അച്ഛനെയും അനുജനെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന ഉഷ , അവൾ അറിയാതെ തന്റെ സഹപാഠിയായ വാസുദേവന്റെ ഗാനമാധുരിയിൽ ആകൃഷ്ടയായി. കോളേജ് വിദ്യാർത്ഥിനിയായ ഉഷയും സഹപാഠിയായ വാസുദേവനും യൂത്ത് ഫെസ്റ്റിവലിനെ പ്രതിനിധീകരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടു. ഈ സന്ദർഭം വാസുദേവന്റെ മനസ്സിൽ ഒരു പുതിയ ആശയം രൂപം കൊണ്ടു.യൂത്ത് ഫെസ്റ്റിവലിനെന്നും പറഞ്ഞ് വീട്ടിൽ നിന്നും തിരിച്ച് കോളേജിൽ എന്തെങ്കിലും ഒഴിവു കഴിവു പറഞ്ഞ് പട്ടണത്തിൽ പോയി രണ്ടു പേരും ഒരുമിച്ച് അവരുടെ പ്രേമം ഒന്ന് ആഘോഷിച്ച് മടങ്ങിപ്പോരാമെന്ന് !! അവൻ നിർബന്ധിച്ചപ്പോൾ ഉഷ ചെറുത്തു നിൽക്കുവാൻ ആവുന്നത്ര ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു !!
അങ്ങനെ അവർ പട്ടണത്തിലെത്തി. പട്ടണത്തിലെ നല്ലൊരു ഹോട്ടൽ തന്നെ അവർ അവരുടെ നർമ്മ സല്ലാപത്തിനായി തെരഞ്ഞെടുത്തു.ഹോട്ടൽ.. ദുശ്ശീലം പിടിച്ച ഹോട്ടൽ. ആ ഹോട്ടലിലെ ഒരു മുറിയിൽ ബാലൻ അയാളുടെ പതിവു ദുശ്ശീലം കേമമായി തന്നെ നടത്തുകയായിരുന്നു.അയാളുടെ സുഹൃത്തായിരുന്നു വേണു.മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായിരുന്ന ഇവർ ഉറ്റ ചങ്ങാതിമാരായിരുന്നു എന്ന് എടുത്തു പറയേണ്ടല്ലോ.വേണുവിന്റെയും ബാലന്റെയും മുറിയുടെ മുന്നിലൂടെ ഉഷയും വാസുദേവനും കടന്നു പോയപ്പോൾ വാസുദേവനെ എങ്ങനെയും ഭയപ്പെടുത്തി ഉഷയെ പാട്ടിലാക്കണമെന്ന് ബാലനൊരു മോഹം.ബാലൻ ഒരു നാടകം തന്നെ അഭിനയിക്കുവാൻ തീർച്ചപ്പെടുത്തി.ആ നാടകത്തിൽ വേണു ഒരു ഡി വൈ എസ് പി യുടെ വേഷം അയാൾ അറിയാതെ തന്നെ അഭിനയിക്കേണ്ടി വന്നു.വാസുദേവനെ ബാലൻ കീഴ്പ്പെടുത്തി , ഉഷയെ നശിപ്പിച്ചു.നിസ്സഹായനായ വാസുദേവനു കരയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല്ല.ഒടുവിൽ താൻ അറിയാതെ സംഭവിച്ച ആ ഒരു വലിയ തെറ്റു മൂലം വാസുദേവൻ പോലും അവളെ കൈ വെടിഞ്ഞു.ഉഷയെ സംബന്ധിച്ചിടത്തോളം അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കാത്ത സംഭവം .അവൾ ആകെ തളർന്നു.
നാട്ടിൽ മടങ്ങിയെത്തിയ ഉഷ ജീവിതത്തിന്റെ കൈയ്പ്പേറിയ ക്രൂരമായ മുഖങ്ങൾ കണ്ടു തുടങ്ങി. അവരുടെ ഒളിച്ചോട്ടം നാട്ടിൽ അങ്ങാടിപ്പാട്ടായി കഴിഞ്ഞു.അവളുടെ അച്ഛനും അനിയനും അവളെ നികൃഷ്ട ജന്തുവിനെപ്പോലെ വെറുത്തു.എന്നന്നേക്കുമായി എന്നെ മറന്നേക്കുക എന്ന അവസാന വാക്കുമായി ഇതിനിടയിൽ വാസുദേവൻ നാടു വിട്ടു. അതോടെ താൻ ഏകയായി എന്ന് ബോദ്ധ്യം വന്നപ്പോൾ ഒരു പ്രതികാരമെന്ന നിലയിൽ വീണ്ടും ജീവിക്കുവാൻ തന്നെ അവൾ തീരുമാനിച്ചു.സ്റ്റെല്ല ടീച്ചർ ഒരാശാകേന്ദ്രമായി അവളുടെ മനസ്സിൽ ഓടിയെത്തി.
സ്നേഹപൂർവം തന്നെ സ്റ്റെല്ല ടീച്ചർ അവളെ സ്വീകരിച്ചു. ആ ഹോസ്റ്റലിൽ അവൾ ആദ്യദിവസം പോലും അന്യയായിരുന്നില്ല. അവൾക്ക് ആ പട്ടണത്തിലെ ഒരു ഡ്രൈ ക്ലീനേഴ്സിൽ ജോലി വാങ്ങിക്കൊടുത്തത് പിടി കിട്ടാത്ത പ്രകൃതക്കാരിയായ ആ ഫിസിക്കൽ ഇൻസ്ട്രക്ടസ് ആയിരുന്നു.വേണു അവിടെ വരുമെന്നും അവളെക്കാണുമെന്നും ഉഷ തീരെ പ്രതീക്ഷിച്ചിരുന്നതല്ല.പക്ഷേ വേണു വന്നു. അവളെ കണ്ടു.എന്നു മാത്രമല്ല പശ്ചാത്താപത്തോടു കൂടി അനുകമ്പയോടു കൂടി ഉഷയുടെ ജീവിതത്തെ വീണ്ടും പച്ച പിടിപ്പിക്കുവാനുള്ള അയാളുടെ ആഗ്രഹം വെളിപ്പെടുകയും ചെയ്തു. ഇക്കാര്യം സ്റ്റെല്ല ടീച്ചർ പറഞ്ഞപ്പോൾ ഉഷ ചീറിക്കൊണ്ടു പറഞ്ഞത് ആറു മാസം കൂടി കഴിയട്ടെ.അയാൾക്ക് ഒരു കുഞ്ഞിനെ ഞാൻ നൽകാം.അതിനോടു കാട്ടട്ടെ അയാളുടെ സഹതാപം എന്നായിരുന്നു. അതെ , അവൾ ഗർഭിണിയാണ്. ബാലന്റെ ബീജം അവളിൽ അനുദിനം വളരുകയാണ്
ഗർഭിണിയായ അന്യന്റെ കുഞ്ഞിന്റെ അമ്മയായ അവളെ വേണു ഭാര്യയായി സ്വീകരിക്കുമോ ? വേണുവിന്റെ ഭാര്യയാകാൻ ഉഷ സന്നദ്ധയാകുമോ ? അതിനുള്ള ഉത്തരം നിങ്ങൾക്ക് വെള്ളിത്തിര നൽകും !
കടപ്പാട് : പാട്ടു പുസ്തകം