കഥാസാരം :
ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേയ്ക്കു് പോകാന്‍ അവസരം ലഭിച്ച ജോണി അമ്മയുടെ നിര്ബന്ന്ധം മൂലം ലോനച്ചന്റെ മൂത്തമകള്‍ മേരിയെ പോയിക്കണ്ടു മനസ്സിനിണങ്ങി വീവാഹം ചെയ്യാന്‍ തീരുമാനിച്ചു. ദേശക്കുറിക്കു് വികാരിയച്ചനെ സമീപിച്ചതോടെ ലോനാച്ചന്റെ വളര്ത്തുപുത്രിയാണു് മേരി എന്ന രഹസ്യം വെളിവാകുന്നു. അമ്മയ്ക്കിഷ്ടമില്ലാത്തതു് ചെയ്യാന്‍ കഴിയാതെ ആ വിവാഹാലോചനയില്‍ നിന്നു് ജോണി പിന്മാറി. അപമാനിതയായ മേരി ആത്മഹത്യ ചെയ്തു. ആ രംഗം കണ്ട ലോനാച്ചന് വിവശനായി കിടപ്പിലായി. ഒരു ഇന്റര്‍വ്യൂവിനായി ഇളയമകള്‍ ആനി അന്യപട്ടണത്തില് പോയ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
എറണാകുളത്തു് ഇന്റര്വ്യൂവിനു് പോയ ആനി താമസിച്ച കോണ്‍വെന്റില്‍ നിന്നും വേണു എന്ന ഒരു മുടന്തനായ അനാഥബാലനെ പോറ്റി വളര്‍ത്തുവാന്‍ ഏറ്റു് കൂട്ടിക്കൊണ്ടുപാകുന്നു. ജീവിതനൈരാശ്യം നേരിട്ട ആനി തന്റെ കദനഭാരം കുറയ്ക്കാന്‍ ഒരു ബാലമന്ദിരം തന്റെ വീട്ടില്‍ രൂപീകരിച്ചു് പല അനാഥശിശുക്കളെ അവിട സ്വീകരിച്ചു് വളര്‍ത്തിവന്നു. ആനിയുടെ ചിറ്റപ്പനായ തോമാച്ചന് ആനിയ്ക്കു് ഒരു ഭര്‍ത്താവിനെ സമ്പാദിച്ചുകൊടുത്തു് കടമ നിറവേറ്റാനായി മാത്യ എന്നൊരുവനെ കൂട്ടിക്കൊണ്ടുവന്നു. പക്ഷെ ആതുരസേവനപ്രിയയായ ആനി വഴങ്ങില്ല. അതുമല്ല അന്നമ്മയുടെ കന്യകാത്വം അപഹരിച്ച തോമാച്ചനെ വികാരിയുടെ മുമ്പില്‍ വിചാണയ്ക്കു് വേധയനാക്കുവാനും ശ്രമിച്ചു. അങ്ങനെ തോമാച്ചന് ആനിയുടെ ശത്രുവായി.
ഭീഷണി ഭയന്നു് അന്നമ്മ നാടു് വിട്ടു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ഡോക്ടര്‍ ജോണിയ്ക്കു് ആനിയോടു് അനുകമ്പ തോന്നി അവളുടെ അനാഥമന്ദിരപ്രവര്ത്തനങ്ങളില് സഹകരിച്ചുവന്നു. ഹൃദയം കൊണ്ടവര്‍ പരസ്പരം അടുത്തുവെങ്കിലും സ്വാര്‍ത്ഥപൂരണത്തിനായി ജീവിതലക്ഷ്യം കൈവെടിയുവാന്‍ ആനി തയ്യാറായില്ല. ജോണിയും അതിരുകടന്നവളെ പ്രേരിപ്പിച്ചുമുല്ല.
ആനി ഒരു മോട്ടോറപകടത്തില് പെട്ടു് കാഴ്ച നഷ്ടപ്പെട്ടു. അവളുടെ കാഴ്ച വീണ്ടെടുക്കുന്നതിനായി ജോണി അവളേയുംകൂട്ടി മദ്രാസിനു് പോയി. ഓപ്പറേഷന് വിജയകരമായിരുന്നു. ആശുപത്രിയില്‍ വച്ചു് പഴയ വേലക്കാരി അന്നമ്മയെ കണ്ടു. അവള് പ്രസവിച്ച ദിവസം മരണമടഞ്ഞു. കൈക്കുഞ്ഞിനെ ഏറ്റുവാങ്ങിക്കൊണ്ടു് ജോണിയും ആനിയും നാട്ടിലെത്തി.
തോമാച്ചന് അപവാദവ്യവസായം ആരംഭിച്ചു. ജോണിയും ആനിയുമായുള്ള അവിഹിതബന്ധത്തിന്റെ സന്തതിയാണാ കൈക്കുഞ്ഞു് എന്നയാള്‍ പറഞ്ഞുപരത്തി. ജോണിയുടെ അമ്മയുടെ ശകാരവാക്കുകള്‍ ആനിയുടെ ഹൃദയത്തിന്റെ സമനില തെറ്റിച്ചു. അവള് ആത്മഹത്യ ചെയ്തു.
അന്നയുടെ സഹോദരന് തോമാച്ചനെ പ്രതിക്കൂട്ടില്‍ കയറ്റി സത്യം വെളിച്ചത്തു കൊണ്ടുവന്നു. തങ്ങളുടെ ഏകാവലംബമായിരുന്ന ആനിയെന്ന ദേവകന്യകയുടെ ജഡവുമായി ആ അനാഥബാലികാബാലന്മാര് ശ്മശാനത്തിലേക്കു് നീങ്ങി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|