Beypore Mani
Director
ചലച്ചിത്രഛായാഗ്രാഹകനും, സംവിധായകനുമൊക്കെയായിരുന്ന ബേപ്പൂർ മണി എന്ന പി എസ് മണി 1951ൽ ബേപ്പൂരിൽ ജനിച്ചു. ജന്മനാ കലാവാസന ഉണ്ടായിരുന്ന മണി ഒരു ഗായകനും ഗിറ്റാറിസ്റ്റും ഒക്കെയായി ആണു് തന്റെ കലാജീവിതം ആരംഭിച്ചതു്. ഫോട്ടോഗ്രഫിയിൽ പ്രത്യേക താല്പര്യമുണ്ടായിരുന്നു. അങ്ങനെ സ്റ്റില്‍ ക്യാമറാമാനായി എഴുപതുകളില്‍ ചെന്നൈയിലെത്തി. ചില തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കു് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടു് ചലച്ചിത്രരംഗത്തേയ്ക്കു് ചുവടുവെച്ചു. പിന്നീടു് മലയാള ചലച്ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിക്കുവാൻ അവസരങ്ങൾ ലഭിച്ചു. സ്വർണ്ണവിഗ്രഹം എന്ന മലയാള സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചു. അതിനുശേഷം1980-ൽ പുറത്തിറങ്ങിയ പ്രതാപ്സിങ്ങിന്റെ ചിത്രമായ ‘ഡാലിയപ്പൂക്കള്‍’, 1989-ൽ പുറത്തിറങ്ങിയ പി.എന്‍. മേനോന്റെ ചിത്രമായ ‘പടിപ്പുര’ എന്നീ ചിത്രങ്ങളിലൂടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായി. ‘ഇളനീർ’,‘മോക്ഷം’ തുടങ്ങി ഒരുപിടി മലയാളസിനിമകൾക്കും തമിഴ്,തെലുങ്കു്,കന്നഡ ഭാഷകളിലുള്ള നിരവധി ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ടു്.1987 ൽ ‘ജനങ്ങളുടെ ശ്രദ്ധയ്ക്കു്’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടു് സിനിമാസംവിധാന രംഗത്തും പ്രവേശിച്ചിരുന്നു. പിന്നീടു് ‘അന്നു് ഗുഡ് ഫ്രൈഡേ’,‘മോക്ഷം’ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. കുട്ടികളുടെ ചിത്രമായ മോക്ഷത്തിനു് 1997 ലെ ഏറ്റവുംനല്ല കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡു് ലഭിച്ചു. നിരവധി പരസ്യചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ടു്.
ഭാര്യ : സാവിത്രി, മക്കൾ : സൗമ്യ, ശ്രീജൻ. കുടുംബത്തോടൊപ്പം ബേപ്പൂര്‍ നടുവട്ടത്തെ വസതിയില്‍ താമസിച്ചുവരികയായിരുന്ന ശ്രീ മണി 2014 ഫെബ്രുവരി 25നു് തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
The Hindu
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 3
Available Web Series : 0
Available Short Movies : 0
Relevant Articles