കോളേജ് വിട്ട ശേഷം മോഹൻ , ഭാസ്കരൻ മുതലാളിയുടേ കീഴിൽ ജോലി നോക്കുന്നു.മുതലാളിയുടേ കാര്യസ്ഥനായ നാരായണ പിള്ള , തന്റെ മകൾ ഉമയെ കുടിയനായ മുതലാളിയുടെ ഇംഗിതത്തിനു വഴങ്ങാൻ പ്രേരിപ്പിക്കുന്നു.മുരളി ഒരു ദിവസം ഉമയ്ക്ക് അഭയം കൊടുക്കുന്നുവെങ്കിലും നാരായണപിള്ള അവളെ വീണ്ടെടുത്തു മുതലാളിക്കു കാഴ്ച വെയ്ക്കുന്നു.ഭാസ്കരൻ മുതലാളിയുടെ ദുഷ് പ്രവൃത്തികൾ കണ്ടു മനം നൊന്ത മോഹൻ ജോലി രാജി വെയ്ക്കുന്നു. മോഹൻ ഒരു ജൂനിയർ എഞ്ചിനീയറായി മറ്റൊരിടത്തു ജോലിയിൽ പ്രവേശിക്കുന്നു.ഒരു വേലക്കാരിയായി ഉമയും അയാളെ അനുഗമിക്കുന്നു. കാലക്രമത്തിൽ ഉമ ഗർഭിണിയാണെന്ന കാര്യം മനസ്സിലാകുന്നു.അതിനുത്തരവാദി ഭാസ്കരൻ മുതലാളിയാണെന്ന് അറിയാമെങ്കിലും ഉമയും താനുമായുള്ള ബന്ധത്തെപ്പറ്റി പൊതുജനങ്ങളുടെ അപവാദത്തിനു ഒരു അറുതി വരുത്താനായി മോഹൻ ഉമയെ വിവാഹം ചെയ്യുന്നു.തന്റെ ജോലി സംബന്ധമായ കാര്യങ്ങളിൽ മോഹൻ വളരെ കണിശക്കാരനായിരുന്നു.അങ്ങനെയിരിക്കെ തന്റെ ഒരു കീഴ് ജീവനക്കാരൻ കൈക്കൂലി മേടിച്ചതിനു അയാളെ ശിക്ഷിക്കാൻ നിർവാഹമില്ലാത്ത പരിതസ്ഥിതിയിൽ മോഹൻ ഈ ജോലിയും രാജി വെയ്ക്കുന്നു.
ഭാഗ്യവശാൽ മോഹനു പി ഡബ്ലിയു ഡി യിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ലഭിക്കുന്നു. അതേ സ്ഥലത്ത് അയാളുടെ പഴയ സുഹൃത്തായ മുരളി ഡിവിഷണൽ എഞ്ചിനീയറായി എത്തിച്ചേരുന്നു. കൂടെ ഭാര്യ പ്രമീളയുമുണ്ട്.
മുരളിയും മോഹനും ഉദ്യോഗകാര്യങ്ങൾക്കായി മറ്റൊരു സ്ഥലത്തേക്കു പോകുമ്പോൾ ഉമയേയും മകൾ വിനുവിനെയും പ്രമീളയെ ഏല്പ്പിച്ചു പോകുന്നു. ആ സന്ദർഭത്തിൽ മുരളിയുടെ ഒരു പഴയ സുഹൃത്തായ ചന്ദ്രൻ അവിടെ എത്തിച്ചേരുകയും പ്രമീളയുമായുള്ള തന്റെ ബന്ധം പുനസ്ഥാപിക്കാൻ ഒരുമ്പെടുകയും ചെയ്യുന്നു. ഇതു കണ്ട ഉമ പ്രമീളയെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. തീവണ്ടി കിട്ടാതെ വീട്ടിലേക്ക് മടങ്ങിയെത്തിയ മുരളി , ചന്ദ്രനെ കണ്ടു മുട്ടുന്നു. പ്രമീള തന്റെ ആത്മരക്ഷക്കു വേണ്ടി , ചന്ദ്രൻ ഉമയെ കാണാൻ വന്നതാണെന്ന് കള്ളം പറയുന്നു. വാതില്ക്കൽ മറഞ്ഞിരുന്ന മോഹൻ ഇതെല്ലാം കേട്ടു കൊണ്ടിരിക്കുകയാണ്……. ശേഷം വികാരോജ്ജ്വലമായ സംഭവപരമ്പരകൾ വെള്ളിത്തിരയിൽ
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : പാട്ടുപുസ്തകം