Manushyabandhangal (1972)
|
|
Producer | Karthika Movies |
Director | Crossbelt Mani |
Main Actors | Prem Nazeer,Madhu,Jayabharathi,Sheela |
Supporting Cast | Adoor Bhasi,PJ Antony,SP Pillai,Paravoor Bharathan,Gireesh Kumar,Sujatha,CA Balan,Lakshmi Amma,JAR Anand,Raman Kutty,NN Pillai,Nambiar |
Musician | V Dakshinamoorthy |
Lyricist | P Bhaskaran |
Singers | KJ Yesudas,LR Eeswari,P Jayachandran,P Susheela |
Date of Release | 24/03/1972 |
Number of Songs | 5 |
|
Old Song Book
മനുഷ്യബന്ധങ്ങളുടെ കഥ
പ്രശസ്തനായൊരു അഭിഭാഷകനും എസ്റ്റേറ്റുടമയുമാണു് ശേഖര്‍. മഹാമനസ്ക്കനും ഉദാരമതിയുമായ അദ്ദേഹം തന്റെ സഹപാഠിയും സല്‍സ്വഭാവിയുമായ മാധവന്‍കുട്ടി എന്നൊരു സാധു യുവാവിനെ സഹോദരതുല്യം സ്നേഹിച്ചു തന്നോടൊത്തു താമസിപ്പിച്ചിരുന്നു.യാതൊരു ജോലിയും ചെയ്യാതെ അന്യന്റെ അദ്ധ്വാനഫലത്തിന്റെ പങ്കു പറ്റിക്കഴിയുന്നതില് അഭിമാനിയായ മാധവന്‍കുട്ടിക്കു മടി തോന്നിയിരുന്നെങ്കിലും ശേഖറിന്റെ സഹോദര നിര്‍വ്വിശേഷമായ സ്നേഹത്തിനു മുന്നില്‍ മാധവന്കുട്ടിക്കൊരെതിരും പറയുവാന്‍ സാദ്ധ്യമായിരുന്നില്ല.
ശേഖറിന്റെ ഏക സഹോദരി സുധ മദ്രാസില്‍ പഠനം നടത്തിക്കൊണ്ടിരിക്കയാണു്. ഒരു ദിവസം മദ്രാസിലുള്ള ശേഖറിന്റെ ഒരു സുഹൃത്തില്‍ നിന്നും ഒരു കമ്പിസന്ദേശം കിട്ടുന്നു. 'ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെട്ട സുധ ആശുപത്രിയില്‍ കിടക്കുന്നു'. അതു കിട്ടിയ ക്ഷണം ശേഖര്‍ മദ്രാസിനു തിരിച്ചു. അവിടെയെത്തി സുഹൃത്തില്‍ നിന്നും ആ അപകടത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളറിഞ്ഞ ശേഖര്‍ ആകെ തകര്‍ന്നും തളര്‍ന്നും പോയി.
രാജന് എന്നൊരു ക്രിസ്തീയ യുവാവുമായി സുധ പ്രണയത്തിലാണെന്നും അയാളുമായി ഉല്ലാസയാത്രയ്ക്കും മറ്റും പോകാറുണ്ടെന്നു അങ്ങനെയാണീ അപകടമുണ്ടായതെന്നും അറിയുന്നു. ശേഖര്‍ ആശുപത്രിയിലെത്തി സുധയെ അന്വേഷിച്ചതില്‍ അവളുടെ പരുക്കുകള്‍ നിസ്സാരമായതിനാല്‍ ഹോസ്റ്റലിലേക്കു മടങ്ങിയതായറിഞ്ഞു. അവിടെ എത്തി അവളുടെ പെട്ടിയും കിടക്കയും എല്ലാം എടുപ്പിച്ചു് ഒരു ഹോട്ടലില്‍ മുറിയെടുത്തും താമസിച്ചുകൊണ്ടു് അവളെ ചോദ്യം ചെയ്തു.
ആദ്യമെല്ലാം അവള് കളവു പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ജ്വലിച്ചുയരുന്ന ശേഖറിന്റെ കോപാഗ്നിക്കു മുന്നില്‍ സത്യം പറയാതെ ഗത്യന്തരമില്ലാതായപ്പോള്‍ അവള് തുറന്നു പറഞ്ഞു "ഞാനും രാജനും പ്രണയബദ്ധരാണു്. രാജനെയല്ലാതെ മറ്റാരെയും ഞാന്‍ വിവാഹം ചെയ്യില്ല."
അവിടെ ജാതി ഒരു പ്രശ്നമായി തീര്‍ന്നെങ്കിലും സഹോദരിയുടെ മാനം വീണ്ടെടുക്കുവാന്‍ ശേഖര്‍ വിട്ടുവീഴ്ചയ്ക്കു സന്നദ്ധനായി രാജനെ സമീപിച്ചു.
അത്യന്താധുനികനായ രാജന്റെ പ്രതികരണം മറ്റൊന്നായിരുന്നു. "ഞാന്‍ സുധയെ സ്നേഹിക്കുന്നതു് ശരിയാണു്. പക്ഷെ വിവാഹം ചെയ്യുക സാദ്ധ്യമല്ല." അതു കേട്ട ശേഖറാകെ തരിച്ചുപോയി. സുധയും അപ്പോഴാണറിയുന്നതു് താന്‍ വഞ്ചിതയായിത്തീര്ന്നു എന്നു്. ദുഃഖിതയും നിരാശയുമായ മാനം നശിച്ച ആ സഹോദരിയേയും കൂട്ടിക്കൊണ്ടു് ശേഖര്‍ വീട്ടിലെത്തി.
മാനസികമായി തകര്‍ന്ന ആ സഹോദരീ സഹോദരങ്ങളെ മാധവന്‍കുട്ടി ആവുന്നത്ര ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ആശ്വാസം കണ്ടെത്തുവാന്‍ അവര്‍ക്കു സാദ്ധ്യമായില്ല. ഒരു നാള് ശേഖര്‍ അനുകമ്പാര്‍ഹമായ സ്വരത്തില്‍ മാധവന്കുട്ടിയോടഭ്യര്ത്ഥിച്ചു. "മാനം നശിച്ച എന്റെ സഹോദരിയെ മാധവന്‍കുട്ടി വിവാഹം ചെയ്യാമോ?" ആ അഭ്യര്‍ത്ഥന മാധവന്‍കുട്ടി അംഗീകരിച്ചു. അങ്ങനെ സുധയും മാധവന്‍കുട്ടിയുമായുള്ള വിവാഹം നടത്തുവാന്‍ ശേഖര്‍ നിശ്ചയിച്ചു.
മാധവന്‍കുട്ടിക്കു ബന്ധുവായി ഒരമ്മാവനുണ്ടായിരുന്നു. അദ്ദേഹത്തിനൊരു മകളുണ്ടു്, നിര്‍മ്മല. പേരു പോലെ നിര്‍മ്മലയായ അവള് ജന്മനാ ഒരന്ധയായിരുന്നു. അവള് മാധവന്‍കുട്ടിയെ പ്രണയിച്ചിരുന്നു. ഒരന്ധയെങ്കിലും മുറപ്പെണ്ണായ നിര്‍മ്മലയെ മാധവന്‍കുട്ടി വിവാഹം ചെയ്യുമെന്നു് ആ അമ്മാവന് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയുമായി കഴിഞ്ഞിരുന്ന ആ നിര്‍ഭാഗ്യവാന്റെ അടുത്തേക്കാണു് മാധവന്‍കുട്ടിയും സുധയുമായുള്ള വിവാഹം നിശ്ചയമുറപ്പിച്ചു മുഹൂര്‍ത്തം കുറിക്കുവാന്‍ ശേഖര്‍ എത്തുന്നതു്. ആ മനഃക്ഷോഭം അയാളെ ഒരു രോഗിയാക്കിത്തീര്‍ത്തു.
സുധയുമായുള്ള വിവാഹം കഴിഞ്ഞു മധുവിധു ആഘോഷിക്കുവാന്‍ മാധവന്‍കുട്ടി ഉത്തരേന്ത്യയ്ക്കു യാത്ര തിരിച്ചു. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മാവന് മരിച്ചു. കര്മ്മങ്ങളനുഷ്ഠിക്കുവാനുള്ള ഏക അനന്തരവന് സ്ഥലത്തില്ല. മാധവന്‍കുട്ടിയുടെ അഭാവത്തില്‍ നിര്മ്മലയെക്കൊണ്ടു ചെയ്യിച്ചു. ഈ ചടങ്ങിനെല്ലാം മാധവന്‍കുട്ടിയെ പ്രതിനിധീകരിച്ചു ശേഖറും പങ്കെടുത്തു.
അനാഥയായ നിര്‍മ്മലയുടെ ഭാവി സംരക്ഷണവും ഒരു വലിയ പ്രശ്നമായി. ശേഖര്‍ ആ പ്രശ്നം പരിഹരിക്കുവാന്‍ സന്നദ്ധനായി. "മാധവന്‍കുട്ടി എന്റെ സഹോദരന് എന്ന പോലെ ഇന്നു മുതല്‍ നിര്‍മ്മല എന്റെ സഹോദരിയുമാണു്. ഞാനവളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നു."
വിദേശയാത്ര കഴിഞ്ഞു് മാധവന്‍കുട്ടിയും സുധയും മടങ്ങിയെത്തി. അമ്മാവന്റെ മരണവാര്‍ത്ത അറിഞ്ഞ മാധവന്‍കുട്ടി അത്യധികമായി ദുഃഖിച്ചു.
അമ്മാവന്റെ അടിയന്തിരവും കഴിഞ്ഞു് എസ്റ്റേറ്റിന്റെ ഭരണച്ചുമതലകള്‍ മാധവന്‍കുട്ടിയെ ശേഖര്‍ ഏല്‍പ്പിച്ചു. സുധയോടും നിര്മ്മലയോടുമൊത്തു മാധവന്‍കുട്ടി എസ്റ്റേറ്റു ബംഗ്ലാവിലേക്കു തിരിച്ചു. ആഴ്ചയിലൊരിക്കല്‍ ശേഖര്‍ അവിടെ എത്തും. നിര്‍മ്മലയെ കാണുന്നതാണു് മുഖ്യോദ്ദേശം. ഒരിക്കല്‍ ശേഖര്‍ മാധവന്കുട്ടിയോടു തുറന്നു പറഞ്ഞു "ഞാന്‍ നിര്‍മ്മലയെ വിവാഹം ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുന്നു" എന്നു്. അതു് കേട്ടു മാധവന്‍കുട്ടിയും അത്യധികം സന്തോഷിച്ചു. വിവാഹത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു.
ഒരു സായാഹ്നം സുധ തന്റെ ഒരു സ്നേഹിതയെ കാണുവാന്‍ കാറോടിച്ചു പോകവേ യാദൃശ്ചികമായി കാറിന്റെ ഒരു ടയര്‍ പഞ്ചറായി. സഹായത്തിനാരേയും കാണായ്കയാല്‍ അല്‍പ്പം അകലെ കണ്ട ബംഗ്ലാവിനെ ലക്ഷ്യമാക്കി നടന്നു. അവിടെ കാറു കിടപ്പുണ്ടായിരുന്നു. പക്ഷെ ആരെയും കാണാതിരുന്നതുകൊണ്ടു് ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന കോളിംഗ്ബെല്‍ അടിച്ചു. സ്വല്പം സമയത്തിനുള്ളില്‍ കതകു തുറന്നൊരു യുവാവു് പുറത്തേക്കു വന്നു. ഇരുവരും കണ്ടപ്പോള്‍ സ്തബ്ധരായി നിന്നുപോയി. അതു പഴയ രാജനായിരുന്നു.
രാജന് അവളെ അകത്തേക്കു ക്ഷണിച്ചു. സുധ തനിക്കു നേരിട്ട അത്യാഹിതം അറിയിച്ചു. ഉടന്‍ തന്നെ രാജന് തന്റെ ഡ്രൈവറെ വിളിച്ചു സുധയുടെ കാറിന്റെ ടയര്‍ ശരിയാക്കുവാന്‍ ഏര്‍പ്പാടു ചെയ്തു. സുധയ്ക്കു ദാഹത്തിനു കുടിക്കാന്‍ രാജന് ശീതളപാനീയം നല്കി. അതു കുടിച്ചു സുധയ്ക്കു ഒരു തലചുറ്റല്‍ തോന്നി. അവള് മയങ്ങിവീണു. നേരം വളരെ ഇരുട്ടിയിട്ടാണു് അവള് ഉണര്‍ന്നതു്. അവള്‍ക്കൊന്നും പിടികിട്ടുന്നില്ല. താന്‍ അര്ദ്ധനഗ്നയാണോ? മുഖവും ചുണ്ടുമാകെ നീറിപ്പുകയുന്നതു പോലെ. എണീറ്റിട്ടു കാലടികളുറയ്ക്കുന്നില്ല. വീണ്ടും വീഴുകയാണോ?
അര്ദ്ധരാത്രിയോടടുത്തു് വീട്ടിലെത്തിയ സുധ കിടക്കയിലേക്കു വീഴുകയായിരുന്നു. നേരം പുലര്‍ന്നു മാധവന്‍കുട്ടി ചോദിച്ചു "കൂട്ടുകാരിയുമായി സംസാരിച്ചു് ഇത്രയധികം ഇരുട്ടിയതെന്താ?" അവള് എന്തു പറഞ്ഞു രക്ഷപെടും? അന്നു വഴിക്കു വച്ചു മാധവന്‍കുട്ടിയെ കണ്ട ആ കൂട്ടുകാരി ചോദിച്ചു "എന്തേ സുധ ഇന്നലെ വാരാതിരുന്നതു്?" മാധവന്‍കുട്ടിയില്‍ സംശയത്തിന്റെ വിത്തുകള്‍ മുളച്ചു. അന്നു രാത്രി സൂധയോടു് മാധവന്‍കുട്ടി ചോദിച്ചു "ഇന്നലെ കൂട്ടുകാരിയെ കാണാന്‍ പോയിട്ടെവിടെയായിരുന്നു?"
മറുപടി - "ഞാന്‍ നിങ്ങളുമായി വിവാഹബന്ധം വേര്പെടുത്തുവാന് നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടിനിയൊന്നും ചോദിക്കരുതു്"
ചോദ്യം സാമദാനദണ്ഡങ്ങള് വരെയായിട്ടും സുധ അതില്‍ തന്നെ ഉറച്ചു നിന്നു. വിവരത്തിനു് ശേഖറിനു കത്തയച്ചു. കഥയറിയാതെ ഓടിയെത്തിയ ശേഖര്‍ കാണുന്ന കാഴ്ച? നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആര്‍ക്കും കാണുക സാദ്ധ്യമല്ല. ആ രംഗങ്ങള്‍ വെള്ളിത്തിരയില്‍.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം.
|
This page was generated on March 28, 2024, 9:41 pm IST | |