PK Kaimal
Producer
മലയാള ചലച്ചിത്രരംഗത്തു് നിർമ്മാതാവായും, സിനിമാവിതരണക്കമ്പനി ഉടമയായും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വ്യക്തിയാണു് പി. കെ. കൈമള്‍ എന്ന പാങ്ങോട്ടു് കിട്ടുണ്ണി കൈമള്‍. അച്ഛൻ - കുറുമുണ്ടില് കൃഷ്ണന്‍നായർ, അമ്മ - പാങ്ങോട്ട് അമ്മുക്കുട്ടി നേശ്യാർ. സിനിമാമേഖലയിൽ പ്രവർത്തിക്കുവാൻ താല്പര്യം ഏറെയുണ്ടായിരുന്ന ഇദ്ദേഹം ചലച്ചിത്രമേഖലയിൽ തന്റെ പ്രവൃത്തി തുടങ്ങിയതു് പഴയകാലത്തെ പ്രസിദ്ധമായ ജൂപ്പിറ്റര്‍ പിക്ചേഴ്സിന്റെ മാനേജരായി ചെന്നൈയിലാണു്.
1960ല്‍ തിരുമേനി പിക്ചേഴ്സ് എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ വിതരണക്കമ്പനിക്കു് തുടക്കം കുറിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന തൃശ്ശൂരിലെ ചേലൂര്‍ തിരുമേനിയുടെ പേരിൽ നിന്നാണു് ആ വിതരണകമ്പനിക്കു് ‘തിരുമേനി പിക്ചേഴ്സ്’ എന്ന പേരുവന്നതു്. മലയാള സിനിമയുടെ മദ്ധ്യകാലത്തെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ തിരുമേനി പിക്ചേഴ്സിന്റെ ബാനറിൽ വിതരണം ചെയ്യപ്പെട്ടു. മലയാളം ഉൾപ്പെടെ വിവിധഭാഷകളിലായി മുന്നൂറിൽപ്പരം ചലച്ചിത്രങ്ങൾ ആ ബാനറിൽ വിതരണം ചെയ്തു. കൂടാതെ ഭൂമിദേവി പുഷ്പിണിയായി, ദിഗ്വിജയം, സ്വന്തം എന്ന പദം, വെളിച്ചം വിതറുന്ന പെൺകുട്ടി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. ഉന്നതനിലവാരത്തിലുള്ള തീയേറ്റർ സമുച്ചയം ആദ്യമായി കേരളസംസ്ഥാനത്തു് - പാലക്കാട്ടു് നിർമ്മിച്ചതു് ശ്രീ കൈമളിന്റെ ഉടമസ്ഥതയിലാണു്. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ഫിലിം ചേംബര്‍, മലയാള ചലച്ചിത്രപരിഷത്ത് എന്നിവയുടെ സാരഥിയായി സജീവമായി പ്രവർത്തിച്ചിട്ടുണ്ടു്. ഭാര്യ ഭവാനിയമ്മ. മക്കള്‍: കെ. നന്ദകുമാര്‍, ഡോ. കെ. അനിത, ഡോ. കെ. ലീന.
കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിച്ചുവന്ന ഇദ്ദേഹം തന്റെ 93 മത്തെ വയസ്സിൽ, 2015 ജനുവരി 9നു് അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 4
Available Web Series : 0
Available Short Movies : 0