മലയാള നാടകശാഖയ്ക്കു് ഗണ്യമായ സംഭാവനകൾ നൽകിയ പ്രസിദ്ധ നാടകകൃത്തും നാടകസംവിധായകനും അഭിനേതാവും ആയിരുന്നു എൻ എൻ ഇളയതു് എന്നറിയപ്പെട്ടിരുന്ന ശ്രീ എൻ നാരായണൻ ഇളയതു്. അദ്ദേഹം 1940 ഓഗസ്റ്റ് 20 നു് ആലപ്പുഴയിൽ മണ്ണഞ്ചേരി എന്ന സ്ഥലത്തു് ജനിച്ചു. അച്ഛൻ - മണ്ണഞ്ചേരി മണപ്പള്ളി ഇല്ലത്തു് നാരായണൻ ഇളയതു്, അമ്മ - നങ്ങേലി അന്തർജ്ജനം. നാടകകലയോടു് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്ന നാരായണൻ ഇളയതു് തന്റെ പതിനാറാം വയസ്സിൽ കലാജീവിതം ആരംഭിച്ചു. നാടകാഭിനയത്തോടൊപ്പം നാടകസംവിധാനരംഗത്തും നാടകരചനാരംഗത്തും തിളങ്ങി. പിൽക്കാലത്തു് മലയാള നാടകവേദി എന്ന പേരില്‍ സ്വന്തമായി നാടകവേദി രൂപീകരിക്കുകയും ചെയ്തു. ഇതോടൊപ്പം എന്‍ എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതി, കേരള തിയറ്റേഴ്സ്, കോട്ടയം ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാര്‍ നവധാര, ചങ്ങനാശ്ശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങി നിരവധി പ്രസിദ്ധ നാടകസമിതികളുമായി ബന്ധപ്പെട്ടു് സജീവമായി പ്രവര്‍ത്തിച്ചു പോന്നിരുന്നു. നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നുവീണിട്ടുണ്ടു്. വസുപഞ്ചകം, സര്‍വ്വജ്ഞാനപീഠം, അമരകോശം, ഇതിഹാസം, ദൈവം ചിരിക്കുന്നു, ഉദയം കിഴക്കുതന്നെ, ഉല്പ്രേക്ഷ, ഉണരാന്‍ സമയമായി, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം, മരിക്കാന്‍ ഞങ്ങൾക്കു് മനസ്സില്ല തുടങ്ങി മുപ്പതോളം നാടകങ്ങളുടെ രചന നിർവ്വഹിച്ചു. അന്നത്തെ പ്രമുഖ നാടകപ്രവർത്തകരായിരുന്ന എസ്.പി. പിള്ള, വി. ടി. അരവിന്ദാക്ഷമേനോൻ, വീരരാഘവൻനായർ, ചങ്ങനാശേരി നടരാജൻ, ചേർത്തല ലളിത, അംബുജാക്ഷൻ, ലീലാറാണി, ആലപ്പി തങ്കം തുടങ്ങിയവരോടൊപ്പം നാടകവേദിയിൽ പ്രവർത്തിച്ചിരുന്നു.
ശ്രീ എൻ എൻ ഇളയതിന്റെ ഭ്രാന്താലയം, പഞ്ചതന്ത്രം എന്നീ നാടകങ്ങൾ സാഹിത്യ പ്രവർത്തകസഹകരണ സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇതുകൂടാതെ നാടക പാഠം ഒന്നാം പാഠം എന്ന പഠനഗ്രന്ഥം കേരള സാംസ്കാരിക വകുപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി. നാടകരംഗത്തെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. പ്രധാനമായി ലഭിച്ചവ 2011ലെ കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം, നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2012ൽ ലഭിച്ച കേരള സംഗീതനാടക അക്കാദമി പുരസ്കാരം എന്നിവയാണു്. ഏതാണ്ടു് അറുപതുവർഷത്തോളം ഊർജ്ജസ്വലതയോടെ കലാരംഗത്തു് നിലകൊണ്ടിരുന്ന ഇദ്ദേഹം നിരവധി ടെലിവിഷൻ സീരിയലുകളിൽ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിട്ടുണ്ടു്. തൂവൽകൊട്ടാരം, പ്രണയവർണ്ണങ്ങൾ, ആയിരത്തിൽ ഒരുവൻ, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ടു്.
തിരുവനന്തപുരത്തു് വട്ടിയൂർക്കാവിൽ മണപ്പള്ളി ഇല്ലത്തു് കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ - സാവിത്രി അന്തർജ്ജനം.മക്കൾ - ജയശ്രീ, രാജശ്രീ, ശൈലശ്രീ, വിജയശ്രീ, രജനീകാന്ത്, ജമനീകാന്ത്. കലാരംഗത്തുള്ള സഹപ്രവർത്തകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം ‘ഇളയച്ഛൻ’ എന്നാണു് വിളിച്ചിരുന്നതു്. തന്റെ പ്രവർത്തനമേഖലകളിലും പ്രവർത്തനശൈലിയിലും എല്ലായ്പ്പോഴും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു തിളങ്ങിയ ഒരു തികഞ്ഞ കലാകാരനായിരുന്നു ഇദ്ദേഹം. അവസാനകാലത്തു് ഏകദേശം നാലുവർഷത്തോളം അസുഖമായി ചികിത്സയിലായിരുന്നു. 2014 ജൂലൈ 29 നു് തന്റെ എഴുപത്തിനാലാമത്തെ വയസ്സിൽ ശ്രീ എൻ എൻ ഇളയതു് അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia