മലയാളസിനിമയിൽ മൗലികമായ പരീക്ഷണങ്ങൾ നടത്തുകയും സിനിമയെ വ്യത്യസ്തങ്ങളായ അനുഭവതലങ്ങളിലേക്കു് കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്ത പ്രസിദ്ധനായ ചലച്ചിത്രകാരനായിരുന്നു ശ്രീ ജി. അരവിന്ദൻ. സിനിമാ സംവിധായകനാകുന്നതിനു മുമ്പു് അദ്ദേഹം കാർട്ടൂണുകൾക്കു് ഒരു പുതിയ മാനം നൽകിയ അതിപ്രശസ്തനായ ഒരു കാർട്ടൂണിസ്റ്റായിരുന്നു. അറുപതുകളുടെ തുടക്കം മുതൽ ഒന്നര പതിറ്റാണ്ടിലേറെ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന “ചെറിയ മനുഷ്യനും വലിയ ലോകവും” എന്ന അദ്ദേഹത്തിന്റെ കാർട്ടൂൺ പംക്തി ഇന്ത്യയിൽ തന്നെ അധികം സമാനതകളില്ലാത്ത ഒരു സംരംഭമായിരുന്നു. അതു കൂടാതെ ഉന്നതനായ ഒരു പെയിന്ററും നാടകപ്രവർത്തകനും സംഗീതകാരനും എന്നിങ്ങനെ ബഹുമുഖമേഖലകളിൽ മികവു പ്രകടിപ്പിച്ച പ്രതിഭാസമ്പന്നനായിരുന്നു. അതുകൊണ്ടു തന്നെ വളരെ കാവ്യാത്മകമായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. ദാർശനികത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ പ്രതിപാദനശൈലി.
1935 ജനുവരി 21നു് കോട്ടയത്താണു് ശ്രീ ജി. അരവിന്ദൻ ജനിച്ചതു്. അച്ഛൻ പ്രശസ്ത അഭിഭാഷകനും സാഹിത്യകാരനുമായിരുന്ന ശ്രീ എം.എൻ.ഗോവിന്ദൻനായർ. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നു് സസ്യശാത്രത്തിൽ ബിരുദം നേടിയ ശേഷം റബർ ബോർഡിൽ ഉദ്യോഗസ്ഥനായി ചേർന്നു. പഠനസമയത്തു തന്നെ അദ്ദേഹം ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. ആദ്യകാലങ്ങളിൽ സോപാനം, നവരംഗം തുടങ്ങിയ സംഗീതക്ലബ്ബുകളിൽ അരവിന്ദൻ സജീവമായിരുന്നു. റബർ ബോർഡിൽ ജോലിയിൽ ഇരിക്കെ കേരളത്തിലെ പല സ്ഥലങ്ങളിലും ജോലി ചെയ്യുവാൻ അദ്ദേഹത്തിനു് അവസരം ലഭിച്ചു. അതിലൂടെ വിപുലമായ ഒരു സുഹൃദ്ബന്ധം അദ്ദേഹത്തിനുണ്ടായി. കോഴിക്കോടു ജോലി ചെയ്യുമ്പോൾ പ്രശസ്ത ഹിന്ദുസ്താനി സംഗീതജ്ഞൻ ശരത് ചന്ദ്രറായിയിൽ നിന്നും ഹിന്ദുസ്താനി സംഗീതം അഭ്യസിച്ചു. ഒരു ചെറിയ കാലയളവിൽ ശാന്തിനികേതനിൽ ചിത്രപഠനസംബന്ധിയായി ഉണ്ടായിരുന്ന സമയത്തു് രവീന്ദ്രസംഗീതത്തിന്റെ ഉൾവഴികളും അദ്ദേഹം മനസ്സിലാക്കി.
ആ കാലഘട്ടത്തിൽ അദ്ദേഹം ധാരാളം പെയിന്റിങ്ങുകളും ചെയ്തിരുന്നു - പ്രധാനമായും വാട്ടർ കളറിലും ഓയിൽ പെയിന്റിലുമായിരുന്നു അദ്ദേഹം പെയിന്റിങ്ങുകൾ ചെയ്തിരുന്നതു്. വിപുലമായ വായനയും, ചലച്ചിത്രാസ്വാദനവും അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളെപ്പോലെ ആയിരുന്നു എന്നു് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ടു്. സാഹിത്യത്തിലും ചലച്ചിത്രനിർമ്മിതിയിലും ചിത്രരചനാരംഗത്തും ഒക്കെ ആധുനികതയുടെ നാമ്പുകൾ ഉടലെടുക്കുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും യൗവ്വനവും എന്നതു് അദ്ദേഹത്തിലെ കലാകാരനെ വളർത്തിയെടുക്കാൻ സഹായിച്ച ഒരു വലിയ ഘടകമായി. മലയാളത്തിലെ വലിയ സാഹിത്യകാരന്മാരോ ചലച്ചിത്രകാരന്മാരോ ചിത്രകാരന്മാരോ ആയിരുന്ന സി.എൻ.ശ്രീകണ്ഠൻ നായർ, കാവാലം നാരായണക്കുറുപ്പു്, ഓ.എൻ.വി കുറുപ്പു്, തിരുനെല്ലൂർ കരുണാകരൻ, സുഗതകുമാരി, എൻ. മോഹനൻ, എം. ഗോവിന്ദൻ, തിക്കോടിയൻ, പട്ടത്തുവിള, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, എ. രാമചന്ദ്രൻ എന്നിങ്ങനെ ഒരു വലിയ സംഘം തന്നെ അദ്ദേഹത്തിന്റെ സഹപാഠികളോ, സുഹൃത്തുക്കളോ, സഹപ്രവർത്തകരോ, സമകാലികരോ ആയിരുന്നു.
1952 മുതൽ ഇന്ത്യയിൽ തുടങ്ങി വെച്ച അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളാണു് തന്റെ സിനിമാജീവിതത്തിന്റെ തുടക്കം എന്നദ്ദേഹം അനുസ്മരിച്ചിരുന്നു. റാഷമോണും, ബിസിക്കിൾ തീവ്സും തുടങ്ങി നവസിനിമാസംസ്കാരത്തിന്റെ തുടക്കങ്ങൾ എന്നു കരുതപ്പെടുന്ന ചിത്രങ്ങൾ അദ്ദേഹത്തിനുള്ളിൽ ഒരു പുതിയ സിനിമാസംസ്കാരത്തിനു് പ്രചോദനമായി. അൻപതുകളുടെ പകുതി ആയതോടെ സത്യജിത് റേ, മൃണാൾ സെൻ തുടങ്ങിയ പ്രതിഭകൾ തങ്ങളുടെ സിനിമകളുമായി രംഗത്തു വന്നു. അറുപതുകളുടെ ആദ്യം പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു് സംവിധാനത്തിൽ ബിരുദവുമായി പുറത്തു വന്ന അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ തുടങ്ങിയ ചിത്രലേഖ ഫിലിം സൊസൈറ്റിയിൽ അരവിന്ദനും സജീവമായി സഹകരിച്ചു. പിന്നീടു് കോട്ടയത്തും കോഴിക്കോടും ഫിലിം സൊസൈറ്റികൾ തുടങ്ങുന്നതിൽ മുൻപന്തിയിൽ നിന്നതു് അരവിന്ദനാണു്. അപ്പോഴേക്കും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പരയിലൂടെ അരവിന്ദൻ എന്ന കാർട്ടൂണിസ്റ്റ് മലയാളിയുടെ മനസ്സിൽ ഒരു സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.
പട്ടത്തുവിള കരുണാകരൻ നിർമ്മാതാവായി തിക്കൊടിയന്റെ കഥയെ ആധാരമാക്കി 1974ല് പുറത്തിറങ്ങിയ “ഉത്തരായന”ത്തിലൂടെയാണു് അരവിന്ദൻ സിനിമരംഗത്തേക്കു് കാലെടുത്തു വെയ്ക്കുന്നതു്. ചലച്ചിത്രരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചു് തല്പരരായ ഒരു സംഘത്തിന്റെ കൂട്ടായ്മയായിരുന്നു ആ സിനിമ. മലയാളസിനിമയിലെ നൂതനമായ ഒരു അനുഭവവും. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം മികച്ച സിനിമ, സംവിധായകന്, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന സര്ക്കാര് പുരസ്ക്കാരങ്ങളും ദേശീയപുരസ്കാരങ്ങളും നേടി. ഇന്ത്യയ്ക്കുള്ളിലും പുറത്തുമുള്ള നിരവധി ചലച്ചിത്രമേളകളിൽ ഉത്തരായനം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ടു്.
1977ൽ കാഞ്ചനസീതയിലൂടെ അദ്ദേഹം സിനിമാ സൗന്ദര്യ സങ്കൽപ്പങ്ങളുടെയും സ്വതന്ത്രമായ ആവിഷ്ക്കാരത്തിന്റെയും വിഭിന്നമായ ഒരു വഴി തുറന്നുവെച്ചു. പ്രകൃതിയുടെ അദൃശ്യമായ സാന്നിദ്ധ്യം ഒരു അതീന്ദ്രിയാനുഭവം പോലെ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ കാഞ്ചനസീതയിൽ അരവിന്ദനു കഴിഞ്ഞു. പിന്നീടു് തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയില്, ചിദംബരം, ഒരിടത്തു്, വാസ്തുഹാര എന്നീ സിനിമകളും V T (ശ്രീ വി റ്റി ഭട്ടതിരിപ്പാടിനെക്കുറിച്ചു്), The Seer Who Walks Alone (ജെ. കൃഷ്ണമൂർത്തിയെക്കുറിച്ചു്), The Brown Landscape, The Catch, Contours of Linear Rhythm, സഹജ, അനാദിധാര, തുടങ്ങിയ ഡോക്യുമെന്ററി, ലഘുചിത്രങ്ങളും മാറാട്ടം എന്ന ടെലിവിഷൻ ചിത്രവും രംഗത്തിറക്കി. യാരോ ഒരാൾ, എസ്തപ്പാൻ, ഒരേ തൂവൽ പക്ഷികൾ, പിറവി എന്നീ ചിത്രങ്ങൾക്കു് സംഗീതം പകർന്നു. സി.എൻ. ശ്രീകണ്ഠൻ നായരോടും കാവാലം നാരായണപ്പണിക്കരോടുമൊപ്പം നാടകരംഗത്തും അരവിന്ദൻ പ്രവർത്തിച്ചിട്ടുണ്ടു്. സി.എൻ. ശ്രീകണ്ഠൻ നായരുടെ കലി, കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തതു് അദ്ദേഹമാണു്.
അദ്ദേഹത്തിനു ലഭിച്ച അനവധി പുരസ്കാരങ്ങളിൽ 1974 (ഉത്തരായണം), 1978 (കാഞ്ചന സീത), 1979 (തമ്പു്), 1981 (പോക്കുവെയിൽ), 1985 (ചിദംബരം), 1986 (ഒരിടത്തു്), 1990 (വാസ്തുഹാര) എന്നീ സിനിമകൾക്കു ലഭിച്ച മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡുകളും കാഞ്ചന സീത, തമ്പു്,ഒരിടത്തു് എന്നീ സിനിമകൾക്കു് നേടിയ മികച്ച സംവിധായകനുള്ള ദേശീയ അവാർഡുകളും ഉൾപ്പെടുന്നു. ചിദംബരം 1986ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ അവാർഡും വാസ്തുഹാര 1991ലെ ഏറ്റവും നല്ല മലയാളചിത്രത്തിനുമുള്ള ദേശീയ അവാർഡും നേടി. ഒരേ തൂവൽ പക്ഷികൾ (1988) എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തിനു ലഭിച്ചു. 1979 ൽ അദ്ദേഹത്തിന്റെ “കുമ്മാട്ടി” ആ വർഷത്തെ ഏറ്റവും മികച്ച കുട്ടികൾക്കായുള്ള ചിത്രത്തിനുള്ള സംസ്ഥാനഅവാർഡിനർഹമായി.The Brown Landscape (1985),The Catch (1986) എന്നീ ഡോക്യുമെന്ററികളും സംസ്ഥാനഅവാർഡു ലഭിച്ചവയാണു്.
ദേശീയ ചലച്ചിത്ര വികസനകോർപറേഷന്റെ ഡയറക്ടർ, കേരള സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിളും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടു്.
സി.വി.ശ്രീരാമന്റെ വാസ്തുഹാരയ്ക്കു് അരവിന്ദന് നല്കിയ ദൃശ്യഭാഷ്യം വെള്ളിത്തിരയില് വിടരും മുൻപെ 1991 മാര്ച്ച് 15നു് തന്റെ അൻപത്തിയാറാം വയസ്സിൽ ഓർമ്മകളുടെ ലോകത്തേക്കു അദ്ദേഹം യാത്രയായി. സിനിമയിലും അരങ്ങിലും ചിത്രരചനയിലും സംഗീതത്തിലും വിസ്മയങ്ങൾ സൃഷ്ടിച്ച, മലയാള സമാന്തര സിനിമയ്ക്കു് പുതിയ മാനങ്ങൾ തീർത്ത, ഈ പ്രതിഭാസ്പര്ശത്തിനു് ഇന്നും സമാനതകളില്ല. അരവിന്ദന്റെ സഹധർമ്മിണി ശ്രീമതി ലീല. ഏകമകൻ രാമു.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia