Dr Namboothiri
Actors
Areas of Contributions :
Actors
|
Year of First Movie | 1975 |
Year of Last Movie | 1984 |
Movies Acted In | 6 |
Released Movies | 6 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | P Subramaniam |
Favorite Producer | P Subramaniam |
Number of Years in the Field | 10 |
കുന്നംകുളം കാലടി മനയിൽ ആയൂർവേദ ആചാര്യനായിരുന്ന ശ്രീനാരായണൻ നമ്പൂതിരിയുടേയും പ്രിയദത്ത അന്തർജ്ജനത്തിന്റേയും മൂന്നുമക്കളിൽ ഇളയ ആളായിരുന്നു ഡോക്ടർ നമ്പൂതിരി. യഥാർത്ഥപേരു് എം കെ പരമേശ്വരൻ നമ്പൂതിരി. കാലടി നമ്പൂതിരി എന്നപേരിലും അറിയപ്പെട്ടിരുന്നു. ജന്മനാതന്നെ അഭിനയവാസനയുണ്ടായിരുന്ന ഇദ്ദേഹം കോളേജിൽ പഠിക്കുമ്പോൾത്തന്നെ പലനാടകങ്ങളിലും അഭിനയിക്കുകയും പല തവണ മികച്ച അഭിനേതാവിനുള്ള പുർസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടു്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം എന്നും ഒപ്പമുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസകാലത്തു് പഠിത്തത്തിനായിരുന്നു പ്രഥമ സ്ഥാനം.കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനായി ആയൂർവേദകോളേജിൽ ചേർന്നു പഠിച്ചു് ബിരുദം നേടി. പിന്നീടു് തന്റെ അഭിനയജീവിതം ഒന്നു പരീക്ഷിക്കുവാൻ വേണ്ടി നാടകങ്ങളിൽ അഭിനയിക്കുവാൻ തുടങ്ങി.കുന്നംകുളം ഗീതാ തീയേറ്റേഴ്സിലും, പ്രസിദ്ധ അഭിനേതാവായിരുന്ന ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ അന്നു് നടത്തിവന്നിരുന്ന നാടകസമിതിയിലും പ്രധാനപ്പെട്ട നായകവേഷങ്ങളിൽ ഏകദേശം രണ്ടുവർഷത്തോളം അഭിനയിച്ചു. നാടകാഭിനയം സിനിമയിലേക്കുള്ള വഴി തെളിച്ചു. 1974 ൽ ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രരംഗത്തേയ്ക്കു് കടന്നുവന്നതു്. അതേത്തുടർന്നു് സ്വാമി അയ്യപ്പൻ, ഹൃദയം ഒരു ക്ഷേത്രം, പാപത്തിനു മരണമില്ല, കൃഷ്ണപ്പരുന്തു്, കൽക്കി, ഉൾക്കടൽ, ഒരു നിമിഷം തരൂ തുടങ്ങിയ ധാരാളം ചലച്ചിത്രങ്ങളിൽ തരക്കേടില്ലാത്ത വേഷങ്ങൾ ചെയ്തു. ഒരു ആയുർവേദ ഡോകടറായ താൻ അഭിനയജീവിതത്തോടൊപ്പം തന്റെ തൊഴിൽപരമായ കാര്യങ്ങളോടും നീതിപുലർത്തണം എന്ന നിശ്ചയത്തോടെ അദ്ദേഹം പിന്നീടു് കുന്നംകുളത്തു് ‘നാരായണീയം’ എന്ന പേരിൽ ഒരു ആയൂർവേദ ആശുപത്രി സ്ഥാപിച്ചു് പ്രവർത്തനം ആരംഭിച്ചു. ഡോക്ടർ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആ ആശുപത്രി നല്ലനിലയിൽ ഒരുപാടു് രോഗികൾക്കു് ആശ്രയമായി പ്രവർത്തിച്ചുപോന്നിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതോടൊപ്പംതന്നെ അഭിനയജീവിതവും മുന്നോട്ടുകൊണ്ടു പോകുവാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സിനിമയിലും പല ടെലിഫിലിമുകളിലും സജീവമായി അഭിനയിച്ചിരുന്നു. അഭിനയജീവിതത്തിനിടയിൽ കണ്ടുമുട്ടി പ്രണയത്തിലായ പ്രസിദ്ധ അഭിനേത്രി ശ്രീലതയെ 1979 ൽ വിവാഹം കഴിച്ചു. ‘പാപത്തിനു മരണമില്ല’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
ഡോക്ടർ നമ്പൂതിരി ഒരു നല്ല എഴുത്തുകാരനുംകൂടി ആയിരുന്നു. പഞ്ചകർമ്മ ചികിത്സയിൽ അതി വിദഗ്ദ്ധനായിരുന്ന ഇദ്ദേഹം പഞ്ചകർമ്മ ചികിത്സയെ സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ടു്. ഡോക്ടർ നമ്പൂതിരി - ശ്രീലത ദമ്പതികൾക്കു് ഒരു പുത്രനും ഒരു പുത്രിയുമാണുള്ളതു് - വിശാഖ്, ഗംഗ. അല്പകാലം രോഗാതുരനായി കിടന്നതിനുശേഷം 2005 മെയ് 29 നു് ഒരു നടനും എഴുത്തുകാരനും അതിലുപരി ഒരു മികച്ച ഡോക്ടറുമായിരുന്ന ശ്രീ നമ്പൂതിരി തന്റെ 55 മത്തെ വയസ്സിൽ അകാലത്തിൽ ഈ ലോകത്തോടു് വിടപറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
മലയാളത്തിലെ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ (1989) - ലേഖകൻ കടുവാക്കുളം ആന്റണി
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 6
Available Web Series : 0
Available Short Movies : 0