പി. ബി. മണിയം ഛായാഗ്രഹണവും, ടി. ആര്. ശ്രീനിവാസലു ചിത്രസംയോജനവും, മോഹന്‍ വേഷവിധാനവും, കാസിം വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ച ചിത്രത്തില്‍ സത്യന്, തിക്കുറിശ്ശി, അടൂര്‍ ഭാസി, ആദിത്യന്, മുതുകുളം രാഘവന് പിള്ള, ശാന്തി, ഉഷാകുമാരി, ജോളി, ടി. ആര്. ഓമന, നളിനി, പ്രേമകുമാരി, പാര്‍വ്വതി എന്നിവര്‍ മുഖ്യവേഷമിട്ടു.
കഥാസാരം :
സ്ക്കൂളില്‍ പോകുന്ന പല പിഞ്ചുകുഞ്ഞുങ്ങളും വീടുകളില്‍ തിരിച്ചു വരാതായി. നാട്ടിലാകെ പരിഭ്രാന്തിയും ഭയവും അമ്പരപ്പും വര്‍ദ്ധിച്ചു. മാതാപിതാക്കള്‍ വാവിട്ടുകരഞ്ഞു. അധികാരികള്‍ തല പുകഞ്ഞു് ആലോചന തുടങ്ങി. ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ഭീകരസംഘം വനാന്തര്ഭാഗത്തു് താവളമടിച്ചിരുന്നു.
കുറ്റാന്വേഷണ വിദഗ്ദ്ധനായ രാധാകൃഷ്ണന് നാടിനു് നേരിട്ട ഈ വിപത്തില്‍ മനംനൊന്തു വേദനിച്ചു. ജീവന് ബലിയര്‍പ്പിച്ചും പ്രശ്നത്തിനു് പരിഹാരം കാണുമെന്നും കുറ്റവാളികളെ കണ്ടുപിടിച്ചു് ജനസമക്ഷം ഹാജരാക്കുമെന്നും ആ ധീരോദാത്തന്‍ പ്രതിജ്ഞ ചെയ്തു. തന്റെ പ്രതിജ്ഞ നിറവേറ്റാനായി രാധാകൃഷ്ണന് വനാന്തര്ഭാഗങ്ങളിലേക്കു് ഒറ്റയ്ക്കു് പോകുവാന്‍ തീരുമാനിച്ചു. രാധാകൃഷ്ണന്റെ സഹപാഠിയും നിമിഷംതോറും കക്ഷിമാറുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനുമായ ഉണ്ണി കൂടി രാധാകൃഷ്ണനെ അനുഗമിച്ചു. വന്യമൃഗങ്ങള്‍, രക്തദാഹികളായ മുതലകള്‍, ഉഗ്രവിഷവാഹികളായ പാമ്പുകള്‍ എല്ലാം നിറഞ്ഞ ആ ഘോരവനത്തില്‍ ഇവയോടെല്ലാം മല്ലിട്ടു് രാധാകൃഷ്ണനും ഉണ്ണിയും മുന്നോട്ടു് നീങ്ങി.
ആ അത്യുഗ്രവനത്തില് ഒരു കാട്ടുസുന്ദരിയുണ്ടു്. കള്ളിപ്പെണ്ണു്. മരത്തിനുമുകളില്‍ കയറി ഉന്നം തെറ്റാതെ അസ്ത്രംവിടുന്ന ഒരപ്സരസ്സു്. അവള്‍ക്കു് ഒരു കൂട്ടുകാരിയുമുണ്ടു്. അവളുടെ പേരാണു് കറുത്തി. കള്ളിപ്പെണ്ണിന്റെ അച്ഛന് കാട്ടുജാതിക്കാരുടെ നേതാവാണെങ്കിലും നാട്ടുകാരനാണു്. കള്ളിപ്പെണ്ണും കാടിന്റെ സന്തതിയല്ല. അവളുടെ അമ്മ നാട്ടിലെ ഏറ്റവും സൗന്ദര്യവതിയായിരുന്നു. മാന്യനായ ഒരു ദുഷ്ടന്റെ മൃഗിയതകൊണ്ടവള്ക്കു് ജീവിതം വെടിയേണ്ടിവന്നു. അവരുടെ മരണത്തോടെ നാടിനേയും നാട്ടുകാരേയും വെറുത്തു് കൈക്കുഞ്ഞായിരുന്ന കള്ളിപ്പെണ്ണിനേയും എടുത്തുകൊണ്ടു് അയാള്‍ കാട്ടിലെത്തിയതാണു്. നാട്ടില്‍ നിന്നും ആരു തന്നെയായാലും കാട്ടിലെത്തിയാല്‍ അമ്പെയ്തു് കൊന്നുകളയണമെന്നാണു് അയാളുടെ ഉഗ്രമായ കല്‍പ്പന.
രാധാകൃഷ്ണനും ഉണ്ണിയും മരണത്തില്‍ നിന്നും ഒരു വിധം രക്ഷപെട്ടു് കാട്ടിലെ നേതാവിന്റെ അടുത്തെത്തി. അയാള്‍ അവര്‍ക്കു് വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കൊള്ളക്കാരെ കണ്ടുപിടിക്കാന്‍ തന്റെ മകളെ കൂടെ അയക്കാനും അയാള്‍ തയ്യാറായി. ആപത്തുകളെ നേരിട്ടുകൊണ്ടു് അവര്‍ കാട്ടുറാണിയായ കള്ളിപ്പെണ്ണിന്റെ സന്നിധാനത്തിലെത്തി. അഭ്യാസികളായ തന്റെ അനുചരന്മാരെ അവള് അവര്‍ക്കു് വിട്ടുകൊടുത്തു. കൊള്ളക്കാരുടെ താവളം തേടി എല്ലാരും ചേര്‍ന്നു് പുറപ്പെട്ടു.
രാധാകൃഷ്ണന്റെ രൂപം കള്ളിപ്പെണ്ണിന്റെ ഹൃദയത്തില്‍ പതിഞ്ഞു. പക്ഷെ പുരുഷസ്പര്ശനമേല്ക്കാതെ കാട്ടില്‍ ചെങ്കോലാളുന്ന ആ കാട്ടുറാണിയില് എന്തോ ഒരു ശോകഛായ രാധാകൃഷ്ണനു് കാണുവാന്‍ കഴിഞ്ഞു. കാരണം പ്രഗത്ഭരും ധര്മ്മനിരതരെന്നും ഏവരും വിശ്വസിച്ചിരുന്ന പല നാട്ടുപ്രമാണിമാരും ആ കള്ളസംഘത്തിലുണ്ടായിരുന്നു. കൊള്ളക്കാര്‍ പ്രതികാരത്തിനു് തയ്യാറായി. രാധാകൃഷ്ണന്റെ കൊച്ചനുജനെ അവര്‍ അപഹരിച്ചു് നാട്ടില്‍ നിന്നും കാട്ടില്‍ കൊണ്ടുവന്നു. പക്ഷെ ആ കൊച്ചുമിടുക്കന് അവരുടെ വലയം ഭേദിച്ചു് രക്ഷപെട്ടു് നാട്ടിലെത്തി വിവരം പോലീസിലറിയിച്ചു. ഇതിനിടയില്‍ രാധാകൃഷ്ണനും കൂട്ടരും കൊള്ളസംഘത്തിന്റെ താവളം വളഞ്ഞു
അത്യുഗ്രമായ സംഘട്ടനങ്ങള്‍ രാധാകൃഷ്ണനും കൊള്ളസംഘവുമായി നടന്നുകൊണ്ടിരിക്കവേ അയാളുടെ കൊച്ചനുജന് സുശക്തമായ പോലീസു് വിഭാഗവുമായി എത്തി. തുടര്‍ന്നു നടന്ന ഭയങ്കരമായ പോരാട്ടത്തില്‍ കൊള്ളസംഘത്തില്‍ പെട്ടവരില്‍ പലരും മൃത്യുവിനു് ഇരയായി. ബാക്കിയുള്ളവരെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍