ഗോദവർമ്മയും ദേവകിത്തമ്പുരാട്ടിയും അജയന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ പല വഴികളും ആലോചിച്ചു.കോടീശ്വരനായ ആദിനാരായണൻ തമ്പിയുടെ മകളെക്കൊണ്ട് അജയനെ വിവാഹം കഴിപ്പിക്കാൻ ഉറപ്പിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ അജയനെ വധിച്ച് സ്വത്തുക്കൾ കൈക്കലാക്കാൻ അവർ തീരുമാനിച്ചു.ഇതറിഞ്ഞ അജയൻ ആരുമറിയാതെ ആ കൊട്ടാരം ഉപേക്ഷിച്ച് നാടുവിട്ടു.
ബി എ വരെ പഠിച്ച വിജയൻ എന്ന ഒരു യുവാവ് ജോലി അന്വേഷിച്ച് വീടു വിട്ടിറങ്ങി.സിനിമയിൽ അഭിനയിക്കാൻ വരെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാദൃച്ഛികമായി പട്ടണത്തിൽ വെച്ച് അവൻ ഒരു കള്ളനിൽ നിന്നും നന്ദിനിയെ രക്ഷിക്കുന്നു.അജയനും വിജയനും രൂപസാദൃശ്യമുള്ളതു കൊണ്ട് വിജയനെ അജയനാണെന്ന് ധരിച്ച് നന്ദിനി അവളുടെ ബംഗ്ലാവിൽ വിളീച്ചു കൊണ്ടു പോകുന്നു. സുഭിക്ഷമായ ഭക്ഷണവും സുഖമായ താമസവും വിജയനെ അവിടേ താമസിപ്പിക്കുവാൻ പ്രേരിപ്പിച്ചു.സിനിമാഭ്രമം പിടിച്ച വിജയൻ തന്റെ സ്നേഹിതനായ രാജപ്പനെ പട്ടണത്തിൽ വെച്ച് കണ്ടു മുട്ടുന്നു.
കൊട്ടാരം വിട്ട അജയൻ നടന്നു ക്ഷീണിച്ച് ബോധരഹിതനായി വഴിയിൽ വീണു.ആ വഴി വന്ന രാധികയും അച്ഛൻ രാഘവൻ നായരും അജയനെക്കണ്ട് വിജയനാണെന്ന് ധരിച്ച് വീട്ടിൽ കൊണ്ടു വരുന്നു.നാടു വിട്ട വിജയനാണിതെന്ന് അമ്മ ഗോമതിയമ്മയും ധരിക്കുന്നു.അമ്മയുടെ സ്നേഹവും രാധികയുടെ പെരുമാറ്റവും, ഗ്രാമത്തിന്റെ മനോഹാരിതയും അജയനെ ഒരു പുരുഷനാക്കി മാറ്റി.
വിജയനും നന്ദിനിയും പ്രേമബദ്ധരാവുന്നു. താൻ ആരാണെന്ന ബോധം വിജയനെ എപ്പോഴും അലട്ടിയിരുന്നതു കൊണ്ട് വിവാഹത്തിനു അവൻ വിസമ്മതിക്കുന്നു. അങ്ങനെയിരിക്കെ ഗോദവർമ്മ, അജയൻ നന്ദിനിയുടെ വീട്ടിലുണ്ടെന്നറിഞ്ഞ് വിജയനെ കൊട്ടാരത്തിൽ കൊണ്ടു വരുന്നു. ചാട്ടവാറു പൊക്കിയ ഗോദവർമ്മക്ക് വിജയനിൽ നിന്നും തിരിച്ച് അടി കിട്ടി.അയാൾ നിലത്തു കിടന്ന് പുളയുന്നതു കണ്ട് കൊട്ടാരം പോലും പകച്ചു നിന്നു.തന്റെ സഹോദരൻ ഒരു പുരുഷനായി മാറിയതിലുള്ള സന്തോഷവും , ഭർത്താവ് സഹോദരനിൽ നിന്നും അടി കൊണ്ട് പുളയുന്നതു കണ്ടുള്ള വേദനയും അവരെ ഒരേ സമയത്ത് വല്ലാതെ അലട്ടി.ഗോദവർമയ്ക്ക് ആ കൊട്ടാരത്തിൽ ഒരു സ്ഥാനവുമില്ലാതെയായി.അയാൾ മിനിയെയും കൊണ്ട് പിണങ്ങിപ്പോയതോടെ സുശീല കൂടുതൽ അസ്വസ്ഥയായി.ഭർത്താവിനെയും മകളെയും പിരിഞ്ഞ് ജീവിക്കുന്ന സുശീലയുടെ ദുഃഖവും ബുദ്ധിമുട്ടുകളും കണ്ടു മടുത്ത വിജയൻ എല്ലാ സത്യങ്ങളും തുറന്നു പറയാൻ തീരുമാനിക്കുന്നു. വിജയൻ ഒരു കത്തെഴുതി വെച്ച് തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നു.ഇതറിഞ്ഞ ഗോദവർമ്മ സിംഹത്തെപ്പോലെ ഗർജ്ജിച്ചു.
രാധികയുടെ കൂടെ പ്രേമസല്ലാപങ്ങളോടെ നടക്കുന്ന അജയനെ – നന്ദിനിയുടെ അച്ഛൻ ആദിനാരായണൻ തമ്പി കാണുന്നു.അത് തന്റെ മകൾക്ക് വേണ്ടി വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുന്ന അജയനാണെന്ന് ധരിച്ച് വീട്ടിലെത്തുന്നു.സംശയം തീർക്കാൻ ആദി നാരായണൻ തമ്പി രാധികയെ ബംഗ്ലാവിൽ വരുത്തുന്നു.അവിടെ കണ്ട വിജയന്റെ പടം രാധികയ്ക്കും സംശയത്തിനു ഇട വരുത്തുന്നു.അജയനും രാധികയും പിണങ്ങുന്നു.എല്ലാ സത്യങ്ങളും തുറന്നു പറയാൻ ചെന്ന വിജയനെ ആദിനാരായണൻ തമ്പി ബംഗ്ലാവിൽ നിന്നും അടിച്ചിറക്കി. വിജയൻ നിരാശനായി അമ്മയുടെ അടുത്തേയ്ക്ക് മടങ്ങി.വിജയനെക്കണ്ട് എല്ലാവരും അമ്പരന്നു.വിജയൻ പൂയം തിരുന്നാൾ മഹാരാജാവിനു ഗോമതിയമ്മയിലുണ്ടായ മകൻ ആണെന്ന സത്യം വിജയന്റെ അമ്മ തുറന്നു പറയുന്നു.
ഗോദവർമ്മയുടെ ഗുണ്ടകൾ അജയനെ വിജയനാണെന്ന് ധരിച്ച് പിടിച്ചു കൊണ്ടു പോയെന്നറിഞ്ഞ് എല്ലാവരും കൂടി കൊട്ടാരത്തിലേക്ക് തിരിക്കുന്നു. വിജയനെയും അജയനെയും കണ്ട് സുശീല തന്റെ സഹോദരൻ ആരാണെന്ന് കണ്ടു പിടിക്കാൻ വിഷമിക്കുന്നതു കണ്ട് ഗോമതിയമ്മ എല്ലാ സത്യങ്ങളും തുറന്നു പറയുന്നു.അജയനെ ഫാക്ടറിയിൽ കൊണ്ടു പോയി അപായപ്പെടുത്തിയേക്കും എന്നൂഹിച്ച് വിജയൻ അങ്ങോട്ടു പായുന്നു.ഗോദവർമ്മയിൽ നിന്നും അജയനെ രക്ഷിക്കുന്നു. ഗോദവർമ്മ തന്റെ ഭാര്യാ സഹോദരന്മാരോട് മാപ്പു ചോദിക്കുന്നു.
വരണമാല്യവുമായി നന്ദിനിയും രാധികയും വന്നു.ഒരേ മുഖച്ഛായ ഉള്ള അജയനെയും വിജയനെയും കണ്ട് അവർ എങ്ങനെ തങ്ങളുടെ ഭർത്താക്കന്മാരെ കണ്ടു പിടിക്കും എന്നറിയാതെ വിഷമിക്കുന്നു.അവസാനം അവർ താന്താങ്ങളുടെ ഭർത്താക്കന്മാരെ കണ്ടു പിടിക്കുന്നു.
കടപ്പാട് : പാട്ടുപുസ്തകം