ശാന്തിഭവനിലെ മാധവന്‍പിള്ളയുടെ മകന് രവി അച്ഛന്റെ ഇഷ്ടപ്പകാരം സാധുവായ ശങ്കുപിള്ളയുടെ മകള്‍ രമയെ വിവാഹം കഴിച്ചു. മാധവന്‍പിള്ളയുടെ ഭാര്യ കല്യാണിയമ്മയും മകള്‍ വിമലയ്ക്കും ഈ ബന്ധം ഇഷ്ടപ്പെട്ടില്ല. അമ്മായിയമ്മയും നാത്തൂനും രമയെ കണക്കിലേറെ ദ്രോഹിച്ചു. രവി ഉപരിപഠനത്തിനു് വിദേശത്തു് പോയതോടെ ആ ദ്രോഹം ഉഗ്രരൂപം പൂണ്ടു.
ധൂര്‍ത്തനും ദുര്മ്മാര്ഗ്ഗിയുമെങ്കിലും സുന്ദരനും സമര്‍ത്ഥനുമായ ഗോപി മകളുടെ ഭര്‍ത്താവായി പരിണമിക്കട്ടെ എന്നു കരുതി അവനെ സ്വതന്ത്രമയി വിമലയുമായി വിഹരിക്കുവാന്‍ കല്ല്യാണിയമ്മ അനുവദിച്ചു. സ്ത്രീലമ്പടനായ ഗോപി സിനിമാക്കമ്പനിയെന്ന പേരും പറഞ്ഞു് ശാന്തിഭവനത്തിലെ സ്വത്തു് ധൂര്‍ത്തടിച്ചു. ഗോപിയുടെ വിടനേത്രങ്ങള് സുന്ദിരയായ രമയില്‍ പതിഞ്ഞു. അവള് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ കാര്യസ്ഥനായ ഗോപാലന്നായരുമായി അവള് അവിഹിത ബന്ധം പുലര്ത്തുന്നുവെന്നു് പറഞ്ഞുപരത്തുകയും ഏതോ ഒരപരിചിതനുമൊത്തു് അവള് നില്ക്കുന്ന ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. പ്രേയസിയുടെ ചാരിത്രശുദ്ധിക്കെതിരായ കുപ്രചരണത്തില്‍ കുടുങ്ങി ക്ഷുഭിതനായി രവി നാട്ടിലേയ്ക്കു വരുന്നു. ഇതിനകം രമയെ ബലാല്ക്കാരം ചെയ്യാന്‍ ശ്രമിക്കുന്ന ഗോപിയുടെ തനിനിറം മനസ്സിലാക്കി വിമല വലിയ കോളിളക്കം സൃഷ്ടിച്ചു. ശാന്തിഭവനത്തിലെ പണവും ശാന്തതയും നശിപ്പിച്ച ഗോപി ഒടുവില്‍ കൈത്തോക്കുമായി മുന്നേറി നിറയൊഴിച്ചതു് രമയുടെ നേര്‍ക്കാണെങ്കിലും വെടിയേറ്റതു് വിമലയ്ക്കാണു്. വിമലയുടെ അകാലചരമം ആ കുടുംബത്തിനെ ബാധിച്ച കാര്‍മേഘം നീക്കി. ശാന്തിഭവനില്‍ ശാന്തതയും സമാധാനവും കളിയാടി. രവിയ്ക്കും രമയ്ക്കും ജീവിതസുഖം അനുഭവിക്കുവാന്‍ വഴിയൊരുക്കുകയും ചെയ്തു.
ശ്രീ പോള്കല്ലുങ്കലിന്റെ ഉടമസ്ഥതയിലുള്ള എം. പി. പ്രൊഡക്ഷന്‍സിന്റെ ഈ ചിത്രം ഡയറക്ടു് ചെയ്തതു് ശ്രീ എസു്. കെ. ചാരിയാണു്. അഭയദേവു് എഴുതിയ 9 ഗാനങ്ങള്‍ക്കു് ഈണം നല്കിയതു് പി. എസു്. ദിവാകരനാണു്. ജിക്കിയും, രേവമ്മയും, പൊന്നമ്മയും, സബാസ്റ്റ്യന്‍ ജോസഫും, പ്രസാദറാവുവും, പി. എ. തോമസും കൂടി പിന്നണിഗാനങ്ങള്‍ പാടി.
അബ്ദുള്‍ഖാദര്‍ (പ്രേംനസീര്‍ ) ഈ ചിത്രത്തിലാണു് ആദ്യമായി അഭിനയിച്ചതു്. കെടാമംഗലം സദാനന്ദന്, ടി. എസു്. മുത്തയ്യ, എസു്. ജെ. ദേവു്, കോമളം, രേവതി, അമ്മിണി, സുശീല, വിജയലക്ഷ്മി എന്നിവരാണു് ചിത്രത്തില്‍ അഭിനയിച്ചതു്.
1952ല്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍