കഥാസാരം :
അനാഥനായിത്തീര്‍ന്ന ജോണി സ്നേഹശീലനായ ഒരു പുരോഹിതന്റെ സംരക്ഷണയിലാണു് വളര്‍ന്നു വലിയവനായതു്. ധനികനായ ബേബിയും, സ്ക്കൂല്മാനേജര് പൂപ്പള്ളി തോമസിന്റെ മകള്‍ ഓമനയും, ജോണിയും ബാല്യകാലസുഹൃത്തുക്കളാണു്. പ്രായമായപ്പോള്‍ ബേബി ഒരു ഡോക്ടറും, ജോണി തോമസിന്റെ സ്ക്കൂളിലെ അദ്ധ്യാപകനുമായി. ബേബിയ്ക്കു് സുന്ദരിയായ ഓമനയെ വിവാഹം ചെയ്യണമെന്ന മോഹം ജനിച്ചു. തോമസിനു് അതു് ഹിതകരമാവുകയും ചെയ്തു. പക്ഷെ ഓമനയുടെ ഹൃദയനദി ഒഴുകിയെത്തിയതു് പാവപ്പെട്ടവനായ ജോണിയുടെ ചെറ്റപ്പുരയിലേക്കാണു്. തോമസിന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഓമന പുരോഹിതന്റെ ആശിര്‍വാദത്തോടെ ജോണിയെ വിവാഹം ചെയ്തു.
ന്യായം നടന്നുകാണുവാന്‍ ആഗ്രഹിച്ച ജോണിയുടെ ശബ്ദവും ചലനവും തോമസിനു് അഹിതമായി തോന്നി. ഏറെ താമസിയാതെ ജോണി സ്ക്കൂളിലെ ജോലി രാജിവെച്ചു. ഇതിനിടയില്‍ ഒരു ഓമനക്കുഞ്ഞിന്റെ മാതാവായിക്കഴിഞ്ഞിരുന്നു ഓമന. കുടുംബം പുലര്‍ത്തുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട ജോണി വ്യോമസേനയില്‍ ചേര്‍ന്നു. ക്രമേണ ഒരു പൈലട്ടു്ആഫീസറാവുകയും ചെയ്തു. സമരരംഗത്തു് കഴിയുന്ന ജോണിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്റെ ഓമനക്കുഞ്ഞിന്റെ പുഞ്ചിരിച്ചുണ്ടില്‍ പകര്‍ത്തി ഓമന കാലം കഴിച്ചു വരവേ അടുത്ത കൃസ്തുമസ്സിനു് ജോണി ലീവിനു് വരുന്ന വിവരത്തിനു് കത്തു് കിട്ടി. നാടു് മുഴുവന്‍ കൃസ്തുദേവഗീതം പാടി ജനങ്ങള്‍ ആഹ്ലാദിച്ചു് കഴിയുമ്പോള്‍ ജോണിയുടെ കാലടിശബ്ദം കേള്‍ക്കാന്‍ കാത്തിരുന്ന ഓമനയുടെ കൈകളില്‍ ജോണി വിമാനാപകടത്തില്പെട്ടു് മരണമടഞ്ഞ കമ്പിസന്ദേശമാണു് ലഭിച്ചതു്.
ഹതാശയായ ഓമന തന്റെ കുഞ്ഞിനെ ഓമനിച്ചു് ജോണിയുടെ സ്മരണയുമായി കഴിഞ്ഞുവരവേ പിതാവായ തോമസും മരിച്ചു. സ്വപിതാവിന്റെ അന്തിമാഭിലാഷമനുസരിച്ചും പുരോഹിതന്റെ അനുകൂലമായ ഉപദേശം ആദരിച്ചും ഓമന ഡോക്ടര്‍ ബേബിയെ വിവാഹം ചെയ്തു. അപ്പോഴേക്കും മരണത്തിന്റെ കൈകളില്‍നിന്നും എങ്ങിനെയോ രക്ഷപെട്ടു് വികൃതവദനനായ ജോണി നാട്ടിലെത്തി. സംഭവങ്ങളുടെ സത്യസ്ഥിതിയറിയാത്ത ജോണി ഹൃദയവേദന താങ്ങാനാവാതെ ആത്മഹത്യയ്ക്കു് ഒരുങ്ങുന്നു. ബേബി ജോണിയെ ചികിത്സിക്കുന്നു. ഇഞ്ചക്ഷന് കൊടുക്കുമ്പോള്‍ ജോണിയെ തിരിച്ചറിയുന്നു. വികാരക്ഷോഭത്തില്‍ ജോണി മരിക്കുന്നു. വിവരമറിഞ്ഞു് ഹൃദയംപൊട്ടി ഓമനയും മരണമടഞ്ഞു. രണ്ടു് ശവപ്പെട്ടികള്‍ നീങ്ങുന്നതോടെ കഥ അവസാനിക്കുന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |