ആരോഹണം : സരിസമഗമപധനിസ
അവരോഹണം : സനിധപമഗരിസ
ഈ രാഗത്തെ ആഹിരി എന്നും വിളിക്കാറുണ്ടു്. ഇതു് 14മതു് മേളകര്‍ത്താരാഗമായ വകുളാഭരണത്തിന്റെ ജന്യരാഗമാണു് എന്നു് ശാസ്ത്രം പറയുന്നു. ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ഷഡു്ജം, ശുദ്ധഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണു്. ഇതേ സ്വരങ്ങള്‍ തന്നെ അവരോഹണത്തിലും വരുന്നു, എന്നാല്‍ ആരോഹണം വക്രമായതിനാല് ഇതൊരു വക്രസമ്പൂര്ണ്ണരാഗമാണു്. ഗാന്ധാരം, മധ്യമം, നിഷാദം എന്നിവ രാഗച്ഛായാസ്വരങ്ങളാണു്. എന്നാല്‍ പ്രയോഗത്തില്‍ പലപ്പോഴും സാധാരണഗാന്ധാരം സ്പര്‍ശിച്ചു പാടാറുള്ളതുകൊണ്ടു് ഇതൊരു ഭാഷാംഗരാഗമാണെന്നു് പറയാറുണ്ടു്. കരുണരസത്തെ ധ്വനിപ്പിക്കാന്‍ കഴിയുന്ന രാഗമാണു് ആഹരി.
ഈ രാഗത്തിലെ പ്രധാന കൃതികള്‍ : ശ്രീകമലാംബാ ജയതി (ആദി, ദീക്ഷിതര്‍ ), എടുലകാപാടുതുപോ (തൃപുട), ആദയശ്രീരഘുവര (ആദി, ത്യാഗരാജസ്വാമികള്‍ ), മായമ്മ (ആദി, ശ്യാമശാസ്ത്രി ), പന്നഗേന്ദ്ര (ആദി), പനിമതിമുഖിബാലേ (മിശ്രചാപ്പു്, സ്വാതിതിരുനാള്‍ ) എന്നിവയാണു്.
എം ടി വാസുദേവന്‍ നായരുടെ നില്മ്മാല്യം എന്ന സിനിമയില്‍ സുകുമാരി നരേന്ദ്രമേനോന് 'പനിമതിമുഖബാലേ' എന്ന അനുപല്ലവി ആലപിച്ചിട്ടുണ്ടു്. (സാധാരണ അനുപല്ലവിയിലാണു് ഈ കീര്‍ത്തനം പാടിത്തുടങ്ങാറുള്ളതു്. ) സ്വാതിതിരുനാള്‍ കൃതികളില്‍ ഈ രാഗത്തിലെ വിശേഷപ്രയോഗങ്ങള് വളരെ മനോഹരമായി രാഗഭാവമുളവാക്കുന്ന രീതിയില്‍ പ്രയോഗിച്ചിരിക്കുന്നു. മഗപമഗരി, പധധപമ, സനിധധനിധ, സമഗമപ എന്നീ പ്രയോഗങ്ങള്‍ പല്ലവിയിലും അനുപല്ലവിയിലും ധാരാളം കാണാം.
ഈ രാഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസം വളരെ പ്രസിദ്ധമാണു്. ആഹരി പാടിയാല്‍ ആഹാരം ലഭിക്കുകയില്ല എന്നു് പല സംഗീതജ്ഞരും വിശ്വസിക്കുന്നു. അതു് കൊണ്ടു് വരാളിരാഗം പോലെ തന്നെ ഈ രാഗവും ഗുരുക്കന്മാര് ശിഷ്യന്മാര്ക്കു് വിശദമായി പഠിപ്പിച്ചു കൊടുക്കാറില്ല. ഭാഗവതര്മാര് ഈ രാഗം കച്ചേരിയുടെ മധ്യഭാഗത്തു് മാത്രമേ പാടാറുള്ളു. ഈ വിശ്വാസം ക്രമേണ കുറഞ്ഞു വരുന്നുണ്ടെങ്കിലും ഈ രാഗത്തിന്റെ വിളദരൂപം ഇപ്പോഴും പലര്‍ക്കും അറിയില്ല. വിസ്തരിച്ച ആലാപനത്തിനു് സാധ്യതയില്ലാത്ത ഒരു രാഗമാണു് ആഹരി.
ആധാരം : സാധകം - തയ്യാറാക്കിയതു് : പ്രൊഫ. കെ മോഹന്‍ദാസു്
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍