ കാമുകി അനുവിനെ അയാള്‍ മറന്നു. ജയന് രാജിയെ എസ്റ്റേറ്റിലെ ജോലിക്കാരിയാക്കി അവളുമായി ബന്ധപ്പെടാന്‍ ആഗ്രഹിച്ചു.
വിക്രമന് നായരും രാജിയെ പ്രാപിക്കാന്‍ പദ്ധതിയുണ്ടാക്കി. അങ്ങനെ ക്യാപ്റ്റന്‍ രാജേഷിന്റെ പ്രിയയെ അച്ഛനും മകനും കാമുകിയാക്കാനാഗ്രഹിച്ചു രാജേഷും ജയനും ഹെലിക്കേപ്റ്ററില് വച്ചു് ഏറ്റുമുട്ടി. തുടര്‍ന്നു് എസ്റ്റേറ്റില്‍ മരണദേവത കടന്നുവന്നു. എന്തൊക്കെയോ സംഭവിച്ചു. ശേഷം വെള്ളിത്തിരയില്‍.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|