എറണാകുളം ജില്ലയിലെ മുളക്കുളം എന്ന പ്രദേശത്തു് പെരിയപ്പുറത്തു് മാത്തന് വൈദ്യരുടേയും ഏലിയാമ്മയുടെയും മകനായി 1920 ജനുവരി 19നു ജനിച്ച ആബേല്‍ എന്ന ആബേലച്ചന് വളരെ ചെറുപ്പത്തില്‍ തന്നെ ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയും കവിതകളോടു് താല്പര്യം കാണിച്ചിരുന്നു. മാന്നാനം സെന്റ് ആന്റണീസു് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിയിരുന്നു. ഇരുപതാം വയസ്സില്‍ സി എം എസു് സഭയില്‍ വൈദിക വിദ്യര്ത്ഥിയായി ചേര്‍ന്നു. പഠിച്ചതു് മാന്നാനം, തേവര, കൂനമ്മാവു് എന്നിവിടങ്ങളിലെ ആശ്രമങ്ങളിലായിരുന്നു. 1951ല്‍ സഭാവസ്ത്രം ധരിച്ചു. തുടക്കത്തില്‍ കോട്ടയത്തെ ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ടിച്ചെങ്കിലും അവിടെ നിന്നും തുടര്‍ പഠനത്തിനായി ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റി ഒഫു് റോമില്‍ പോയി. അവിടെ ജേര്‍ണലിസം ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത ബിരുദം നേടി കേരളത്തിലേയ്ക്കു് മടങ്ങിവന്നു 1957-1961 കാലഘട്ടത്തില്‍ ദീപിക ദിനപ്പത്രത്തിന്റെ മാനേജിംഗു് ഡയറക്ടറായി പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്കു വേണ്ടി ആബേലച്ചന്റെ നേതൃത്വത്തില്‍ ദീപികബാലജനസഖ്യം 1957ല്‍ രൂപികരിച്ചു. ആബേലച്ചന് കുട്ടികളുടെ കൊച്ചേട്ടന് ആയി. ആ കാലത്തു് ബാലജനസഖ്യത്തിനു വേണ്ടി 'ഉഷകാല താരക പോലെ ഉയരുന്നൊരോമല് പതാകേ' എന്ന ഗാനം എഴുതിയതു് ആബേലച്ചനാണു്. സംഗീതസംവിധാനം ചെയ്തതു് ജോബും ജോര്‍ജ്ജും. 1961-1965 കാലഘട്ടത്തില്‍ കോഴിക്കോടു് ദേവഗിരി കോളേജില്‍ ആബേലച്ചന് അദ്ധ്യാപകനായിരുന്നു.
എറണാകുളം മെത്രാപ്പൊലീത്ത ആയിരുന്ന കര്‍ദിനാള്‍ ജോസഫു് പാറേക്കാട്ടിലിന്റെ നിര്‍ദ്ദേശപ്രകാരം സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയില്‍ നിന്നും ലളിതസുന്ദരമായ മലയാളത്തിലേക്കു് മൊഴിമാറ്റം ചെയ്യുന്ന ശ്രമത്തിലായിരുന്നു ആബേലച്ചന് 1965 മുതല്‍ . പള്ളിയുടെ ആവശ്യത്തിനായി 20ല്‍ പരം പുസ്തകങ്ങള്‍ ആബേലച്ചന് എഴുതി. പാട്ടുകുര്‍ബാന, ചരമഗീതങ്ങള്‍, പരേതരുടെ റാസാ, വാര്‍ഷികദിനാചരണം, തിരുനാള്‍ കര്‍മ്മങ്ങള്‍, വെഞ്ചിരിപ്പുകള്‍, ഓശാന, വിഭൂതി, കുര്ബാനഗീതങ്ങള്, പ്രാര്‍ത്ഥനകള്‍, ക്രിസ്തുമസ്സു് ഗാനങ്ങള്‍ മുതലായ പള്ളിയുടെ കര്‍മ്മവുമായി ബന്ധപ്പെട്ട മിക്ക രചനകളും വിവര്‍ത്തനങ്ങളും ആബേലച്ചന് എഴുതി. മലയാള ഭാഷയില്‍ ഔദ്യോഗികഗ്രന്ഥങ്ങളുടെ അഭാവത്തിനു് ആബേലച്ചന്റെ കൃതികള്‍ പരിഹാരമാവുകയും പ്രചുരപ്രചാരം നേടുകയും ചെയ്തു. ആബേലച്ചന്റെ കൃതികള്‍ പള്ളിയില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവെങ്കിലും പലേടത്തും ഇന്നും അവ തന്നെയാണു് ഉപയോഗിച്ചു പോരുന്നതു്.
തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം സുറിയാനി പാട്ടുകള്‍ ധാരാളം ആബേലച്ചന് മലയാളത്തിലാക്കി. സാധാരണ ഒരു മുറിയില്‍ പഴയ റ്റേപ്പു് റിക്കാര്‍ഡര്‍ വെച്ചായിരുന്നു ആദ്യമൊക്കെ ആബേലച്ചന്റെ ആരാധനക്രമ ഗാനങ്ങള്‍ ട്യൂണ്‍ ചെയ്തു് റെക്കാര്ഡു് ചെയ്തിരുന്നതു്. 1965ല്‍ ആബേലച്ചനു വേണ്ടി സെന്റ് ആല്ബേര്ട്ടു് കോളേജിന്റെ അടുത്തു് ഒരു വീട്ടില്‍ വച്ചു് യേശുദാസു് 'കുരിശിന്റെ വഴി' ഗ്രംഡിഗു് സ്പൂളില്‍ റെക്കാര്ഡു് ചെയ്തപ്പോള്‍ ഉപയോഗിച്ചതു് 'കാക്കപ്പൊന്നു് ' എന്ന കാളിദാസകലാകേന്ദ്രയുടെ നാടകത്തിനു വേണ്ടി ഓ എന്‍ വി കുറുപ്പു് എഴുതിയതും ദേവരാജന്‍ ട്യൂണ്‍ ചെയ്തതും സി ഓ ആന്റോ പാടിയതുമായ വരികളായിരുന്നു. ആബേലച്ചന് പിന്നീടു് ഇതേ ട്യൂണില്‍ പാടിയ കുരിശിന്റെ വഴി എന്ന ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തി. അന്നു് ഓര്ക്കസ്ട്രേഷന് സംഘത്തിലുണ്ടായിരുന്നതു് ഹാര്‍മോണിയത്തില്‍ എ എം ജോസു്, ഗിത്താറില്‍ എമിലി, വയലിനില്‍ റെക്സു്, കോംഗോസില് ജിമ്മി, തബലയില്‍ എ എം പോളും ആയിരുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തേയും അനുസ്മരിപ്പിക്കുന്നതാണു് കുരിശിന്റെ വഴി എന്ന ഗാനം. യേശു മരണത്തിനു വിധിക്കപ്പെടുന്നതു മുതല്‍ കുരിശില്‍ മരിക്കുന്നതു വരെയുള്ള മുഹൂര്ത്തങ്ങളാണു് ഇതിലെ ഗാനങ്ങള്‍. ഈ ഗാനം പിന്നെ ഈസ്റ്റര്വിശുദ്ധവാരത്തില് പല പള്ളികളിലും ഉപയോഗിച്ചു പോന്നു.
ആര്ച്ചു്ബിഷപ്സു് ഹൗസു് വളപ്പില്‍ പാറേക്കാട്ടിലച്ചന് ഉപയോഗിച്ചിരുന്ന മുറി ക്രിസ്ത്യന്‍ ആര്ട്ടു്സിന്റെ ആസ്ഥാനമാക്കാന്‍ ലഭിച്ചു. 1966ല്‍ എറണാകുളം ബിഷപ്പു് ഹൗസില്‍ തുടങ്ങിയ 'ക്രിസ്ത്യന്‍ ആര്ട്ടു്സു് ക്ലബു് ' ന്റെ ലക്ഷ്യം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു. ഇതിനായി ആബേലച്ചന്റെ വലം കയ്യായി പ്രവര്‍ത്തിച്ചതു് ഹാര്മോണിസ്റ്റും ഗായകനുമായ റാഫി ജോസു് ആയിരുന്നു. 1967ല്‍ ക്രിസ്തന്‍ ആര്ട്ടു്സു് ക്ലബ്ബിനു വേണ്ടി രണ്ടു റെക്കാര്ഡു് എച്ചു് എം വി ചെയ്തു. ജോളി എബ്രഹാം പാടിയ 'താലത്തില്‍ വെള്ളം എടുത്തു' എന്നതും യേശുദാസു് പാടിയ 'ഗാഗുല്‍ത്താമലയില്‍ നിന്നും'. ഇതിന്റെ വരികള്‍ ആബേലച്ചന് എഴുതിയതും, സംഗീതം പകര്‍ന്നതു് റാഫി ജോസും ആയിരുന്നു. രചിച്ച പാട്ടുകളെല്ലാം സുറിയാനി ട്യൂണില്‍ അനായാസം പാടിപ്പോന്നിരുന്നുവെങ്കിലും ഭാഷ മൊഴിമാറ്റം ചെയ്തതു പോലെ ട്യൂണിനും കേരള തനിമ അല്ലേ നല്ലതെന്നുള്ള ആശയം ഉദിച്ചു. ആബേലച്ചന്റെ ലളിതസുന്ദരമായ ക്രിസ്തീയഭക്തിഗാനങ്ങള്ക്കു് ഈണം പകരാന്‍ വെണ്ടി ശ്രീ വര്‍ഗ്ഗീസു് പുളിക്കന്‍ തന്റെ പരിചയത്തിലുള്ള കെ കെ ആന്റണിയുമായി ആബേലച്ചന്റെ സമീപത്തെത്തി. അതു വരെ സിലോണ്‍ റേഡിയോയില്‍ ജോലി നോക്കിയിരുന്ന ആള് ആയിരുന്നു ആന്റണി. ക്രിസ്തീയ ഭക്തിഗാങ്ങളോടെ ആയിരുന്നു ആന്റണിയുടെ തുടക്കം. ബൈബിളുമായി ബന്ധപ്പെട്ടു് ആബേലച്ചന് എഴുതിയ 20 ഗാനങ്ങള്‍ക്കു് ഈണം പകര്‍ന്നതു് കെ കെ ആന്റണിയായിരുന്നു. 1970ല്‍ റെക്കാര്ഡു് ചെയ്ത ഈ ഗാനങ്ങള്‍ പാടിയതില്‍ പ്രമുഖര്‍ ജോളി എബ്രഹാം, ശാന്ത,വിജയ, ലിസ്സമ്മ എന്നിവരായിരുന്നു. ഓര്‍ക്കെസ്ട്രാ - ഹര്‍മോണിയത്തില്‍ തോമസു്, ഗിത്താറില്‍ എമിലിയും യൂജിനും, ബോംഗോയില് ജോണി, വയലിനില്‍ റെക്സു്, തബലയില്‍ വര്‍ഗ്ഗീസു്. ഈ ഗാനങ്ങള്‍ ഒരു ചെറിയ ടേപ്പു് റെക്കൊര്റില് (കലാകാരന്മാര് ഇതിനു പേരിട്ടിരുന്നതു് എലിപ്പെട്ടി എന്നായിരുന്നു ) റെക്കാര്ഡു് ചെയ്തതു് ആബേലച്ചനും. ഈ പാട്ടുകള്‍ റെക്കാര്ഡു് ചെയ്തു കൊണ്ടുപാകുവാന്‍ വേണ്ടി ധാരാളം അച്ചന്മാരും കന്യാസ്ത്രീകളും കേരളത്തില്‍ പലേടത്തു നിന്നും ക്രിസ്ത്യന്‍ ആര്ട്ടു്സില് വരുമായിരുന്നു.
1969ല്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ക്രിസ്തുമസ്സിനു് പ്രക്ഷേപണം ചെയ്യാനായി 'ത്യാഗമൂര്‍ത്തി' എന്ന പേരില്‍ ഒരു സംഗീതശില്പം ആബേലച്ചന് തയ്യാറാക്കി. ഏകദേശം 250 ഗാനങ്ങള്‍ രചിച്ച ആബേലച്ചന് സ്വന്തമായി 30 ഓഡിയോ കാസറ്റു് ഇറക്കിയിട്ടുണ്ടു്. ആബേലച്ചന്റെ 20 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു് 'ബൈബിള്‍ ഗാനമേള' എന്ന പേരില്‍ രണ്ടവസരത്തില്‍ ഞാറക്കലില്‍ വച്ചു് യേശുദാസു്, ഇബ്രാഹിം, ശാന്ത, ജോളി, ഗോപന്, ടോണി, പള്ളാന്, വിജയ, ആലിസു്, നളിനി നാരായണന്, സുധ വര്‍മ്മ എന്നിവര്‍ കലാഭവന്റെ മുഴുവന്‍ ഓര്ക്കെസ്ട്രയോടൊപ്പം ചേര്‍ന്നു അവതരിപ്പിച്ചതിനു ശേഷം, 'ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍' എന്ന പേരില്‍ ആബേലച്ചന് എഴുതിയതില്‍ നിന്നും തിരഞ്ഞെടുത്ത 10 ഗാനങ്ങള്‍ അടങ്ങുന്ന ഒരു എല്‍ പി റെക്കോര്‍ഡു് എച്ചു് എം വി കലാഭവനു വേണ്ടി 1970ല്‍ പുറത്തിറക്കി. ഇതില്‍ 'പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി' എന്ന ഗാനം യേശുദാസും, 'നട്ടുച്ചനേരത്തു് ' എന്നതു് യേശുദാസും വസന്തയും ചേര്‍ന്നു പാടി. ഗാനമേള എന്ന പരിപാടി തുടര്‍ന്നു പോന്നു. ഗാനമേള പരിപാടിയ്ക്കു് കൊഴുപ്പു് കൂട്ടാന്‍ പിന്നീടു് ഇതിനോടൊപ്പം അനുകരണകലയായ മിമിക്സു് പരിപാടി കൂടി പാട്ടിന്റെ ഇടവേളകളില്‍ ഉള്‍പ്പെടുത്തി. 'മിമിക്സു് പറേഡു്' എന്ന പേരില്‍ രംഗത്തു വന്ന ഈ കലാപരിപാടി കേരളത്തിലുടനീളം ഒരു തരംഗമായി.
ഒരു റിക്കാര്ഡിംഗു് ആന്റ് ഡബ്ബിംഗു് സ്റ്റുഡിയോ കൊച്ചിയില്‍ സ്ഥാപിക്കാനുള്ള ആശയം അച്ചന്റെ മനസ്സില്‍ വിതച്ചതു് തൃശൂര്‍ ശ്രീ പി രാധാകൃഷ്ണന് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ടു് യേശുദാസിനെ ആബേലച്ചന് കണ്ടപ്പോള്‍ യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരം 'ക്രിസ്ത്യന്‍ ആര്ട്ടു്സു്' എന്ന പേരു മാറ്റി 1969 സപ്തംബറില്‍ 'കലാഭവന്‍' എന്ന പേരില്‍ ഒരു സ്റ്റുഡിയോയുടെ ഉല്‍ഘാടനം നടന്നു. യേശുദാസിന്റെ എല്ലാ വിധ സഹായ സഹകരണവും കലാഭവനു് അനുഗ്രഹമായി.1974ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റു് 15നു് എറണാകുളം നോര്‍ത്തില്‍ ടൗണ്‍ഹാളിനു സമീപം കര്‍ദിനാള്‍ ജോസഫു് പാറേക്കാട്ടില്‍ നിര്‍വ്വഹിച്ച കലാ പരിശീലന കേന്ദ്രമായ കലാഭവന്റെ ശിലാസ്ഥാപനംകര്മ്മം നടന്നു. ഉപകരണസംഗീതവും ശാസ്ത്രീയസംഗീതവും നൃത്തവുമുള്പ്പെടെ വിവിധ വിഷയങ്ങള്‍ കലാഭവന്റെ കുടക്കീഴില് ആരംഭിച്ചു. ഒട്ടേറെ കലാകാരന്മാരുടെ വളര്‍ച്ചയ്ക്കു് കലാഭവന്‍ വേദി ഒരുക്കി. കലാഭവന്‍ വഴി 20ല്‍ പരം കലാകാരന്മാര് സിനിമാരംഗപ്രവേശം നേടി. അവരുടെ കൂട്ടത്തില്‍ ജയറാം, ദിലീപു്, കലാഭവന്‍ മണി, സിദ്ദിക്കു്, ലാല്‍, വര്‍ഗ്ഗീസു്, സൈനുദ്ദീന്‍, ഹരിശ്രീ അശോകന്, നവാസു്, റഹ്മാന്, തെസ്നി ഖാന്, പ്രസാദു്, കുഞ്ഞുമോന്, കൊച്ചിന് ഹനീഫ, സലീം കുമാര്‍, നാരായണന് കുട്ടി, അബി മുതല്‍ പേര് പെടും.
ഒരു പരീക്ഷണമെന്നോണം കലാഭവന്റെ കീഴില്‍ തുടങ്ങിയ കലാഭവന്‍ ടാലന്റ് റസിഡന്‍ഷ്യല്‍ സ്കൂള്‍ കേരളത്തിനു പുറത്തും വിദേശത്തു നിന്നും വിദ്യാര്‍ദ്ധികളെ ആകര്‍ഷിച്ചു. സാധാരണ സ്കൂളുകളിലെ പാഠ്യപദ്ധതികള്‍ക്കൊപ്പം കുട്ടികള്‍ക്കു് താല്പര്യമുള്ള കലാരംഗത്തെ പരിശീലനവും ഈ സ്കൂള്‍ നല്കിവന്നു. രാജ്യാന്തര നിലവാരമുള്ള സ്റ്റുഡിയോയും ചലച്ചിത്ര പരിശീലന കേന്ദ്രവും ആബേലച്ചന്റെ സ്വപ്നമായിരുന്നു.
പാരിതോഷികങ്ങള്‍ :
1. ആള് കേരള കാത്തലിക്കു് കോണ്‍ഗ്രസ്സു് അവാര്ഡു് - 1986 - സംഗീതകലയിലെ സംഭാനകള്ക്കംഗീക
2. കേരള സഭാതരം അവാര്ഡു് - 1992 - ഗാനരചനയ്ക്കും കലാഭവനിലെ സേവനങ്ങള്‍ക്കും അംഗീകാരം.
3. നാഷനല്‍ കാത്തലിക്കു് മീഡിയ അവാര്ഡു് - 1996 - കാത്തലികു് ബിഷപ്പു് കാണ്ഫറന്സു് ഒഫു് ഇന്‍ഡ്യ.
4. മീഡിയ അവാര്ഡു് - 1999
5. കെ സി ബി സി അവാര്ഡു് - 2000
6. വനിശ്ശേരി അവാര്ഡു് - 2000
2001 ഒക്ടോബര്‍ 27 ശനിയാഴ്ച രാത്രി 8:10നു് തൊടുപുഴയ്ക്കടുത്തു് വെങ്ങൂരിലുള്ള ചരകാസു് ആയുര്‍വേദ കേന്ദ്രത്തില്‍ വച്ചു് ആബേലച്ചന് അന്തരിച്ചു. മൃതദേഹം കുറവിലങ്ങാട്ടിനടുത്തു് കുര്യനാടു് സെന്റ് ആന്സു് ദേവാലയത്തില്‍ സംസ്കരിച്ചു.
കലാഭവനിലെ കലാകാരന്മാരുടെ അഭിപ്രായത്തില്‍ : കലയ്ക്കും സംഗീതത്തിനും വേണ്ടി സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നു ആബേലച്ചന്റേതു്. "ഞങ്ങളെ ഞങ്ങളാക്കിയ ആബേലച്ചനു വേണ്ടി സമര്‍പ്പിക്കുന്ന ജീവിതമാണു് ഞങ്ങളുടേതു്. അച്ചനും അതറിയാമായിരുന്നു. അച്ചനില്‍ നിന്നാണു് ഞങ്ങള്‍ എല്ലാം പഠിച്ചതു്. അച്ചന് ഇന്നും ഞങ്ങളോടൊപ്പം തന്നെ ഉണ്ടു്."
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ക്രിസ്ത്യന്‍ ആര്ട്ടു്സു് കലാകാര്‍, കലാഭവന്റെ വെബു്സൈറ്റു്, വിക്കിപീഡിയ, മാധ്യമങ്ങളിലെ വാര്‍ത്തകള്‍.