സംഗീതത്തിന്റെ മാസ്മരികത കൊണ്ടും സ്വരഗാംഭീര്യം മുഴങ്ങുന്ന ആലാപന വശ്യത കൊണ്ടും സവിശേഷമായൊരു ഗാനപ്രപഞ്ചം തീര്‍ത്ത മലയാളത്തിന്റെ ജനകീയഗായകന്‍ എന്നറിയപ്പെടുന്ന വി.കെ.എസ് (വി.കെ.ശശിധരന് ) 1938 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് 6 വര്‍ഷത്തോളം കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുകയുണ്ടായി.സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കവിതയും ഗാനങ്ങളും സംഗീതം ചെയ്തു തുടങ്ങിയെങ്കിലും 1980 കള്‍ മുതലാണ് പൊതുവേദിയില്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയത്. പ്രശസ്ത സിനിമ സംവിധായകന് ജി.അരവിന്ദനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ എസ് . പി .രമേഷും വി .കെ. എസ്സിനെ ഏറെ സ്വാധീനിച്ച വ്യക്തികളാണ് .
ശാസ്ത്ര സാഹിത്യപരിഷത്ത് തങ്ങളുടെ ആശയപ്രചാരണത്തിനായി ശാസ്ത്ര കലാജാഥകളെ ആശ്രയിച്ച കാലം മുതല്‍ വി.കെ.എസ് അതിന്റെ അമരക്കാരന് ആയി തുടര്‍ന്നു. ബര്‍തോള്‍ത് ബ്രഹത് , ഡോ.എം .പി .പരമേശ്വരന് , മുല്ലനേഴി, കരിവെള്ളൂര്‍ മുരളി തുടങ്ങി പേരുടെ രചനകള്‍ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥയിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകള്‍ക്കു സംഗീതാവിഷ്കാരം നിര്‍വഹിച്ചു.
ദേശാഭിമാനി തീയറ്റെഴ്സിനു വേണ്ടി കേരളത്തിലെ പോള്‍ റോബ്സന് എന്നറിയപ്പെടുന്ന പി.കെ .ശിവദാസുമൊത്തു ആറ്റിങ്ങല്‍ ദേശാഭിമാനി തീയറ്റേഴ്സിനുവേണ്ടി ഏതാനും നാടകങ്ങള്‍ക്ക് ശിവന്-ശശി എന്ന പേരില്‍ ഗാന സംവിധാനം ചെയ്തു ശ്രദ്ധ നേടി. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷന് , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും കൂടാതെ സ്വന്തമായും 20 ഓളം ആഡിയോ ആല്‍ബംങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇവയില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഗാന സമാഹാരങ്ങളാണ് ഏറയും. വി.കെ.എസ്സിന്റെ മാന്ത്രിക സ്പ്ര്ശത്താല് ടാഗോറിന്റെ വിശ്രുതമായ ഗീതാഞ്ജലിയും ഇടശ്ശേരിയുടെ പൂതപ്പാട്ടും മന്ത്രനിസ്വനങ്ങളുടെ കുളിര്‍മയും ഭൂത സന്നിവേശത്തിന്റെ വിഹ്വലതയും ഉള്‍ക്കൊണ്ട് കവിതയുടെ ആത്മാവ് തുടിക്കുന്ന സംഗീത ശില്പ്പങ്ങളായി ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി.മലയാള ഭാഷയുടെ മാധുര്യം വിളിച്ചറിയിക്കുന്ന 'മധുരം മലയാളം ' എന്ന ഗാനസമാഹാരത്തിലെ ഓരോ ഗാനവും വി.കെ.എസ്സിനൊപ്പം കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റു പാടിയവയാണ്.
സി.എന്‍. ശ്രീകണ്ഠന് നായരുടെ കഥയെ ഇതിവൃത്തമാക്കി അടൂര്‍ ഗോപാലകൃഷ്ണന് നിര്‍മിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന 'കാമുകി' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് ശിവന് - ശശി മാരായിരുന്നു. ഈ ചിത്രത്തിന് വേണ്ടി യേശുദാസ് ,ആന്റോ ,ജാനകി എന്നിവര്‍ പാടിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ സിനിമ പൂര്‍ത്തിയായില്ല. ഈ ഗാനങ്ങളില്‍ ചിലവ പിന്നീടു 1978 ല്‍ രാജീവ് നാഥ് സംവിധാനം ചെയ്ത 'തീരങ്ങള്‍ ' എന്ന സിനിമയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി..
വിപ്ലവഗാനങ്ങള്‍ ഉണര്ത്തുപാട്ടുകളാവണമെന്നും അത് മതനിരപേക്ഷതയുടെയും വിശ്വമാനവികതയുടേയും കാഹളം മുഴക്കണമെന്നുമുള്ള ലക്ഷ്യത്തോടെ 'ബോള്‍ഷെവിക് ഗായകസംഘ' ത്തിനു വി. കെ. എസ് രൂപം നല്കുകയുണ്ടായി. ഏഷ്യാനെറ്റ് ,കൈരളി ചാനലുകളില്‍ കളിക്കൂട്ടം , കളിക്കുടുക്ക എന്നീ പരിപാടികളില്‍ കുട്ടികള്‍ക്കുവേണ്ടി കവിതകളും പാട്ടുകളും സ്ഥിരമായി അവതരിപ്പിച്ചുപോന്നിരുന്നു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ,വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1993 ല്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി വിരമിച്ചു.
ഭാര്യ : വസന്ത ലതിക ,മകള്‍ :ദീപ്തി
ശ്രദ്ധേയമായ ആല്‍ബങ്ങള്‍ : ഗീതാഞ്ജലി,പൂതപ്പാട്ട് , പുത്തന്‍ കലവും അരിവാളും, ബാലോത്സവ ഗാനങ്ങള്‍, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപൂവിന്റെ ആകാശം, ശ്യാമഗീതങ്ങള്‍ , പ്രണയം, അക്ഷരഗീതങ്ങള്‍
കടപ്പാട് : ദേശാഭിമാനി, ചിന്ത വാരിക