ബാംഗ്ലൂരിലെ ഒരു സേട്ടിന്റെ കമ്പനിയിൽ ഹേമയ്ക്ക് ടൈപ്പിസ്റ്റായി ജോലി കിട്ടി.കാമാർത്തനായ സേട്ടിനെ ആദ്യദിവസം തന്നെ അവൾ വെറുത്തു.ജയനായിരുന്നു എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാൻ ഹേമയ്ക്ക് ധൈര്യം പകർന്നു നൽകിയത്.ജയന്റെ സംഭാഷണവും പെരുമാറ്റവും ഹേമയെ അത്ഭുതപ്പെടുത്തി.ഇത്തരത്തിലൊരു ചെറുപ്പക്കാരനെ അവൾക്കു ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല.അവളുടെ മനസ്സിൽ അനുദിനം വളർന്നു വികസിച്ച വികാരവിചാരങ്ങൾ ജയനെ ദേവനാക്കി മാറ്റിക്കൊണ്ടിരുന്നു.പാടാത്ത ഗാനം പോലെ നുകരാത്ത മധു പോലെ അവളുടെ മനസ്സിന്റെ അക്ഷയലോകങ്ങളിൽ ആദേവൻ അമൃതു വർഷിച്ചു.
അമ്മയ്ക്ക് അസുഖമാണെന്ന് കമ്പി കിട്ടിയപ്പോൾ ഹേമ തകർന്നു പോയി.സേട്ടു ലീവനുവദിച്ചില്ല.ജയനാണു അവിടെയും അവൾക്കു സഹായത്തിനെത്തിയത്.നാട്ടിലെത്തിയ ഹേമയ്ക്ക് അമ്മയുടെ മൃതദേഹം പോലും കാണാനുള്ള ഭാഗ്യമുണ്ടായില്ല.ജയന്റെ സാമീപ്യം ഹേമയ്ക്ക് നാട്ടിൽ ദുഷ്പേരുണ്ടാക്കി.
ബാംഗ്ലൂരിൽ മടങ്ങിയെത്തിയ ഹേമ തനിക്കിനി ഈ ഏകാന്തവാസം സാദ്ധ്യമല്ലെന്നും കഴിയും വേഗം തന്നെ സ്വന്തമാക്കണമെന്നും ജയനോടഭ്യർത്ഥിച്ചു.ജയൻ പൂർണ്ണമനസ്സോടെ അതു സമ്മതിച്ചു. ഹേമ കോരിത്തരിപ്പോടെ എല്ലാം മറന്നു നിൽക്കുമ്പോഴാണ് ഒരു സ്ത്രീ അവളെത്തേടിയെത്തിയത്. ജയന്റെ ഭാര്യ !! ഹേമ പൊട്ടിത്തെറിച്ചു പോയി.തന്റെ മനസ്സിൽ ആദ്യം വികാരത്തിന്റെ വിത്തുകൾ മുളപ്പിച്ച തന്റെ ദേവനായ എല്ലാമായ ജയൻ വിവാഹിതനാണെന്നോ.വയ്യ, തനിക്കിതു വിശ്വസിക്കാൻ വയ്യ. അവളാകെ തളർന്നു പോയി.
ലത കൂട്ടുകാരിയെ സഹായിക്കാനെത്തി.സ്വന്തം സഹോദരൻ ഹരിയെ ലത നിർബന്ധിച്ചു.അയാൾ സമ്മതിച്ചു.ഹേമയ്ക്കും ആബന്ധം ഇഷ്ടമായി.വിവാഹദിവസം തീരുമാനിക്കപ്പെട്ടു.ഈ വാർത്ത കേട്ടു ജയൻ കോപം കൊണ്ടു കത്തി ജ്വലിച്ചു നിന്നു.ഹേമയും അവളുടെ ഭർത്താവും തന്റെ കൈകളിൽ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്ന് അവൻ മനസ്സിലുറച്ചു. അതൊരു ശപഥമായിരുന്നു.
ഹേമയും ഹരിയും വിവാഹിതരായി.ജയൻ ഹേമയെക്കുറിച്ച് അപവാദപ്രചാരണങ്ങൾ ആരംഭിച്ചു.ഈ അപവാദങ്ങളെല്ലാം ഹരിയുടെ ചെവിയിലുമെത്തി.ഹേമ തന്റെ കാമുകിയായിരുന്നുവെന്ന് ജയൻ ആവർത്തിച്ചു പറയുന്നത് ഹരി ശ്രദ്ധിച്ചു കേട്ടു.പക്ഷേ അയാൾ തന്റെ ഭാര്യയെ സംശയിച്ചില്ല.എങ്കിലും കുടുംബബന്ധങ്ങളിൽ ചില പോറലുകൾ വീഴാൻ തുടങ്ങി.ക്രമേണ കുടുംബബന്ധം തകർച്ചയിലേക്കു നീങ്ങി.ഹരിയ്ക്ക് സ്ഥലം മാറ്റം പെട്ടെന്നാണുണ്ടായത്.ഹേമയും ഹരിയും അത്യധികമായി ആനന്ദിച്ചു !! യാത്രയ്ക്കു വേണ്ട ഏർപ്പാടുകൾ ചെയ്യാൻ ഹരി പുറത്തേക്കു പോയി.ഹേമ വാതിലടച്ചു യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.പെട്ടെന്നാണു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.ഹരി വന്നു കഴിഞ്ഞു എന്നു കരുതി കതകു തുറന്ന ഹേമ ഞെട്ടി പിറകോട്ടു മാറി. അതു ജയനായിരുന്നു. ജ്വലിക്കുന്ന കണ്ണുകളുള്ള ജയൻ. സംഭ്രമ ജനകമായ ശേഷം ഭാഗം സ്ക്രീനിൽ കാണുക
കടപ്പാട് : പാട്ടു പുസ്തകം