Odessa Satyan
Actors
Areas of Contributions :
Actors
|
Year of First Movie | 1986 |
Year of Last Movie | 1986 |
Movies Acted In | 1 |
Released Movies | 1 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | John Abraham |
Favorite Producer | Odessa |
Number of Years in the Field | 1 |
മലയാളത്തിലെ സമാന്തര ജനകീയ ചലച്ചിത്രപ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു വ്യത്യസ്ത വ്യക്തിത്വമായിരുന്നു ഒഡേസാ സത്യൻ എന്നറിയപ്പെട്ടിരുന്ന ശ്രീ സി വി സത്യൻ. ജനകീയമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുവാനും സമൂഹത്തിലെ വിവിധതലങ്ങളിലുള്ള ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുവാനും വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. മലയാള ഡോക്യുമെന്ററി ചലച്ചിത്രരംഗത്തായിരുന്നു അദ്ദേഹത്തിന്റെ കൂടുതൽ കരുത്തുറ്റ സംഭാവനകൾ.
കുങ്കർ - ചീരു ദമ്പതികളുടെ മകനായി 1944 നവംബർ 23 നു് കോഴിക്കോടു് ജില്ലയിലെ വടകരയിലായിരുന്നു സത്യന്റെ ജനനം. ചെറുപ്പം മുതലേ ജനകീയ സാംസ്ക്കാരിക വേദികളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. തൊഴിലാളി സംഘടനകൾക്കുവേണ്ടി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ സമരങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. കോഴിക്കോട്ടുനിന്നു് വടകരയിലേക്കുള്ള ഒരു ബസ് യാത്രക്കിടയിൽ ആകസ്മികമായി പ്രശസ്ത ചലച്ചിത്രകാരൻ ജോണ്‍ എബ്രഹാമുമായി പരിചയപ്പെട്ടതു് സത്യന്റെ ജീവീതത്തിലെ ഒരു വഴിത്തിരിവായി. ആ പരിചയപ്പെടൽ വഴി ജോൺ എബ്രഹാമിന്റെ ഉറ്റ സുഹൃത്തും സഹയാത്രികനും ആയി മാറുകയായിരുന്നു സത്യൻ. ആ അടുപ്പം ചലച്ചിത്രമേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനും കാരണമായി. ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമായി 1984 ൽ സ്ഥാപിക്കപ്പെട്ട ജനകീയ സിനിമാസംരംഭമായ ഒഡേസാ കളൿടീവിന്റെ മുഖ്യചുമതലക്കാരൻ സത്യൻ ആയിരുന്നു. ജോൺ എബ്രഹാം,സത്യൻ എന്നിവരെകൂടാതെ സേതു, കെ.പി. കുമാരൻ തുടങ്ങി പ്രമുഖരായ ധാരാളം പേർ അടങ്ങിയ സമാന്തര സിനിമാപ്രവർത്തകരുടെ ഒരു കൂട്ടായ്മയായിരുന്നു ഒഡേസ. പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്തായിരുന്നു ഒഡേസാ കളൿടീവ് സിനിമകൾ നിർമ്മിച്ചതു്. ജോൺ എബ്രഹാം സംവിധാനം ചെയ്ത, ഒഡേസാ കളൿടീവ് നിർമ്മാണച്ചുമതല നിർവ്വഹിച്ച, അവരുടെ ആദ്യസംരംഭമായ ‘അമ്മ അറിയാന്‍‘ എന്ന സിനിമയിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടു് ശ്രീ സത്യൻ. സമാന്തര സിനിമാസ്വാദന സംസ്ക്കാരം വളർത്തുവാൻ കേരളത്തിലുടനീളം ഗ്രാമങ്ങളിലും തെരുവുകളിലും വിശ്വോത്തരസിനിമകളും നമ്മുടെ സമാന്തരചലച്ചിത്രശാഖയിലെ സിനിമകളും പ്രദർശിപ്പിക്കുവാൻ സത്യൻ മുൻനിരയിൽ പ്രവർത്തിച്ചു. ഇതു കൂടാതെ ശില്പശാലകളും സിനിമാ സംവിധായകരായും മറ്റു പ്രമുഖചലച്ചിത്രപ്രവർത്തകരായുമുള്ള മുഖാമുഖങ്ങളും നടത്തുവാനും അദ്ദേഹം നേതൃത്വം നൽകി. ശ്രീ ജോൺ എബ്രഹാമിന്റെ മരണശേഷം ഒഡേസായുടെ മുഖ്യസാരഥ്യം സത്യനിൽ അർപ്പിതമായി. ഒഡേസയുടെ ആസ്ഥാനം വടകരയിലേക്കു് മാറ്റുകയും അദ്ദേഹം തുടങ്ങിവെച്ച ജനകീയ ചലച്ചിത്രപദ്ധതികളിൽ സ്വയം അർപ്പിച്ചു കൊണ്ടു് ഈ പ്രസ്ഥാനവുമായി മുന്നോട്ടുപോയ സത്യൻ അങ്ങനെ ‘ഒഡേസാ സത്യൻ’ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി.
പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണവും ജനകീയ പിന്തുണയും കൈമുതലാക്കി ഒഡേസാ സത്യൻ ആറു് ശ്രദ്ധേയങ്ങളായ ഡോക്യുമെൻററികൾ നിർമ്മിച്ചിട്ടുണ്ടു്. ‘ഇത്രയും യാതഭാഗം', 'വേട്ടയാടപ്പെട്ട മനസ്സ്', 'മോർച്ചറി ഓഫ് ലൗ', ‘അഗ്നിരേഖ’, 'ബലിക്കുറിപ്പുകൾ', ‘വിശുദ്ധപശു' എന്നിവയാണു് അവ. എല്ലാറ്റിന്റെയും അവതരണവിഷയം സമൂഹമനസ്സിനെ ഞെട്ടിക്കുകയും നൊമ്പരപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ ആയിരുന്നു. ആദ്യത്തെ സംരംഭം ‘ഇത്രയും യാതഭാഗം' എന്ന, തന്റെ സന്തത സഹചാരിയായിരുന്ന കവി എ. അയ്യപ്പന്റെ ജീവിതവും യാത്രാവഴികളും പകർത്തിക്കൊണ്ടുള്ള, ഡോക്യുമെന്ററി ആയിരുന്നു. 2007ലെ സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഇതു് പുരസ്കാരം നേടിയിരുന്നു. അധികാരികളുടെ ആജ്ഞയിൽ നക്സല്‍ നേതാവ് വർഗ്ഗീസിനെ വെടിവെച്ചുകൊല്ലേണ്ടി വന്ന കോണ്‍സ്റ്റബിൾ രാമചന്ദ്രന് നായരുടെ കുറ്റബോധത്തെ മുൻനിർത്തിയുള്ള ‘വേട്ടയാടപ്പെട്ട മനസ്സ്’ ശ്രദ്ധിക്കപ്പെട്ടു. വ്യാജപ്രണയങ്ങളെ തുറന്നുകാട്ടുന്ന 'മോർച്ചറി ഓഫ് ലൗ', കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘അഗ്നിരേഖ‘ ഇവയാണു് പിന്നീടു ചെയ്തവ. ഇതിൽ ‘അഗ്നിരേഖ’ക്കു് പൂനെയിലെ ഫാല്‍ക്കെ സൊസൈറ്റിയുടെ അവാർഡു് ലഭിച്ചു. ‘ബലിക്കുറിപ്പു്’ കവി എ.അയ്യപ്പനെക്കുറിച്ചു് ഒരു സംഗീതശില്പമായി തയ്യാറാക്കി അവതരിപ്പിച്ച ഡോക്യുമെന്ററി ചിത്രമായിരുന്നു. ഇതു് ജനശ്രദ്ധ പിടിച്ചുപറ്റുകയും കേരള സംഗീത നാടക അക്കാദമിയുടെ സ്പെഷ്യൽ ജൂറി പരാമർശം ലഭിക്കുകയും ചെയ്തു. അവസാനമായി ചെയ്തതു് ‘വിശുദ്ധപശു' ആണു്. ദേവാരാധനയുടെ പേരിൽ ആരാധിക്കപ്പെടുകയും അതേസമയം ബലിക്കു വിധേയമാകുകയും ചെയ്യപ്പെടുന്ന മൃഗങ്ങളുടെ അവസ്ഥയെ വിഷയമാക്കി രാഷ്ട്രീയമായ അനവധി തലങ്ങളും മാനങ്ങളുമുള്ള ഡോക്യുമെൻററി ആയിരുന്നു ‘വിശുദ്ധപശു’. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ സത്യന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ സജീവസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. കോളമിസ്റ്റ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടിരുന്നു.
ഒഡേസാ പ്രസ്ഥാനത്തിൽ തന്റെ സഹപ്രവര്‍ത്തകയായിരുന്ന പേരാവൂര്‍ സ്വദേശി ജെന്നിയാണു് ശ്രീ സത്യന്റെ ജീവിതസഖി. സോയ, സാന്ദ്ര എന്നിവര്‍ മക്കള്‍. കച്ചവട സിനിമകളോടു് മുഖം തിരിച്ചും ചലച്ചിത്രലോകത്തിന്റെ വർണ്ണപ്പൊലിമകളിൽ നിന്നകന്നും പരുപരുത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ വേറിട്ട വഴികളിലൂടെ സധൈര്യം സഞ്ചരിച്ച സത്യൻ കുറച്ചുകാലമായി രോഗഗ്രസ്തനായി ചികിത്സയിലായിരുന്നു. 2014 ഓഗസ്റ്റ് 19 നു് അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
Wikipedia
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 1
Movie |
Year |
Producer |
Director |
Amma Ariyaan |
1986 |
Odessa |
John Abraham |
Available Web Series : 0
Available Short Movies : 0