“ഒറ്റപ്പാലം പപ്പൻ” എന്നറിയപ്പെട്ടിരുന്ന ശ്രീ എൻ.പി. പത്മനാഭ മേനോൻ 1945 ജൂണ് 15 നു് പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്തെ പ്രശസ്തമായ വാപ്പാല തറവാട്ടിൽ ജനിച്ചു. അച്ഛൻ ശ്രീ വാപ്പാല നാരായണമേനോൻ; അമ്മ ശ്രീമതി പാറുക്കുട്ടിയമ്മ. സർദാർ പട്ടേലിന്റെ വലം കൈയും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്കു് വഹിച്ച വ്യക്തിയുമായ വാപ്പാല പങ്കുണ്ണിമേനോൻ എന്ന വി.പി. മേനോന്റെ (പിൽക്കാലത്തു് ഒറീസ്സ ഗവർണ്ണർ) സഹോദരൻ ആയിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ നാരായണമേനോൻ. ശ്രീ പപ്പനു് മൂന്നു സഹോദരിമാരും രണ്ടു സഹോദരന്മാരും ഉണ്ടായിരുന്നു.
ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂളിൽ നിന്നു് പത്താം ക്ലാസ് പൂർത്തിയാക്കിയശേഷം ഇദ്ദേഹം ഇന്ത്യൻ ആർമിയിൽ ചേർന്നു. അഭിനയകലയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം എട്ടുവർഷം പട്ടാളത്തിൽ സേവനമനുഷ്ടിച്ച ശേഷം അദ്ദേഹം നാട്ടിലേക്കു് മടങ്ങുകയും നാടകരംഗത്തു് സജീവമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. കൊല്ലം ട്യൂണ, ദൃശ്യകലാഞ്ജലി, ഉദയകല നാഷണൽ തീയേറ്റർ എന്നീ പ്രൊഫഷണൽ ട്രൂപ്പുകളിലും, അമച്വർ നാടകരംഗത്തും 'ഒറ്റപ്പാലം പപ്പൻ' എന്ന പേരിൽ സജീവമായി. നിരവധി അമച്വർ നാടകങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ടു്. തന്റെ ശബ്ദഗാംഭീര്യവും, സംഭാഷണചാതുരിയും കൊണ്ടു് അഭിനയകല കൂടാതെ പരസ്യകലാരംഗത്തും അനൗൺസർ എന്ന നിലയിലും അദ്ദേഹം വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ടു് .
1991ൽ ശ്രീ ലോഹിതദാസ് എഴുതി, ശ്രീ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത, 'വാത്സല്യം' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണു് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചതു്. അതിനുശേഷം സത്യൻ അന്തിക്കാടു്, കമൽ, സിബി മലയിൽ, ലാൽ ജോസ്, സുന്ദർ ദാസ് തുടങ്ങിയ പ്രഗൽഭ സംവിധായകരുടെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ശ്രദ്ധേയമായ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ഗോളാന്തര വാർത്തകൾ, മായാമയൂരം, ചകോരം, പിൻഗാമി, ഒരു മറവത്തൂർ കനവു്, സല്ലാപം തുടങ്ങിയ സിനിമകൾ കൂടാതെ കുറേയേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഈ അവസരത്തിൽത്തന്നെ മിനി സ്ക്രീനിൽ അഭിനയിക്കുവാനുള്ള അവസരങ്ങളും ഇദ്ദേഹത്തിനു് ലഭിച്ചു. ധാരാളം ടെലി-ഫിലിമുകളും, സീരിയലുകളിലും പ്രധാനപ്പെട്ട വേഷങ്ങൾ ലഭിച്ചു. ദേശാടനപ്പക്ഷി, ഓർമ്മകളുടെ വിരുന്നു്, കഥ കഥ കാരണം, സ്വാമി അയ്യപ്പൻ തുടങ്ങിയവ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച സീരിയലുകളാണു്. 'കിനാവിലെ മഹർ' എന്ന മാപ്പിള ടെലി-ഫിലിമിലെ ഇദ്ദേഹം അവതരിപ്പിച്ച മുസ്ലീം കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണു്. കൂടാതെ ഒട്ടനവധി ആൽബങ്ങളിലും അദ്ദേഹം അഭിനയിച്ചു.
2006 ൽ 'ഇരുൾ മേഘങ്ങൾക്കും സൂര്യരശ്മികൾക്കും മദ്ധ്യേ' എന്ന ടെലിഫിലിമിലെ അഭിനയത്തിനു് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡു് ലഭിച്ചിരുന്നു. എ.എൻ. ഗണേഷിന്റെ 'ഗോളാന്തര വാർത്ത' എന്ന നാടകത്തിലെ അഭിനയത്തിനു് മികച്ച നടനുള്ള അവാർഡും ലഭിച്ചിട്ടുണ്ടു്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധപതിപ്പിച്ചിരുന്ന ഈ കലാകാരൻ ‘ജനനന്മ സേവനസഭ’ എന്ന ട്രസ്റ്റിന്റെ സജീവപ്രവർത്തകനായിരുന്നു.
ഭാര്യ - ശ്രീമതി പങ്കജം. മക്കൾ - ധീരജ് പി മേനോൻ, ശരത് പി മേനോൻ. കുടുംബത്തോടൊപ്പം തിരുവില്വാമലയിൽ താമസിച്ചുവന്നിരുന്ന ഈ മികച്ച കലാകാരൻ 2013 ജൂലൈ 25 നു് തന്റെ അറുപത്തിയെട്ടാം വയസ്സിൽ ഈ ലോകത്തോടു് വിടവാങ്ങി.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia