ഗാനഗന്ധര്വ്വന് യേശുദാസു് പാടുകയും അഭിനയിക്കുകയും ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും ശ്രീ പി എ തോമസു് ആണു്. ഐതീഹ്യമാലയിലെ കഥയ്ക്കു് ജഗതി എന്‍ കെ ആചാരി സംഭാഷണമെഴുതി. പി ഭാസ്ക്കരനും അഭയദേവും ഗാനങ്ങള്‍ രചിച്ചു. ചിദംബരനാഥന് അവയ്ക്കു് ഈണം പകര്‍ന്നു. ഇതിലെ ഏഴു് ഗാനങ്ങള്‍ യേശുദാസു്, എസു് ജാനകി, കമുകറ പുരുഷോത്തമന് , വസന്ത എന്നിവര്‍ പിന്നണിയില്‍ പാടി. ശ്യാമള രേവതി ഗോള്‍ഡണ്‍ എന്നീ സ്റ്റുഡിയോകളിലായി പി ബി മണിയം ഛായാഗ്രഹണം നിര്‍വ്വഹിച്ച പ്രസ്തുത ചിത്രത്തില്‍ സത്യന് , യേശുദാസു്, തിക്കുറശ്ശി, കെ പി ഉമ്മര്‍ , അടൂര്‍ ഭാസി, മണവാളന് ജോസഫു്, കടുവാക്കുളം അന്റണി, ഒ രാംദാസു്, കെടാമംഗലം അലി, മാസ്റ്റര്‍ ലത്തീഫു്, ഉഷാകുമാരി, കമലാദേവി, സുകുമാരി, നളിനി, റ്റി ആര് ഓമന, ലക്ഷ്മി, പാര്‍വ്വതി, സരസ്വതി എന്നിവര്‍ അഭിനയിച്ചു.
പട്ടിണികൊണ്ടു വിഷമിച്ച എട്ടു വയസ്സുള്ള കൊച്ചുണ്ണി അമ്മയേയും അനുജത്തിയേയും പോറ്റാന്‍ വേലതേടി വീടു് വിട്ടിറങ്ങി. ഒരു പീടികക്കാരന് ജോലി നല്കി. അമ്മയുടെ മരണശേഷം അവന് അനുജത്തിയെ തോളിലിട്ടു് ലാളിച്ചു വളര്‍ത്തി. പൊന്നാനിയില്‍ നിന്നു വന്ന ഒരു കളരിപ്പയറ്റാശാന്റെ ശിഷ്യനായി കൂടാന്‍ പണമില്ലാതെ വിഷമിച്ച കൊച്ചുണ്ണി മരത്തില്‍ കയറി ഒളിച്ചിരുന്നു് അഭ്യാസങ്ങള്‍ കണ്ടുപഠിച്ചു. ഒരു രാത്രി മരക്കൊമ്പു് ഒടിഞ്ഞു് ആശാന്റെ മുന്നില്‍ വീണ അവന്റെ രഹസ്യപഠനത്തിന്റെ അളവു് പരിശോധിക്കാന്‍ ആശാന് ശിഷ്യരില്‍ ഒരുവനെ നിയോഗിച്ചു. കൊച്ചുണ്ണി അവിടെ പഠിപ്പിച്ച വിദ്യ മുഴുവന്‍ അഭ്യസിച്ചുകഴിഞ്ഞു എന്നു് മനസ്സിലാക്കി സന്തോഷിച്ച ആശാന് അവനെ ശിഷ്യനായി അംഗീകരിച്ചു. കടയിലെ ജോലിയ്ക്കു് വീഴ്ചവരുത്താതെ വിദ്യകള്‍ അഭ്യസിച്ചു. താക്കോലില്ലാതെ അഭ്യാസമുറയില്‍ പീടികയില്‍ കയറിയ കുറ്റത്തിനു് ആ പണിയില്‍ നിന്നും പുറംതള്ളപ്പെട്ടു.
ഉപജീവനത്തിനു് മാര്‍ഗ്ഗമില്ലാതായപ്പോള്‍ അല്‍പ്പാല്‍പ്പമായി കളവും കൊള്ളയും ആരംഭിച്ചു. പണക്കാരില്‍ നിന്നും സ്വത്തു് അപഹരിച്ചു് ആവശ്യക്കാരായ പാവപ്പെട്ടവര്‍ക്കു് കൊടുക്കുന്ന നല്ലവനായ കള്ളനായി കൊച്ചുണ്ണി വളര്‍ന്നു. ഒരു നാള് തന്റെ അനുയായികളായ വാവയുടേയും മൊയ്തുവിന്റേയും പിടിയില്‍പെട്ട സുറുമാക്കാരന് ഖാദറെ കൊച്ചുണ്ണി രക്ഷിച്ചു. അവനോടു് ഇഷ്ടം തോന്നുകയാല്‍ വീട്ടിലേയ്ക്കു് ക്ഷണിച്ചുപചരിച്ചു. കൊച്ചുണ്ണിയുടെ സഹോദരി നബീസ ആ യുവവ്യവസായിയില്‍ അനുരക്തയായി. കൊച്ചുണ്ണിയുടെ ഭാര്യ അയിഷ ആ ബന്ധത്തിനു് അനുകൂലിച്ചു. ആ വിവാഹം നടന്നു.
തിരുവനന്തപുരം കൊട്ടാരം അടിച്ചുതളിക്കാരിയായിരുന്ന വാഴപ്പള്ളി ജാനകി കായംകുളത്തു് വന്നു് താമസമാക്കി. പ്രൗഢയായ അവളുടെ കടക്കണ് പ്രയോഗത്തില്‍ മയങ്ങാത്ത പുരുഷന്മാര് ചുരുക്കമായിരുന്നു. ഉദ്യോഗസ്ഥന്മാര് മുതല്‍ പൗരപ്രമാണികള്‍ വരെ അവളുടെ ചൊല്‍പ്പടിയിലായിരുന്നു.
മേലാവിന്റെ ഉത്തരവനുസരിച്ചു് കൊച്ചുണ്ണിയെ പിടിക്കുവാന്‍ നിയുക്തനായ തഹസ്സില്ദാരും കൂട്ടരും വാഴപ്പള്ളി ജാനകിയുടെ സഹായം തേടി. കൊച്ചുണ്ണിയെ കാവലിനു് വിളിച്ച ജാനക ചതിവില്‍ അവനെ പിടിച്ചുകെട്ടാന്‍ പോലീസു്കാര്ക്കു് അവസരം ഉണ്ടാക്കിക്കൊടുത്തു. ജയിലാക്കപ്പെട്ട കൊച്ചുണ്ണി തടവു് ചാടിവന്നു് ജാനകിയേയും ജാരനേയും വധിച്ചു. അതിനു് ശേഷം സ്വയം ഹാജരായി ശിക്ഷയ്ക്കു് വിധേയനാകുകയും ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|