ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍ വടക്കാഞ്ചേരി വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മംഗലഭായിത്തമ്പുരാട്ടിയുടെയും മകനായി 1927 ഫെബ്രുവരി 17നു് ജനിച്ചു. പൂരം തിരുനാള്‍ രവിവര്‍മ്മ എന്നാണു് ശരിയായ പേരു്. സംഗീതത്തില്‍ പാണ്ഡിത്യമുള്ളവരായിരുന്നു അച്ഛനമ്മമാര്‍. മാവേലിക്കരയിലെ ഒരു പ്രത്യേക സ്ക്കൂളില്‍ നിന്നു് വിദ്യാഭ്യാസം നേടി. ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹൈസ്ക്കൂളിലാണു് പിന്നീടു് പഠിച്ചതു്. കാട്ടുവെള്ളിയില് വീരമണി ഭാഗവതര്‍ ആണു് സംഗീതം പഠിപ്പിച്ചതു്. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ചേര്‍ന്നും സംഗീതം അഭ്യസിച്ചു. ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മധുര കേശവ ഭാഗവതര്‍, സി എസി കൃഷ്ണയ്യര്‍, കുമാരസ്വാമി അയ്യര്‍, സീതാനം അയ്യര്‍, ടി കെ ജയരാമയ്യര്‍ എന്നിവരായിരുന്നു സംഗീതത്തിലെ മറ്റു് ഗുരുനാഥന്മാര്. ഇരുപതാമത്തെ വയസ്സിലായിരുന്നു ആദ്യത്തെ കച്ചേരി.
തെക്കുംകൂര്‍ രാജകുടംബത്ത്തിലെ അംഗമായ ശ്രീ വര്‍മ്മ, കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, എ ആര് രാജ രാജ വര്‍മ്മ തുടങ്ങിയ മഹാന്മാരുടെ കുടുംബത്തിലാണ് ജനിച്ചത്
1960ല്‍ റിലീസായ സ്ത്രീഹൃദയത്തിലൂടെ സിനിമയിലെത്തി. തുടര്‍ന്നു് ആറു ചിത്രങ്ങള്‍ക്കു് സംഗീതം നല്കി. കെ പി എ സി, കേരള തിയേറ്റേഴ്സ് എന്നീ നാടക സമിതികളുടെ സംഗീത സംവിധായകനായി.
പിന്നണി ഗായകന് ജയചന്ദ്രനെ സിനിമയില്‍ കൊണ്ടുവന്നതു് വര്‍മ്മയാണു്. മേജര്‍ നായര്‍ എന്ന ചിത്രത്തിലെ വൈശാഖ പൗര്‍ണ്ണമി രാവില്‍ എന്നതാണു് ഗാനം.
എസ്സ്. എസ്സ്. എൽ. സി പരീക്ഷ പാസ്സായ ശേഷം ശാസ്ത്രീയസംഗീതം അഭ്യസിച്ചു് ഗാനഭൂഷണം ബിരുദം നേടി. ഉദയായുടെ ‘അവൻ വരുന്നു’ എന്ന ചിത്രത്തിനു വേണ്ടിയാണു് ആദ്യമായി പിന്നണിയിൽ പാടിയതു്. ‘സ്ത്രീഹൃദയം’ ആണു് ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യചിത്രം. ഏഴു ചിത്രങ്ങളില്‍ സംഗീതസംവിധായകനായും അതിലേറെ ചിത്രങ്ങളില്‍ പിന്നണിഗായകനായും പ്രവർത്തിച്ചിട്ടുണ്ടു്. ‘അനാർക്കലി’ , 'അയിത്തം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ശ്രീമതി. മായാറാണിവർമ്മയാണു് ഭാര്യ. ഇവർക്കു് നാലുമക്കളുണ്ടു്.
കേരള തീയറ്റര്‍സ് , കെ പി എ സി തുടങ്ങിയവരുടെ നാടകഗാനങ്ങള്‍ കൊണ്ടാവാം ശ്രീ വര്‍മ്മ മലയാളഭാഷ ഉള്ളിടത്തോളം ഓര്‍ക്കപ്പെടുന്നത് - പറന്നു പറന്നു പറന്നു ചെല്ലാന്‍ ..., കായലിനക്കരെ പോകാന്‍ ... തുടങ്ങിയ ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുന്നു . 1978ഇല് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു . 1985 ഇല് ഏറ്റവും നല്ല നാടക ഗാനത്തിനുള്ള അവാര്‍ഡും ലഭിച്ചു . 1973ഇലെ തൊട്ടാവാടി എന്ന ചിത്രത്തിലെ പി ജയചന്ദ്രന് പാടിയ ഉപാസന ഉപാസന .... മലയാളത്തിലെ എക്കാലത്തെയും നല്ല ഗാനങ്ങളിലൊന്നായി കരുതപ്പെടുന്നു
2003 ജൂലായി 6നു് അന്തരിച്ചു. മക്കള്‍ പ്രേംകൂമാര്‍ വര്‍മ്മ, ഗോദവര്‍മ്മ, രാജ്കുമാര് വര്‍മ്മ, ബീനാ വര്‍മ്മ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍, ജയലക്ഷ്മി രവീന്ദ്രനാഥ്
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010, മലയാള സിനിമാ ഡയറക്ടറി , 1970
കടപ്പാട് : ബി വിജയകുമാര്‍