ചലച്ചിത്ര നിര്‍മ്മാതാവായും, സംവിധായകനായും പ്രശസ്തനായ പി സുബ്രഹ്മണ്യം മലയാള സിനിമയ്ക്കു് നിരവധി സംഭാവനകള്‍ നല്കിയ ചലച്ചിത്ര പ്രതിഭയാണു്.
1910 ജനുവരിയില്‍ നാഗര്‍കോവില്‍ പത്മനാഭപിള്ളയുടെ മകനായി ജനനം.
ഇന്റര്‍മീഡിയറ്റിനു ശേഷം 21-മത്തെ വയസ്സില്‍ തിരുവനന്തപുരം വാട്ടര്‍ വര്‍ക്സില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടു് സെക്രട്ടേറിയറ്റില്‍ യു ഡി ക്ലാര്‍ക്കായി ജോലിക്കയറ്റം ലഭിച്ചു. രണ്ടു് വര്‍ഷത്തിനു ശേഷം ജോലി രാജി വച്ചു് സ്വന്തമായി മോട്ടോര്‍ വ്യവസായം തുടങ്ങി. 1930ല്‍ ന്യൂ തിയേറ്റര്‍, 1938ല്‍ ശ്രീ പത്മനാഭ, 1941ല്‍ പേട്ട കാര്‍ത്തികേയ, 1947ല്‍ ശ്രീകുമാര്‍ എന്നീ തിയേറ്ററുകള്‍ തിരുവന്തപുരത്തു് സ്ഥാപിച്ചു. 1968ല്‍ ന്യൂ തിയേറ്റര്‍ 70 എം എം ആക്കി പരിഷ്ക്കരിച്ചു. ഇദ്ദേഹം തുടര്‍ച്ചയായി 1942ലും 1943ലും തിരുവന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
1951ല്‍ തിരുവനന്തപുരത്തു് മെരിലാന്‍ഡ് സ്റ്റുഡിയോ സ്ഥാപിച്ചു. പല ഭാഷകളിലായി ധാരാളം ചിത്രങ്ങളും ഹൃസ്വചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പലതും അദ്ദേഹം തന്നെ സംവിധാനം ചെയ്തവയാണു്.
അഞ്ചു് ചിത്രങ്ങള്‍ക്കു് നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. 1969ല്‍ കേരള സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ഈസ്റ്റ്മാന് കളറില്‍ നിര്‍മ്മിച്ച കുമാരസംഭവത്തിനു് ലഭിച്ചു. ഈ ചിത്രം തമിഴ്, തെലുങ്ക്, മറാഠി, ബംഗാളി എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. 1975ല്‍ സ്വാമി അയ്യപ്പന് എന്ന ചിത്രത്തിനു് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
മീനാക്ഷി അമ്മയാണു് ഭാര്യ. അഞ്ചു് പുത്രന്മാരും ഒരു പുത്രിയുമുണ്ടു്. 1978 ഒക്ടോബര്‍ 4നു് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010