Yesudasan
Screenplay
പ്രഗൽഭനായ ഒരു കാർട്ടൂണിസ്റ്റ്, പേരുകേട്ട ഒരു രാഷ്ട്രീയവിമർശകൻ, ഉന്നതനായ ഒരു ആക്ഷേപഹാസ്യലേഖകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചലച്ചിത്രപിന്നണിപ്രവർത്തകൻ എന്നിങ്ങനെ നാനാമേഖലകളിൽ പേരും പെരുമയും നേടിയ ഒരു വ്യക്തിത്വമാണു് “കാർട്ടൂണിസ്റ്റ് യേശുദാസൻ”എന്ന പേരിൽ ലോകം അറിയുന്ന ശ്രീ യേശുദാസൻ. അദ്ദേഹം 1938 ജൂൺ 12നു് മാവേലിക്കര ഭരണിക്കാവിൽ കുന്നേൽ ചക്കാലത്തു് വീട്ടിൽ ശ്രീ ജോൺ മത്തായിയുടേയും ശ്രീമതി മറിയാമ്മയുടേയും നാലു മക്കളിൽ മൂന്നാമത്തെ ആളായി ജനിച്ചു. ഭരണിക്കാവു്, കറ്റാനം, പത്തനംതിട്ട, കാൺപൂർ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.
1955ൽ കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘അശോക’ എന്ന വാരികയിൽ കാർട്ടൂൺ വരച്ചുകൊണ്ടാണു് കലാരംഗത്തേക്കു കാൽവെയ്ക്കുന്നതു്. പിന്നീടു് 1961ൽ ജനയുഗത്തിൽ കാർട്ടൂണിസ്റ്റ് ആയി ചേർന്നു - ചന്തു, കിട്ടുമ്മാവൻ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ വളരെ പ്രശസ്തമായി. “ഒരു എഞ്ചിനീയർ ആകണമെന്നു സ്വപ്നം കണ്ടിരുന്ന ഞാൻ യാദൃച്ഛികമായി ഒരു കാർട്ടൂണിസ്റ്റ് ആയിത്തീർന്നു” എന്നാണദ്ദേഹം ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളതു്. 1963ൽ ഇന്ത്യയിലെ കാർട്ടൂൺ രംഗത്തിന്റെ കുലപതിയായ ശങ്കറിന്റെ ശങ്കേഴ്സ് വീക്ക്ലിയിൽ ചേർന്നു. 6 വർഷത്തിനു ശേഷം നാട്ടിൽ തിരികെ എത്തി. 1969 ൽ കുട്ടികളുടെ മലയാളം മാസികയായ ‘ബാലയുഗ’ത്തിന്റെ എഡിറ്റർ ആയി. പിന്നീടു് ശങ്കേഴ്സ് വീക്ക്ലിയുടെ ചുവടു പിടിച്ചു് അസാധു, കട്കട്, ടക്ടക്, സാധു തുടങ്ങി കാർട്ടൂണുകളും രാഷ്ട്രീയവും സിനിമാവാർത്തകളും ഒക്കെ ചേർന്ന വാരികകൾ ആരംഭിച്ചു. 1985-ൽ അദ്ദേഹം മലയാള മനോരമ ദിനപ്പത്രത്തിൽ ഒരു സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷപദവിയും അലങ്കരിച്ചിട്ടുണ്ടു്.
‘അണിയറ’, ‘പ്രഥമദൃഷ്ടി’, ‘പോസ്റ്റ്മോർട്ടം’ എന്നീ ഗ്രന്ഥങ്ങളും ‘വരയിലെ നായനാർ’എന്ന കാർട്ടൂൺ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീ യേശുദാസൻ ശ്രീ
കെ. ജി. ജോർജ്ജിന്റെ ‘പഞ്ചവടിപ്പാലം’ (1984) എന്ന ചിത്രത്തിന്റെ സംഭാഷണവും ‘എന്റെ പൊന്നുതമ്പുരാൻ’ (1992) എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചു. കാർട്ടൂണിസ്റ്റ് എന്ന നിലയിൽ വളരെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ മാവേലിക്കര സ്വദേശിനി മേഴ്സി. മൂന്നുമക്കൾ - സാനു ദാസ്, സേതു ദാസ്, സുകു ദാസ്. ഇപ്പോഴും കാർട്ടൂൺ രംഗത്തു് വളരെ സജീവമായിത്തുടരുന്ന ശ്രീ യേശുദാസൻ എറണാകുളത്തു് സ്ഥിരതാമസം.
തയ്യാറാക്കിയതു് - കല്യാണി
References:
http://www.yesudasan.info/index.html
Wikipedia
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Ente Ponnuthamburan |
Prakash Koleri |
Yesudasan |
Yesudasan |
1992 |
AT Abu |
Available Web Series : 0
Available Short Movies : 0