ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
36മതു് മേളകര്ത്താരാഗമാണു് ചലനാട്ട. സമ്പൂര്ണ്ണരാഗം. ഷഡു്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് ഈ രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍. (ചതുശ്രുതിഋഷഭം, ചതുശ്രുതിധൈവതം എന്നീ സ്വരങ്ങളുടെ യഥാക്രമം സാധാരണഗാന്ധാരം, കൈശികിനിഷാദം എന്നീ സ്വരങ്ങളുടെ സ്ഥാനത്താണു് പാടുന്നതു്. അതിനാല്‍ ഇതൊരു വിവാദമേളരാഗമാണു്.)
ചലനാട്ടയില് ജന്യമായ 'നാട്ട' എന്ന രാഗമാണു് ചലാട്ടയേക്കാള് വളരെ പ്രസിദ്ധമായ രാഗമെന്നതു് ശ്രദ്ധേയമാണു്. 72മതു് മേളകര്ത്തരാഗമായ 'രസികപ്രിയ' യാണു് ചലനാട്ടയുടെ പ്രതിമദ്ധ്യമരാഗം. ചലാനാട്ട ഒരു മൂര്ച്ഛനാകാരകരാഗമാണു്. ഈ രാഗത്തിന്റെ ഗാന്ധാരം ആധാരമാക്കി ശ്രുതിഭേദം ചെയ്താല്‍ 45മതു് മേളരാഗമായ 'ശുഭപന്തുവരാളി' ജനിക്കും. വിശദമായ ആലാപത്തിനു് ഇടം നല്‍കാത്തതും അധികം കൃതികളോ ഗാനങ്ങളോ ഇല്ലാത്തതുമായ രാഗമാണു് ചലനാട്ട.
ബാലുസ്വാമിദീക്ഷിതരുടെ "രാജാധിരാജ' (ആദി), കോടീശ്വരയ്യരുടെ 'ഏതയ്യാഗതി' (ആദി), എന്നിവയാണു് ഈ രാഗത്തിലെ ചില കൃതികള്‍.
'പനിവിഴും മലര്‍വനം' (തമുഴു് - നിനൈവെല്ലാം നിത്യ) ചലനാട്ടിയില് ചിട്ടപ്പെടുത്തിയ ഗാനമാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍