എക്സല്‍ പ്രൊഡൿഷൻസ് തന്നെ വിതരണം ചെയ്ത ഈ ചിത്രം 1968 - നവംബര്‍ 22- നു് പ്രദര്‍ശനം ആരംഭിച്ചു. ജഗതി എന്‍. കെ. ആചാരി കഥയും സംഭാഷണവും എഴുതിയ പ്രസ്തുത ചിത്രം കുഞ്ചാക്കോ സംവിധാനം ചെയ്തു.
കഥാസാരം
ചേര - ചോള - പാണ്ഡ്യ രാജവംശങ്ങള്‍ രാജ്യഭരണം നടത്തിവന്നിരുന്ന കാലം. കാവേരിപ്പൂമ്പട്ടണത്തിലെ കുബേരപുത്രനായ കോവലന് കുലീനയും ശാലീനയുമായ കണ്ണകിയെ പാണിഗ്രഹണം ചെയ്തു. സുന്ദരനും സകല ഗുണസമ്പന്നനുമായ ഭര്‍ത്താവിനോടൊത്തു ജീവിത സുഖം അനുഭവിച്ച കണ്ണകി, പതി ഈശ്വരനാണെന്നു വിശ്വസിച്ചു.
അക്കാലത്തു് മാധവിയെന്ന ഒരു അപ്സരകന്യക കലികാല ചോളന്റെ കൊട്ടാരത്തില്‍ നര്‍ത്തകിയായിരുന്നു. മാധവിയുടെ ആകാരഭംഗിയില്‍ കോവലന്റെ ചിത്തം അലിഞ്ഞുപോയി. അവളോടൊത്തു ജീവിക്കുവാന്‍വേണ്ടി അയാള്‍ ഭാര്യയേയും കുടുംബസുഖത്തേയും ത്യജിച്ചു. അധികനാള്‍ കഴിയുന്നതിനു മുൻപു് ആരോഗ്യവും ധനവും നഷ്ടപ്പെട്ട കോവലന് മാധവിയാൽ പുറം തള്ളപ്പെട്ടു് സ്നേഹമയിയായ സ്വഭാര്യയുടെ സമീപമെത്തി. പതിവ്രതയായ ആ തരുണീ രത്നം അദ്ദേഹത്തെ സ്വീകരിച്ചു പരിചരിച്ചു. വേദനയില്‍ ഉരുകിക്കഴിഞ്ഞ കണ്ണകി സന്തോഷാശ്രുക്കള്‍ പൊഴിച്ചു.
അപമാനിതനായ കോവലന് അയൽ രാജ്യമായ പാണ്ഡ്യദേശത്തുപോയി കുലത്തൊഴിലായ വാണിജ്യം നടത്തി ജീവികാമെന്നുറച്ചു്, കണ്ണകിയോടൊത്തു് അങ്ങോട്ടുപുറപ്പെട്ടു. 'കവുന്നിയടികള്‘എന്ന ജൈന സന്യാസിനിയുടെ സഹായത്തോടെ പാണ്ഡ്യരാജ്യതലസ്ഥാനമായ മധുരയിലെത്തി. ആ ഇടച്ചേരിയിലെ പാവപ്പെട്ടവര്‍ കണ്ണകിയെ ഒരു റാണിയെപ്പോലെ സ്വീകരിച്ചു. വ്യവസായത്തിനു പണം നേടുവാന്‍ കോവലന്, കണ്ണകിയുടെ മണിച്ചിലമ്പില് ഒന്നു വില്ക്കാന് നഗരത്തില്‍ പോയി.
പാണ്ഡ്യരാജാവിന്റെ പട്ടമഹിഷിയുടെ നഷ്ടപ്പെട്ട ചിലമ്പിന്റെ രൂപത്തിലും അളവിലുമായിരുന്ന ചിലമ്പു് കോവലന്റെ കൈവശം കണ്ട രാജകിങ്കരന്മാര് അവനെ രാജാവിന്റെ മുമ്പില്‍ ഹാജരാക്കി. പാണ്ഡ്യൻ തന്റെ റാണിയുടെ ചിലമ്പു മോഷ്ടിച്ചവനെ വിചാരണപോലുമില്ലാതെ കൊലക്കളത്തിലേക്കയച്ചു.
ശിരസ്സറ്റ സ്വഭര്‍ത്താവിന്റെ ജഡം കണ്ടു് ഹൃദയം തകര്‍ന്ന കണ്ണകി പ്രതികാരമൂര്‍ത്തിയായി മഹാരാജാവിന്റെ സമീപമെത്തി. തന്റെ കൈവശമുള്ള മറ്റേ ചിലമ്പു കാട്ടി നിരപരാധിയായ തന്റെ വല്ലഭന്റെ മരണത്തിനു സമാധാനം ആവശ്യപ്പെട്ടു. ഉഗ്രമൂര്‍ത്തിയായി മാറിയ കണ്ണകിയുടെ കോപാഗ്നിയില്‍ മധുര പട്ടണം വെന്തു വെണ്ണീറായി. ഒടുവില്‍ ചോളനാട്ടിലും പാണ്ഡ്യനാട്ടിലും ശാന്തി ലഭിക്കാതിരുന്ന ആ ആത്മാവു് ചേരനാട്ടിലെത്തി. ചേര രാജാവു് കൊടുങ്ങല്ലൂരില്‍ കണ്ണകിയെ പ്രതിഷ്ഠിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |