ശിക്ഷ - കഥാസംഗ്രഹം
തന്റെ ഭാര്യ മാനാക്ഷിയ്ക്കു് ന്യായമായി ലഭിക്കേണ്ട കുടുംബസ്വത്തില്‍ ഒരു പൈസ പോലും അവളുടെ സഹോദരനായ രാമുണ്ണിമേനോന് കൊടുക്കേണ്ടതില്ലെന്നു കോടതിവിധിയുണ്ടായതില് സുരേന്ദ്രന് ക്ഷുഭിതനായതുകൊണ്ടോ പ്രതിഷേധം പ്രകടിപ്പിച്ചതുകൊണ്ടോ യാതൊരു ഫലവുമില്ല. നിയമവും നീതിയും തെളിവുകളുടെ ഭാഗത്തേക്കേ നില്ക്കയുള്ളു.
കേസിലുണ്ടായ പരാജയം സുരേന്ദ്രനെ നിരാശനാക്കിയെങ്കിലും അവനില്‍ കത്തിക്കാളിയ പ്രതികാരാഗ്നി ജ്വലിച്ചുകൊണ്ടിരുന്നു. അതൊരിക്കല്‍ പടര്ന്നുയരുകയും ചെയ്തു.
സുരേന്ദ്രന്റെ ഭാര്യ മീനാക്ഷിയും മേനോന്റെ ഭാര്യ തങ്കമ്മയും ഒരേ ആശുപത്രിയില്‍ വച്ചു് ഒരേ ദിവസം പ്രസവിക്കുവാനിടയായി. സുരേന്ദ്രന് ആ തക്കം ശരിക്കും പ്രയോജനപ്പെടുത്തി. ആ കുഞ്ഞുങ്ങളെ ആരുമറിയാതെ പരസ്പരം മാറ്റിക്കിടത്തി തന്റെ കുഞ്ഞു് മേനോന്റെ സര്‍വ്വ സ്വത്തിനും അവകാശിയായി തീരണമെന്ന സ്വാര്ത്ഥോദ്ദേശത്തോടെ. പക്ഷെ ആ ഉദ്ദേശത്തിനു വിരുദ്ധമായ നിലയിലാണതു് എത്തിച്ചേര്‍ന്നതു്.
തങ്കമ്മയുടെ നിര്ബന്ധിതാപേക്ഷ മൂലം മേനോന്റെ മനസ്സലിയുകയും സഹേദരിയോടുണ്ടായിരുന്ന സകല വൈരവും ഉപേക്ഷിച്ചു് അവരെ സ്വീകരിക്കുകയും അവകാശപ്പെട്ട സ്വത്തു് അവര്‍ക്കു് നല്‍കുകയും ചെയ്യുന്നു. പക്ഷെ താന്‍ കുരുക്കിയ കുരുക്കഴിക്കുവാന്‍ വയ്യാത്ത അവസ്ഥയിലായി സുരേന്ദ്രന്. ഭര്‍ത്താവിന്റെ മാനസീകാവസ്ഥയ്ക്കു കാരണമാരാഞ്ഞ ഭാര്യയോടു് കുട്ടിക്കെളെ വച്ചു മാറ്റിയ വിവരം സുരേന്ദ്രന് തുറന്നു പറയേണ്ടിവന്നതു് കൂടുതല്‍ കുഴപ്പത്തിനു് വഴി തെളിച്ചു.
എപ്പോഴെങ്കിലും തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വേണ്ടി ഭാര്യ സത്യം പുറത്തു പറയുമെന്നു ഭയന്ന സുരേന്ദ്രന് അസ്വസ്ഥനായി കഴിയവേ ചില തെറ്റിദ്ധാരണകളുടെ പശ്ചാത്തലത്തില്‍ മേനോന് തങ്കമ്മയുടെ ചാരിത്രത്തില്‍ സംശയാലുവായി അവളെ വീട്ടില്‍ നിന്നു് ആട്ടിപ്പുറത്താക്കുന്നു. സ്വന്തം കുഞ്ഞിനെയും പ്രിയ കാന്തനേയും വേര്‍പിരിഞ്ഞ വേദനയുമായി ആ സാദ്ധ്വി അകലെ ഒരനാഥാലയത്തില്‍ അഭയം പ്രാപിച്ചു.
വര്‍ഷങ്ങള്‍ രണ്ടു് കടന്നു പോയി. മീനാക്ഷി ശോഭയെന്നൊരു പുത്രിയെക്കൂടി പ്രസവിച്ചു. ഈ ഘട്ടത്തില്‍ സുരേന്ദ്രന് മറ്റൊരു കടുംകൈ കൂടി ചെയ്തു. തങ്ങള്‍ വളര്‍ത്തിക്കൊണ്ടിരുന്ന തങ്കമ്മയുടെ പുത്രനായ രാജനെ സുരേന്ദ്രന് ആരുമറിയാതെ എടുത്തുകൊണ്ടു് തങ്കമ്മ അഭയം പ്രാപിച്ച അനാധാലയത്തില്‍ ഉപേക്ഷിച്ചിട്ടു പോകയും അവന് മരിച്ചുപോയെന്നൊരു കള്ളക്കഥ പറഞ്ഞു താല്‍ക്കാലികമായി രക്ഷപെടുകയും ചെയ്യുന്നു.
രാജന് സ്വന്തം പുത്രനെന്നു തിരിച്ചറിയാതെ പുത്രദുഃഖമനുഭവിച്ചു കഴിഞ്ഞിരുന്ന തങ്കമ്മ പുത്രനിര്വ്വിശേഷസ്നേഹത്തില് അവനെ വളര്‍ത്തുവാന്‍ തുടങ്ങി. ശിവശങ്കരന് എന്നു പേരിട്ടു.
കാലങ്ങള്‍ കടന്നുപോയി. അതിനൊത്തു ശിവനും വളര്‍ന്നു വലുതായി. ഒരു രഹസ്യ പോലീസുദ്യേഗസ്ഥനായിത്തീര്ന്നു.
രാമുണ്ണിമേനോന്റെ പുത്രനെന്ന സങ്കല്‍പ്പത്തില്‍ വളര്‍ന്ന സുരേന്ദ്രന്റെ പുത്രന് പ്രഭ സകലവിധ ദുര്ഗ്ഗുണങ്ങളുടെയും വിളനിലമായി ഒരു ധൂര്‍ത്തനായി ജീവിച്ചുവരികയാണു്.
തെളിയാതെ കിടന്ന കുറേ കേസുകളുടെയും കള്ളക്കടത്തുകളുടെയുമൊക്കെ രഹസ്യങ്ങള്‍ കണ്ടുപിടിക്കുവാന്‍ നിയുക്തനായി ശിവശങ്കരന് ആ നാട്ടില്‍ വന്നെത്തുന്നു. തങ്കമ്മയുടെ ആവശ്യപ്രകാരം ഒരു ദിവസം രാമുണ്ണിമേനോനെ കാണുവാന്‍ എത്തിയ ശിവന് യാദൃശ്ചികമായി സുരേന്ദ്രന്റെ പുത്രി ശോഭയെ കാണാന്‍ ഇടയാകയും പ്രഥമദര്ശ്ശനത്തില് തന്നെ ഇരുവരുടെയും ഹൃദയത്തില്‍ ചില ചലനങ്ങളുണ്ടാകുകയും ചെയ്യുന്നു.
പ്രഭയുടെ ധൂര്‍ത്ത ജീവിതം മേനോനെ വളരെയധികം വേദനിപ്പിച്ചുകൊണ്ടിരുന്നെങ്കില് അതിലധികമായി സുരേന്ദ്രനേയും മീനാക്ഷയേയും ദുഃഖിപ്പിച്ചിരുന്നു. അവനെ നേര്‍വഴിക്കു് കൊണ്ടുവരുവാനുള്ള ഒരവസാന ശ്രമമായി മേനോന് കണ്ടുപിടിച്ച മാര്‍ഗ്ഗം അവനെ നിയന്ത്രിക്കുവാന്‍ തക്ക കഴിവും തന്റേടവുമുള്ള ശോഭയെക്കൊണ്ടു വിവാഹം ചെയ്യിക്കുക എന്നതായിരുന്നു.
ഇതറിഞ്ഞ സുരേന്ദ്രനും മീനാക്ഷിയും ഞെട്ടുകയല്ലാതെന്താ ചെയ്യുക. രഹസ്യം തുറന്നു പറഞ്ഞാല്‍?
സുരേന്ദ്രന്റെയും മീനാക്ഷിയുടെയും പ്രതിഷേധങ്ങളെ എതൃത്തുകൊണ്ടു് മേനോന്ന പ്രഭയുടെയും ശോഭയുടെയും വിവാഹത്തിനുള്ള മുഹൂര്‍ത്തം പോലും നിശ്ചയിച്ചു.
ഈ വിചിത്രവിവാഹം നടക്കുമോ? ശിവനും ശോഭയുമായുള്ള പ്രണയപര്യവസാനമെന്തു്?
ഉത്തരം കണ്ടെത്തേണ്ട ഈ ചോദ്യങ്ങള്‍ക്കു് മുമ്പില്‍ സംഭ്രമജനകമായ നിരവധി നീഗൂഢ രഹസ്യങ്ങളും ചുരുള്‍ നിവര്‍ത്തി വെള്ളിത്തിരയിലൊരിതിഹാസം വരച്ചുകാട്ടുന്നു. അതാണു് അസീം കമ്പനിയുടെ ശിക്ഷ.
അവലംബം : പാട്ടുപുസ്തകം
|