കഥാസാരം :
പട്ടാളത്തില്‍ നിന്നും തിരിച്ചു വന്ന അപ്പു ലോറി ഡ്രൈവറായി ജോലി നോക്കിവന്നു. കുട്ടികളെ ലോറിയില്‍ കയറ്റി എന്ന നിസ്സാര കുറ്റത്തിനു് മുതലാളി പിരിച്ചുവിട്ടു. അപ്പുവിനു് പ്രായം ചെന്ന അമ്മയും ഒരു കൊച്ചു സഹോദരിയും ഉണ്ടു്. അപ്പുവിന്റെ മറ്റൊരു സഹോദരി അയാള്‍ പട്ടാളത്തിലായിരുന്നപ്പോള്‍ അകാലചരമം അടഞ്ഞു. അവളുടെ മരണത്തിനു പിന്നില്‍ സ്ഥലത്തെ ധനാഢ്യനായ ചിട്ടിക്കാരന് മുതലാളിയുടെ കൈകള്‍ ഉണ്ടെന്നു് നാട്ടുകാര്‍ സംശയിച്ചിരുന്നു. അപ്പുവും അതു് വിശ്വസിച്ചിരുന്നു. ചിട്ടിക്കാരന് മുതലാളിയുടെ മകളെ നൃത്തം പഠിപ്പിക്കുവാന്‍ ചെല്ലാറുണ്ടായിരുന്ന ശാരദ അയാളുടെ വലയില്‍ വീണു് ഗര്‍ഭവതിയായി. ആ അപമാനത്തില്‍ നിന്നും രക്ഷപെടുന്നതിനു് വേണ്ടി മരിച്ചുവെന്നാണു് ജനസംസാരം.
അപ്പു ഒരു ദിവസം ഗീതയെന്ന കോളേജു്കുമാരിയെ കണ്ടുമുട്ടി. അവളുടെ ആകാരസുഷമയില് ആകൃഷ്ടനായി പ്രേമഗാനവുമായി അടുത്തുകൂടി. ഗീതയ്ക്കും പുഷ്പശരത്തിന്റെ പ്രഹരം ഏറ്റിരുന്നു. അവര്‍ കൂടുതല്‍ അടുത്തു. അപ്പു ഗീതയുടെ അച്ഛന്റെ ഡ്രൈവറായി കൂടി. അങ്ങിനെ ആ കാമുകീകാമുകന്മാര് എന്നും കണ്ടും മിണ്ടിയും കഴിഞ്ഞു. ഗീത ഗര്ഭവതിയുമായി.
ഒരു ദിവസം ഗീതയെ കാണാനില്ലെന്നു അച്ഛനു് മനസ്സിലായി. മകള്‍ കാമുകനുമൊത്തു് ഒളിച്ചോടിപ്പോയി. പക്ഷെ അപ്പു വീണ്ടും ഡ്രൈവറായി സ്ഥലത്തുതന്നെയുണ്ടു്. മതലാളിയുടെ മറ്റൊരു ദ്രോഹത്തിന്റെ അപശിഷ്ടമായി ഭ്രാന്തിയായി അലഞ്ഞുതിരിയുന്ന കല്ല്യാണി ഒരു മകളുമായി പ്രതികാരത്തിനു് അവസരം നോക്കി നടക്കുകയാണു്.
ഗീതയെ അപ്പു ഒരനാഥാലയത്തില്‍ കൊണ്ടാക്കിയിട്ടു് ഉപേക്ഷിച്ചു പോന്നുവെന്നു് അവള്‍ക്കു തോന്നത്തക്കവിധം യാത്രപറഞ്ഞു പിരിഞ്ഞു പോന്നതായിരുന്നു. അപ്പുവിന്റെ മുതലാളി പഴയ ചിട്ടിക്കാരന് മുതലാളി തന്നെ ആയിരുന്നു. അപ്പു പ്രതികാരം കാട്ടിയതു് ഈ വിധത്തിലായിരുന്നു. മുതലാളിയുടെ ചതിയില്‍പ്പെട്ടും കാമവികാരത്തിനു് ബലിയായും യാതന അനുഭവിക്കേണ്ടിവന്ന എല്ലാവരെയും ഒന്നിച്ചുകൂടി ആയാളോടു് പ്രതികാരം ചെയ്യാന്‍ അപ്പു മാളികമുറ്റത്തു് എത്തുന്നു. ഈ സന്ദര്‍ഭത്തില്‍ മട്ടുപ്പാവില്‍ വന്നു നിന്ന മുതലാളിയുടെ പുറകില്‍ എങ്ങിനെയോ എത്തിയ ഭ്രാന്തിയായ കല്ല്യാണിയുടെ കുത്തേറ്റു് മുതലാളി താഴേയ്ക്കു് വീണു മൃതിയടയുന്നു.
പ്രതികാരം ചെയ്തുകഴിഞ്ഞുവെന്നു തോന്നിയ അപ്പു ഗീതയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുവന്നു് മുതലാളി അനര്‍ഹമായി സമ്പാദിച്ച മുതല്‍ അനാഥാലയത്തിനും സാധുക്കള്‍ക്കുമായി വിതരണം ചെയ്യുന്നതോടുകൂടി ഈ കഥയവസാനിക്കുന്നു.
തിക്കുറിശ്ശി, കുമാരി, കുഞ്ഞുകുഞ്ഞുഭാഗവതര്‍, എസു്. പി. മാത്തപ്പന്, ജോസു്പ്രകാശു്, ഓമന, സുലോചന, സേതുലക്ഷ്മി, അടൂര്‍പങ്കജം, ഭവാനി, തങ്കം, കമലാക്ഷി, നാരായണനാശാന്‍ എന്നിവര്‍ ആണു് ഈ ചിത്രത്തില്‍ അഭിനയിച്ചതു്. കൊച്ചു നടീനടന്മാരായി ശാന്ത, ഗീത, പൊന്നി, സുമംഗല, രാധാകൃഷ്ണന്, കുഞ്ഞച്ചന്, ബേബി എന്നിവരും. ചിത്രം എഡിറ്റു് ചെയ്തതു് എസു്. വില്യംസു്. രാധാകൃഷ്ണാഫിലിംസു് ഈ ചിത്രം വിതരണം ചെയ്തു.
ഈ ചിത്ര തിക്കുറിശ്ശി സുകുമാരന്‍ നായരും ശ്രീ വി. എ. റെയിനോള്ഡു് സഹകരിച്ചു സംവിധാനം ചെയ്തതാണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |