1969 - ദാദാ സാഹെബ് ഫാൽകെ - ഇന്ത്യൻ സിനിമയുടെ പിതാവിൻറെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഭാരത സർക്കാർ ദേശീയ സിനിമ അവാർഡ് കളുടെ കൂട്ടത്തിൽ ഒരു പുതിയ അവാർഡ് കൂടി കൂട്ടിച്ചേർത്തു - "ദാദാ സാഹെബ് ഫാല്കെ അവാർഡ് " ഇന്ത്യൻ സിനിമയ്ക്ക് വിശിഷ്ടമായ സംഭാവനകൾ നൽകിയ സിനിമാ ലോക വ്യക്തികൾക്കാണ് അവാർഡ് . നടീനടന്മാർ, സംവിധായകർ, നിർമ്മാതാക്കൾ, സംഗീത പ്രതിഭകൾ, മറ്റു സാങ്കേതിക കലാകാരന്മാർ - ഈ മേഖലകൾ എല്ലാം ഉൾപ്പെടും അവാർഡു പരിഗണനയ്ക്കായി.
2014 ലെ അവാർഡ് - ഹിന്ദി സിനിമാലോകത്തെ പ്രശസ്ത എഴുത്തുകാരൻ, ഗാന രചയിതാവ് - ഗുൽസാർ.
കഴിഞ്ഞ കാലങ്ങളിൽ അവാർഡ് നേടിയവർ :
1970 - ദേവിക റാണി - അഭിനേത്രി, നിർമ്മാതാവ്
1971 - ബി എൻ സർക്കാർ - നിർമ്മാതാവ്
1972 - പ്രിഥ്വിരാജ് കപൂർ - നടൻ , നിർമ്മാതാവ്
1973 - പങ്കജ് മല്ലിക്ക് - സംഗീതം, ഗായകൻ, നടൻ
1974 - സുലോചന - അഭിനേത്രി
1975 - ബി എൻ റെഡ്ഡി - സംവിധായകൻ (ദക്ഷിണേന്ത്യൻ സിനിമ )
1976 - ധിരെൻ ഗാന്ഗുലി - നടൻ, സംവിധായകൻ,നിർമ്മാതാവ്
1977 - കാനൻ ദേവി - ഗായികാതാരം
1978 - നിതിൻ ബോസ് - സംവിധായകൻ,ഛായാ ഗ്രാഹകൻ, ലേഖകൻ
1979 - റായി ചന്ദ് ബോറാൽ - സംഗീത സംവിധായകൻ
1980 - സോഹരാബ് മോഡി - നടൻ , സംവിധായകൻ, നിർമ്മാതാവ്
1981 - പി ജയരാജ് - നടൻ , സംവിധായകൻ
1982 - നൌഷാദ് - സംഗീത സംവിധായകൻ
1983 - എൽ വി പ്രസാദ് - നടൻ , സംവിധായകൻ, നിർമ്മാതാവ് (ദക്ഷിണേന്ത്യൻ സിനിമ )
1984 - ദുർഗാ ഖോട്ടെ - അഭിനേത്രി
1985 - സത്യജിത് റായ് - സംവിധായകൻ , ലേഖകൻ
1986 - വി ശാന്താറാം - നടൻ , സംവിധായകൻ,നിർമ്മാതാവ്
1987 - ബി നാഗി റെഡ് ഡി - നിർമ്മാതാവ്
(ദക്ഷിണേന്ത്യൻ സിനിമ )
1988 - രാജ് കപൂർ - നടൻ, സംവിധായകൻ,നിർമ്മാതാവ്
1989 - അശോക് കുമാർ - നടൻ,നിർമ്മാതാവ്
1990 - ലത മങ്കേഷ്കർ - പിന്നണി ഗായിക
1991 - എ നാഗേശ്വര റാവു - നടൻ
(ദക്ഷിണേന്ത്യൻ സിനിമ )
1992 - ഭാൽജി പെൻഡാർകർ - സംവിധായകൻ, നിർമാതാവ്, ലേഖകൻ
1993 - ഭൂപൻ ഹസാരിക - സംഗീത സംവിധായകൻ,ഗായകൻ, ഗാനരചന, ലേഖകൻ
1994 - മജ്രൂഹ് സുൽത്താൻപുരി - ഗാന രചയിതാവ്
1995 - ദിലീപ് കുമാർ - നടൻ
1996 - രാജ് കുമാർ - നടൻ, ഗായകൻ
(ദക്ഷിണേന്ത്യൻ സിനിമ )
1997 - ശിവാജി ഗണേശൻ - നടൻ, നിർമാതാവ്
(ദക്ഷിണേന്ത്യൻ സിനിമ )
1998 - കവി പ്രദീപ് - ഗാന രചയിതാവ് , ഗായകൻ
1999 - ബി ആർ ചോപ്ര - നിർമാതാവ് , സംവിധായകൻ
2000 - ഋ ഷികേഷ് മുഖർജി - സംവിധായകൻ
2001 - ആശാ ഭോസ്ലെ - പിന്നണി ഗായിക
2002 - യശ് ചോപ്ര - സംവിധായകൻ, നിർമ്മാതാവു്
2003 - ദേവ് ആനന്ദ് - നടൻ,സംവിധായകൻ, നിർമ്മാതാവു്
2004 - മൃ ണാൾ സെൻ - സംവിധായകൻ
2005 - അടൂർ ഗോപാല കൃഷ്ണൻ - സംവിധായകൻ
(ദക്ഷിണേന്ത്യൻ - മലയാളം - സിനിമ )
2006 - ശ്യാം ബെനെഗൽ - സംവിധായകൻ
2007 - തപൻ സിൻഹ - സംവിധായകൻ
2008 - മന്നാഡേ - പിന്നണി ഗായകൻ
2009 - വി കെ മൂർത്തി - ഛായാഗ്രാഹകൻ
2010 - ഡി രാമ നായിടു - സംവിധായകൻ, നിർമ്മാതാവു്
(ദക്ഷിണേന്ത്യൻ സിനിമ )
2011 - കെ ബാലചന്ദർ - സംവിധായകൻ
(ദക്ഷിണേന്ത്യൻ സിനിമ )
2012 - സൗമിത്ര ചാറ്റർജി - നടൻ
2013 - പ്രാണ് - നടൻ
2014 - ഗുൽസാർ - ഗാന രചയിതാവ്, ലേഖകൻ
ഇതുവരെ 45 ഫാൽകെ അവാർഡുകൾ - അതിൽ മലയാളത്തിന്റെ പങ്ക് - ഒന്ന് മാത്രം - അടൂർ ഗോപാലകൃഷ്ണൻ.
മറ്റു ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലായി 8 അവാർഡുകൾ .
കൃത്യമായി പറഞ്ഞാൽ 20 ശതമാനം ആണ് ദക്ഷിണേന്ത്യൻ സിനിമയുടെ പങ്ക് - ഫാല്കെ അവാർഡ് മേഖലയിൽ
മലയാള സിനിമയുടെ പങ്ക് - 2.22 ശതമാനം.
ഇന്ത്യൻ സിനിമയുടെ അവിഭാജ്യഘടകം ആണ് സംഗീതം. സംഗീതത്തിനും ഫാൽകെ അവാർഡ് അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുണ്ടോ അവാർഡ് ദാനത്തിൽ ?
ഇന്ത്യൻ സിനിമയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയ ദക്ഷിണേന്ത്യൻ സിനിമയ്ക്കും അർഹിക്കുന്ന അംഗീകാരം നൽകി ബഹുമാനിച്ചിട്ടുണ്ടോ ഫാൽകെ അവാർഡുകൾ ?
ഫാൽകെ അവാർഡ് ജേതാക്കളുടെ സംഭാവനകൾ വിശിഷ്ടം തന്നെ. അവാർഡു്ജേതാക്കളുടെ വിശിഷ്ട സംഭാവനകളെ ശിരസാ അംഗീകരിച്ചു കൊണ്ടുതന്നെ - ഈ അവാർഡ് പട്ടികയിൽ സ്ഥാനം പിടിക്കാൻ അർഹരെന്നു സിനിമാപ്രേമികൾ കാംക്ഷിച്ചു പോകുന്ന ചില അതുല്യപ്രതിഭകളെ ഈ തരുണത്തിൽ നമുക്ക് സ്മരിക്കാം. ഒപ്പം ദക്ഷിണേന്ത്യൻ സിനിമയെ വല്ലപ്പോഴും കടാക്ഷിക്കുകയും മലയാള സിനിമയെ ഒരിക്കൽ മാത്രം ബഹുമാനിക്കുകയും ചെയ്ത ഫാല്കെ അവാർഡ് എന്ന, ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയെ കുറിച്ച് ഒരു പുനർ ചിന്തനം.
ഫാൽകെ അവാർഡുകൾ ഇന്ത്യൻ സിനിമയ്ക്ക് വിശിഷ്ട സംഭാവനകൾ നൽകിയ സിനിമ പ്രതിഭകൾക്ക് - മലയാള സിനിമയിലെ പ്രതിഭകൾ ഒരുക്കിയ ചിത്രങ്ങൾക്ക് - ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡുകൾ ലഭിച്ച വർഷങ്ങളും ചിത്രങ്ങളും -
വർഷം ചിത്രം സംവിധായകൻ
1965 ചെമ്മീൻ രാമു കര്യാട്ട്
1972 സ്വയംവരം അടൂർഗോപാലകൃഷ്ണൻ
1973 നിർമാല്യം എം ടി
1985 ചിദംബരം അരവിന്ദൻ
1988 പിറവി ഷാജി എൻ കരുണ്
1995 കഥാപുരുഷൻ അടൂർ ഗോപാലകൃഷ്ണൻ
1999 വാനപ്രസ്ഥം ഷാജി എൻ കരുണ്
2000 ശാന്തം ജയരാജ്
2006 പുലിജന്മം പ്രിയനന്ദനൻ
2009 കുട്ടി സ്രാങ്ക് ഷാജി എൻ കരുണ്
2010 ആദാമിന്തെ മകൻ അബു സലിം അഹമദ്
മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ - കന്നടത്തിൽ 6,തമിഴിൽ 2 ചിത്രങ്ങൾക്കും ആണു് ഇതുവരെ ദേശിയ അവാർഡ് ലഭിച്ചിട്ടുള്ളത്.
ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡുകൾ കരസ്ഥമാക്കിയ ദക്ഷിണേന്ത്യൻ സംവിധായകർ നിരവധി -
വർഷം സംവിധായകൻ ഭാഷ ചിത്രം
1971 ഗിരിഷ് കർണാട് / ബി വി കാരന്ത് കന്നഡ വംശ വൃക്ഷ
1972 അടൂർ ഗോപാലകൃഷ്ണൻ മലയാളം സ്വയംവരം
1976 പി ലങ്കേഷ് കന്നഡ പല്ലവി
1977 അരവിന്ദൻ മലയാളം കാഞ്ചനസീത
1978 അരവിന്ദൻ മലയാളം തമ്പ്
1984 അടൂർ ഗോപാലകൃഷ്ണൻ മലയാളം മുഖാമുഖം
1986 അരവിന്ദൻ മലയാളം ഒരിടത്ത്
1987 അടൂർ ഗോപാലകൃഷ്ണൻ മലയാളം അനന്തരം
1988 ഷാജി എൻ കരുണ് മലയാളം പിറവി
1989 അടൂർ ഗോപാലകൃഷ്ണൻ മലയാളം മതിലുകൾ
1993 റ്റി വി ചന്ദ്രൻ മലയാളം പൊന്തൻ മാട
1996 അഗത്യൻ തമിഴ് കാതൽ കോട്ടൈ
1997 ജയരാജ് മലയാളം കളിയാട്ടം
1998 രാജീവ് നാഥ് മലയാളം ജനനി
2001 ബി ലെനിൻ തമിഴ് ഊരുക്കു നൂറു പേർ
2007 അടൂർ ഗോപാലകൃഷ്ണൻ മലയാളം നാല് പെണ്ണുങ്ങൾ
2008 ബാല തമിഴ് നാൻ കടവുൾ
2010 വെറ്റി മാരൻ തമിഴ് അടുക്കലം
ഏറ്റവും മികച്ച അഭിനയത്തിനുള്ള ദേശിയ അവാർഡ് കരസ്ഥമാക്കിയ ദക്ഷിണേന്ത്യൻ നടന്മാർ .
1971 എം ജി ആർ റിക്ഷാക്കാരൻ തമിഴ്
1973 പി ജെ ആന്റണി നിർമാല്യം മലയാളം
1975 എം വി വി റാവു ചോമന ദുടി കന്നഡ
1977 ഗോപി കൊടിയേറ്റം മലയാളം
1980 ബാലൻ കെ നായർ ഓപ്പോൾ മലയാളം
1982 കമലഹാസൻ മൂന്നാം പിറൈ തമിഴ്
1986 ചാരുഹാസൻ തബരന്നകഥ കന്നഡ
1988 പ്രേംജി പിറവി മലയാളം
1989 മമ്മൂട്ടി മതിലുകൾ/ഒരു വടക്കൻ വീരഗാഥ മലയാളം
1991 മോഹൻലാൽ ഭരതം മലയാളം
1993 മമ്മൂട്ടി പൊന്തൻ മാട മലയാളം
1996 കമലഹാസൻ ഇന്ത്യൻ തമിഴ്
1997 ബാലചന്ദ്ര മേനോൻ സമാന്തരങ്ങൾ മലയാളം
1997 സുരേഷ് ഗോപി കളിയാട്ടം മലയാളം
1999 മോഹൻലാൽ വാനപ്രസ്ഥം മലയാളം
2001 മുരളി നെയ്ത്തു കാരൻ മലയാളം
2003 വിക്രം പിതാമഹൻ തമിഴ്
2007 പ്രകാശ് രാജ് കാഞ്ചീവരം തമിഴ്
2010 ധനുഷ് അടുക്കലം തമിഴ്
2010 സലിംകുമാർ ആദാമിന്റെ മകൻ അബു മലയാളം
2013 സുരാജ് വെഞ്ഞാരമ്മൂട് പേരറിയാത്തവർ മലയാളം
മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിയ ദക്ഷിണേന്ത്യൻ സിനിമ നക്ഷത്രങ്ങൾ
1968 ശാരദ തുലാഭാരം മലയാളം
1972 ശാരദ സ്വയംവരം മലയാളം
1973 നന്ദിനി കാട് കന്നഡ
1976 ലക്ഷ്മി സില നേരങ്ങളിൽ സില മനിതർകൾ തമിഴ്
1978 ശാരദ നിമജ്ജനം തെലുങ്ക്
1979 ശോഭ പശി തമിഴ്
1985 സുഹാസിനി സിന്ധുഭൈരവി തമിഴ്
1986 മോനിഷ നഖക്ഷതങ്ങൾ മലയാളം
1987 അർച്ചന വീട് തമിഴ്
1988 അർച്ചന ദാസി തെലുങ്ക്
1990 വിജയശാന്തി കർത്തവ്യം തെലുങ്ക്
1993 ശോഭന മണിച്ചിത്രത്താഴ് മലയാളം
2003 മീര ജാസ്മിൻ പാഠം ഒന്ന് ഒരു വിലാപം മലയാളം
2004 താര ഹസീന കന്നഡ
2006 പ്രിയാമണി പരുത്തി വീരൻ തമിഴ്
2007 ഉമാശ്രീ ഗുലാബി ടാൽകീസ് കന്നഡ
2010 ശരണ്യ പൊൻ വന്ണൻ തെൻ മേർക്ക് പരുവ കാറ്റ് തമിഴ്
ദേശീയ തലത്തിൽ ദക്ഷിണേന്ത്യൻ സിനിമയുടെ സംഭാവനകളെയും, വിശിഷ്യ മലയാള സിനിമയുടെ പ്രാധാന്യത്തെയും കുറിച്ച് ഒരു സാമാന്യ ധാരണ നൽകാനായിട്ടാണ് മേലേ സിനിമാപട്ടികകൾ നൽകിയത്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ഫാൽകെ അവാർഡിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സിനിമയ്ക്കും, ദേശീയ തലത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സംഭാവനകൾ നല്കിയ മലയാള സിനിമയ്ക്കും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ? സംശയമില്ല - ലഭിച്ചിട്ടില്ല തന്നെ. നേരത്തേ സൂചിപ്പിച്ചതതുപോലെ, ഇതുവരെ ഫാൽകെ അവാർഡ് നേടിയ കലാകാരന്മാരെയും കലാകാരികളെയും മറ്റു സാങ്കേതിക വിഭാഗക്കാരെയും ബഹുമാനിച്ചു കൊണ്ടും ഒരു പുനർചിന്തനം.
മരണാനന്തര ബഹുമതിയായി ഫാൽകെ അവാർഡ് നൽകാറില്ല , ഇത് വരെ നല്കീട്ടില്ല എന്നാണു അറിവ്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്ന സിനിമ പ്രതിഭകളിൽ സീനിയർ ആയവർക്കാണ് നൽകേണ്ടത് എന്നതാണ് ഒരു പൊതു തത്വം - ഒരു അലിഖിത നിയമം ആയി മനസ്സിലാക്കേണ്ടത്.1970 മുതൽ ആണല്ലോ ഫാൽകെ അവാർഡ് നൽകാൻ ആരംഭം ആയതു്.1970 നു ശേഷം നമ്മോടു വിടപറഞ്ഞ ചില പ്രതിഭകളെയെങ്കിലും നമുക്കൊന്ന് സ്മരിക്കാം (ദക്ഷിണേന്ത്യൻ സിനിമാലോകം )
1. ചിറ്റൂർ വി നാഗയ്യ - 1904 - 1973. നടൻ, ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ അതിപ്രശസ്തൻ. (1952 ലെ "അൽഫോൻസ " എന്ന മലയാള ചിത്രത്തിൽ പിന്നണി പാടിയതായി പാട്ട് പുസ്തകം - നാഗയ്യ തെലുങ്ക് ചിത്രങ്ങൾക്കായി ചിട്ടപ്പെടുത്തിയ ഈണങ്ങൾ ആദ്യ കാല മലയാള ചിത്രങ്ങൾ കടമെടുത്തു - "വന്ദേ മാതരം " 1939 ലെ ഈണങ്ങൾ "ജ്ഞാനാംബിക " യിൽ ഉദാഹരണം )
"ത്യാഗയ്യ" - നിർമ്മാണം, സംവിധാനം, സംഗീതം, നായകൻ - (1946) ഇന്ത്യൻ സിനിമയിലെ ഒരു ക്ലാസ്സിക് . "ദേവത " (1941), "സ്വർഗ്ഗസീമ " (1945) തുടങ്ങിയ തെലുങ്ക് ചിത്രങ്ങൾ എക്കാലത്തേയും ജനപ്രിയ ക്ലാസ്സിക്കുകൾ.
2. കെ സുബ്രഹ്മണ്യം - (1904 - 1971 ) - നിർമ്മാതാവ്, നടൻ, സംവിധായകൻ. നർത്തകി പത്മാസുബ്രഹ്മണ്യത്തിന്റെ പിതാവ്. 1939 ലെ "ത്യഗഭൂമി" എന്ന ഒറ്റ തമിഴ് ചിത്രം മതി ഈ അതുല്യപ്രതിഭയെ ഇന്ത്യൻ സിനിമ എന്നെന്നും ഓർക്കാൻ. ബ്രിട്ടീഷ് സർക്കാരിനെതിരെ ശബ്ദം ഉയർത്തിയ ചിത്രത്തെ ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചു. നിരോധന ഉത്തരവ് ലഭിക്കുന്നതുവരെ ഇടവേളയില്ലാതെ പ്രദർശിപ്പിച്ചു ഈ ചിത്രം . ഇദ്ദേഹം നിർമ്മിച്ച /സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും ഗാന്ധിയൻ ആദർശങ്ങളും ദേശഭക്തിയും പ്രചരിപ്പിച്ചു . തമിഴ് ചിത്രങ്ങൾ "ബാലയോഗിനി " (1936 - ജാതി -മത ഭേദം ), "ഭക്ത ചേത " ( 1940 - തീണ്ടായ്മ ), "ത്യാഗഭൂമി " (1939 - ദേശസ്നേഹം, ബ്രിട്ടീഷ് വിരുദ്ധ വികാരം ) ഉദാഹരണം.മലയാളത്തിൽ നിർമ്മിച്ച / സംവിധാനം ചെയ്ത ചിത്രം "പ്രഹ്ലാദ " (1941)
3. പി സുബ്രഹ്മണ്യം (1910 - 1978) നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തൻ "മെറി ലാൻഡ് " സ്റ്റുഡിയോ സ്ഥാപകൻ. മലയാള സിനിമാവ്യവസായം അഭിവൃദ്ധി പ്രാപിക്കാൻ ചുക്കാൻ പിടിച്ച നിർമ്മാതാവും സംവിധായകനും. "നീലാ പ്രൊദക്ഷൻസ് "ന്റെ ബാനറിൽ നിരവധി മലയാള ചിത്രങ്ങൾ നിർമ്മിച്ചു.
4. പി ഭാനുമതി (1925 - 2005 ) "അഷ്ടാവദാനി " എന്ന് സിനിമാലോകം വിശേഷിപ്പിച്ചിരുന്ന അതുല്യ പ്രതിഭ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിൽ തിളങ്ങിയ നിര്മാതാവ്, അഭിനേത്രി, ഗായിക, സംഗീത സംവിധായക, ഗാന രചയിതാവ്, എഴുത്തുകാരി , ചിത്രമെഴുത്തുകാരി, വാദ്യോപകരണ വിദുഷി - ഭാനുമതി സിനിമയിലെ എല്ലാ തുറകളിലും പ്രാവീണ്യം നേടി. "ഭരണി സ്റ്റുഡിയോ" സ്ഥാപിച്ചു.ആദ്യകാല തമിഴ് ചിത്രങ്ങളിൽ എം ജി ആർ ന്റെനായിക. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ സ്വന്തം ശബ്ദത്തിൽ പാടി. 1984 ലെ മലയാളം ഡബ്ബിംഗ് "ഭക്തധ്രുവ മാർഖണ്ടെയ " ഈ കലാകാരി സംവിധാനം ചെയ്ത ചിത്രമായിരുന്നു.
5. ബി ജയമ്മ ( 1915- 1988 ) കന്നഡ സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ ഗായികാതാരം. കന്നടത്തിൽ "ജീവന നാടക " (1942), "ഹേമ റെഡ് ഡി മല്ലമ്മ " (1945), തെലുങ്കിൽ "സ്വർഗ്ഗസീമ" (1945), "ത്യാഗയ്യ " (1946) , പ്രശസ്ത ചിത്രങ്ങൾ .
6. കുഞ്ചാക്കോ - (1912 - 1976 ) നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ. മലയാള സിനിമയിലെ ഒരു ശക്തി സ്തംഭം 1950 കളിലും 1960, 1970 കളിലും. മലയാള സിനിമയെ പുഷ്ടിപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. "ഉദയ സ്റ്റുഡിയോ " സ്ഥാപിച്ചു.
നിർമ്മിച്ച / സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റ്.
7.വയലാർ രാമവർമ്മ (1929 -1975) മലയാള സിനിമയുടെ അഭിമാനമായ ഗാനരചയിതാവിനെക്കുറിച്ചൊരു പരാമർശം തന്നെ ആവശ്യം ഇല്ല. ഒരു ലേഖനത്തിൽ പ്രശസ്ത സിനിമ/ സംഗീത നിരൂപകൻ വി എ കെ രംഗറാവു വയലാറിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു " He brought the essence of Marxism, Darwin's theory of evolution , the parables from the Bible , all into Malayalam song ".1973 ൽ "അഛനും ബാപ്പയും" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
8. ദേവരാജൻ ( 1927 - 2006) - മലയാള സിനിമാ സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ ദേവരാജൻ വഹിച്ച പങ്ക് അവർണ്ണനീയം.
സംഗീതത്തിനുള്ള ദേശീയ അവാർഡ് നൽകിയില്ല എന്നുള്ളതു് ആ അതുല്യ സംഗീതപ്രതിഭയോടുള്ള അവഗണന അല്ലാതെന്തു് ? ദേശീയ അവാർഡിനെക്കാൾ വലിയ അംഗീകാരം ആണു് അവിടുത്തെ ഈണങ്ങൾക്ക് തലമുറകൾ നൽകി വരുന്ന ബഹുമതി.
9. ജി അരവിന്ദൻ - 1935 - 1991. സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണ് കലാകാരൻ എന്നീ നിലകളിൽ സിനിമയിൽ പ്രസിദ്ധൻ.
മാതൃഭൂമി വാരികയിലെ "ചെറിയ മനുഷ്യനും വലിയ ലോകവും " എന്ന പരമ്പരയിൽ കൂടി ശ്രദ്ധപിടിച്ചു പറ്റി. "ഉത്തരായണം " (1974) "കാഞ്ചന സീത " (1977 ), "തമ്പ് " (1978), "കുമ്മാട്ടി ", "എസ്തപ്പാൻ " (1979),"പോക്കുവെയിൽ" (1981), "ചിദംബരം " (1985), "ഒരിടത്ത് " (1986),"വാസ്തുഹാര" ( 1990) തുടങ്ങിയ ലോകോത്തര ചിത്രങ്ങളിൽ കൂടി കലാനൈപുണ്യം തെളിയിച്ച മഹാപ്രതിഭ.
10. പി ഭാസ്കരൻ (1924 - 2007 ) മലയാള സിനിമാ ഗാനശാഖയെ ഭാവഗീതങ്ങളാൽ സമ്പന്നമാക്കിയ കവിതിലകൻ. സംവിധായകൻ,നിർമ്മാതാവ്, എന്നീ നിലകളിൽ കഴിവു തെളിയിച്ച കലാകാരൻ. നീലക്കുയിൽ, ആദ്യ കിരണങ്ങൾ, ഇരുട്ടിന്റെ ആത്മാവ്, തുറക്കാത്ത വാതിൽ തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങളിൽ കൂടി സംവിധാനമികവും തെളിയിച്ച മലയാള സിനിമയുടെ പാട്ടെഴുത്തുകാരൻ.
11. പ്രേം നസീർ (1928 - 1989 ) ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാള സിനിമയുടെ "നിത്യ ഹരിത നായകൻ " ഹിന്ദിയിൽ ദേവ് ആനന്ദ് , തമിഴിൽ ജെമിനി ഗണേശൻ , ശിവാജി ഗണേശൻ തുടങ്ങിയ നായക താരങ്ങൾ, തെലുങ്കിൽ എൻ റ്റി രാമ റാവു, കന്നടത്തിൽ രാജ്കുമാർ തുടങ്ങിയ നായകന്മാരോട് താരതമ്യം.
12. പത്മിനി ( 1934 - 2006 ) ഇന്ത്യൻ സിനിമയിലെ "നർത്തകി"യും നായികയും. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ കൂടി ജനപ്രീതി അന്തർദേശീയ തലത്തിൽ ഇന്ത്യൻ സിനിമയുടേയും നൃത്ത കലയുടേയും ഖ്യാതി പരത്തിയ അഭിനേത്രി. ഹിന്ദിയിൽ "മിസ്റ്റർ സമ്പത്ത് ", "ജിസ് ദേശ് മേ ഗംഗ ബഹ്തി ഹൈ ", തമിഴിൽ "തില്ലാന മോഹനാംബാൾ ", " വിയറ്റ്നാം വീട് ", മലയാളത്തിൽ "സ്നേഹസീമ ", " അദ്ധ്യാപിക " "കുമാര സംഭവം " - അഭിനേത്രിയുടെ ചില അവിസ്മരണീയ ചിത്രങ്ങൾ മാത്രം. ഒരുകാലത്തു് ഈ നർത്തകി സഹോദരിമാർ - രാഗിണി, ലളിത എന്നിവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ നൃത്തവിഭാഗം തന്നെ കീഴടക്കി. സഹോദരിമാരിൽ പത്മിനി കൂടുതൽ പ്രസിദ്ധി നേടി - നർത്തകിയായും അഭിനേത്രിയായും.
13. എം ജി ആർ (1917 - 1987) വിശേഷണങ്ങൾക്കു് അതീതൻ ആയ അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ. "ഭാരതരത്നം " ബഹുമതി ലഭിച്ച ഈ സിനിമ ലോക വിസ്മയത്തിനു ഫാൽകെ അവാർഡ് നൽകി ബഹുമാനിച്ചില്ല എന്നതിനു കാരണങ്ങൾ എന്താണാവോ?
14. കണ്ണദാസൻ (1927 - 1981) മലയാള സിനിമയിൽ വയലാറിനും പി ഭാസ്കരനും ഉള്ള സ്ഥാനം ആണ് കണ്ണദാസൻ എന്ന അതുല്യ കലാപ്രതിഭയ്ക്ക് - തമിഴ് സിനിമാഗാന ശാഖയ്ക്ക് പേരും പ്രശസ്തിയും നൽകി.
ഈ ലിസ്റ്റ് പൂർണ്ണം അല്ല. ഈ അവസരത്തിൽ ഒന്നു പറയേണ്ടിയിരിക്കുന്നു - വർഷത്തിൽ ഒരു ഫാൽകെ അവാർഡ് മാത്രം .
ഒരു കലാകാരന്റെ / കലാകാരിയുടെ ജീവിതകാലത്തെ വിശിഷ്ട സംഭാവനകൾക്കാണ് ഫാല്കെ അവാർഡ് ബഹുമതി. അങ്ങനെ ഇരിക്കെ ഓരോ വർഷവും അവാർഡ് നിർണ്ണയിക്കുമ്പോൾ അവാർഡിനായി നാമനിർദ്ദേശം ലഭിച്ച ലിസ്റ്റിൽ നിന്നും ജേതാവിനെ തിരഞ്ഞെടുക്കുമ്പോൾ ആ ജേതാവിന്റെ പ്രായം അല്ലെങ്കിൽ സീനിയോരിറ്റി കണക്കിൽ എടുക്കേണ്ടതല്ലേ - ആ കലാകാരന്റെ സംഭാവനകൾ പരിഗണിക്കുന്നതിനോടൊപ്പം ? കാരണം കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല, മരണം എന്ന ശാശ്വത സത്യവും. ഈ രണ്ടു തത്വങ്ങൾ മനസ്സിൽ വെച്ചു് ഒന്ന് ഓർത്തുനോക്കുക - മേൽ വിവരിച്ച കലാകാരന്മാരോട് നീതി പുലർത്തീട്ടുണ്ടോ ഫാൽകെ അവാർഡ് ദാനം ?
ഉത്തരേന്ത്യൻ സിനിമയിലും അവാർഡ് ലഭിക്കാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ചില കലാപ്രതിഭകൾ :
1. സരസ്വതി ദേവി (1912 - 1980) ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സംഗീത സംവിധായിക (ജദ്ദൻ ബായ് - എന്ന പേരു് മാറ്റി നിർത്തുന്നു. സംഗീത സംവിധായിക ആയി പെരേടുത്തില്ല, ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചു എങ്കിലും ) ആയി അംഗീകാരം നേടിയ പാർസീ സമുദായ അംഗം. സമുദായ വിലക്കുകളെ സധൈര്യം നേരിട്ട് നിരവധി ആദ്യ കാല ഹിന്ദി ചിത്രങ്ങൾക്ക് സംഗീതം നൽകി.
ചില സൂപ്പർ ഹിറ്റുകൾ - 1930- 1940 കളിലെ "അചൂത് കന്യ ", കങ്കൻ, ജന്മഭൂമി, ബന്ധൻ തുടങ്ങിയ ചിത്രങ്ങൾ. സംഗീത സംവിധായികയുടെ യഥാർത്ഥ നാമം - ഖുർശീദ് മഞ്ചെർഷാ മിനോച്ചർ ഹോംജി. ഇന്ത്യൻ സിനിമയുടെ ആരംഭകാലത്തു് സമുദായത്തിന്റെ എതിർപ്പുകളെ വകവെക്കാതെ സിനിമാസംഗീതത്തിനായി പോരാടി എന്നതാണ് ഈ കലാപ്രതിഭയെ വ്യത്യസ്ത ആക്കുന്നത്.
2. വിജയ് ഭട്ട് (1907 - 1993 ) ഒരേ ഒരു വിശേഷണം - മഹാത്മാ ഗാന്ധി കണ്ട ഏക ചിത്രമായ ഹിന്ദി "രാമ രാജ്യ " (1943) യുടെ നിർമ്മാതാവും സംവിധായകനും. മറ്റ് മഹൽ ചിത്രങ്ങൾ - നർസി ഭഗത് (1940), ഭരത് മിലാപ് (1942), ബൈജു ബാവര (1952 ). പ്രകാശ് സ്റ്റുഡിയോ സ്ഥാപകൻ.
3. സലിൽ ചൗധരി (1925 - 1995 ) പ്രത്യേകം പരാമർശം ആവശ്യം ഇല്ല ഇന്നത്തെ തലമുറയ്ക്ക് പോലും. ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമാസംഗീതത്തെ മഹത്തരം ആക്കിയ സംഗീത സംവിധായകൻ. തലമുറകൾ ഏറ്റു പാടുന്നു ഈ അതുല്യ സംഗീത പ്രതിഭയുടെ ഈണങ്ങൾ. ഹിന്ദിയിലെ "മധുമതി" യും മലയാളത്തിലെ "ചെമ്മീൻ" എന്ന ചിത്രവും മതി സംഗീത പ്രേമികളുടെ പ്രിയ "സലിൽ ദാ " യെ എന്നെന്നും ഓർക്കാൻ.
4. മുഹമ്മദ് റഫി (1924 - 1980) ഇന്ത്യൻ സിനിമാസംഗീതത്തിൽ പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യം ഇല്ലാത്ത പിന്നണി ഗായകൻ.
ഫാൽകെ അവാർഡ് ലഭിക്കാതെ പോയ ചില മഹാപ്രതിഭകളുടെ കാര്യത്തിൽ കാലം ഒരു വിപരീതഘടകം ആയിരുന്നു. ഉദാഹരണത്തിനു് തമിഴ് സിനിമാസംഗീത ലോകത്തെ മഹാപ്രതിഭ - കഴിഞ്ഞ നൂറ്റാണ്ടു കണ്ട ഒരു മഹാ വാഗ്ഗേയകാരൻ പാപനാശം ശിവൻ. ആരംഭ കാലം മുതൽ തമിഴ് സിനിമാ സംഗീതവുമായി സഹകരിച്ചു പോന്ന സംഗീത സംവിധായകനും ഗാന രചയിതാവും ആയിരുന്ന പാപനാശം ശിവൻ.
(1894 - 1973 ) ഫാൽകെ അവാർഡ് തുടങ്ങിയ ആരംഭ വർഷങ്ങളിൽ ഈ "സീനിയർ " കലാകാരനെ അവാർഡ് നൽകി ബഹുമാനിക്കാൻ വ്യഗ്രത കാണിച്ചില്ല.1970 മുതൽ 1973 വരെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരുമായി തുലനം ചെയ്യുമ്പോൾ ഈ കാര്യത്തിലുള്ള ശ്രദ്ധക്കുറവു്, അല്ലെങ്കിൽ അലസ / അലംഭാവ മനോഭാവം അനുഭവപ്പെടുന്നു. എം എസ് സുബ്ബലക്ഷ്മി അഭിനയിച്ച "ശകുന്തള ", "സേവാ സദനം " തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങൾക്ക് സംഗീതം നൽകി പാപനാശം ശിവൻ. "ത്യാഗ ഭൂമി ", "ഭക്ത ചേത ", "കുചേല ", "കുബേര കുചേല " തുടങ്ങിയ ചിത്രങ്ങളിൽ പാടി അഭിനയിച്ചു. നിരവധി തമിഴ് ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. എം എസ് സുബ്ബലക്ഷ്മി അഭിനയിച്ച "മീര " യിലെ മിക്ക ഗാനങ്ങളും രചിച്ചതു് പാപനാശം ശിവൻ ആയിരുന്നു. എം കെ ത്യാഗരാജ ഭാഗവതർ അഭിനയിച്ച മിക്ക ചിത്രങ്ങളിലെ ഗാനരചന നിർവ്വഹിച്ചത് പാപനാശം ശിവൻ തന്നെ. കലാകാരന്മാരുടെ സീനിയോരിറ്റിയും അവരുടെ "വിശിഷ്ട" സംഭാവനകളും കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെങ്കിൽ പാപനാശം ശിവനും ഏതൊരു അർത്ഥത്തിലും ബഹുമതിക്ക് യോഗ്യൻ തന്നെ - പ്രാദേശിക അതിർവരമ്പുകൾക്കു വിധേയം അല്ല എങ്കിൽ !!
ഈ അവസരത്തിൽ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിനു ഭാഷയുടെ അതിർവരമ്പുകൾക്ക് അതീതമായി - തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലായി ആയിരക്കണക്കിന് ശ്രുതിമധുര ഈണങ്ങൾ സംഭാവന ചെയ്ത എം എസ് വിശ്വനാഥൻ എന്ന സംഗീത സംവിധായകൻ ഫാൽകെ അവാർഡിനായി ദക്ഷിണേന്ത്യൻ സിനിമ ഒന്നടങ്കം മുറവിളി കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
ഫാൽകെ അവാർഡ് അർഹതപ്പെട്ട കലാകാരന്മാരുടെ ലിസ്റ്റിൽ താഴെ പറയുന്ന കലാകാരന്മാർ കടന്നു കൂടീട്ടുണ്ടോ എന്നു് അറിയില്ല. ലിസ്റ്റിൽ ഇവർ ഇല്ല എങ്കിൽ അതിനുള്ള കാരണം - വിവേചനം അല്ലാതെ മറ്റൊരു കാരണം തേടി പോകേണ്ട ആവശ്യം ഇല്ല തന്നെ.
(ഫാൽകെ അവാർഡിനായി നാമ നിർദേശം നടത്തുന്ന സംഘടന / കമ്മിറ്റി യുടെ ശ്രദ്ധ ഇത്തരം കാര്യങ്ങളിൽ ചെലുത്തുക ) ഈ ലിസ്റ്റ് ഒരു ഉദാഹരണം മാത്രം - ലിസ്റ്റ് അപൂർണം , മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയിൽ മാത്രം ഒതുങ്ങുന്നു.
1. എം റ്റി വാസുദേവൻ നായർ . തിരക്കഥ രചന, സംവിധാനം - ഈ അതുല്യ സാഹിത്യകാരൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ എത്ര മഹത്തരം - മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, നിർമ്മാല്യം, നഗരമേ നന്ദി, എന്നിങ്ങനെ തുടരുന്ന നീണ്ട ലിസ്റ്റ് .
2. കമലഹാസൻ - "ലോക നടൻ " എന്നു് വിശേഷിപ്പിക്കാവുന്ന അഭിനയ പ്രതിഭ. വിദേശചിത്രങ്ങളിൽവരെ സാന്നിദ്ധ്യം. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് - വിവിധ ഭാഷകളിൽ എത്രയെത്ര പ്രശസ്ത ചിത്രങ്ങൾ - മിക്കതും ബോക്സ് ഓഫീസ് ഹിറ്റുകൾ.
3. എ വിൻസെന്റ്റ് - ഛായാഗ്രാഹകൻ, സംവിധായകൻ.
മുടിയനായ പുത്രൻ (1961), നീലക്കുയിൽ (1954) തുടങ്ങിയ ആദ്യ കാല ചിത്രങ്ങളിൽ ക്യാമറ കൊണ്ട് ദൃശ്യവിസ്മയം സൃഷ്ടിച്ചു. സംവിധാനം ചെയ്ത "ഭാർഗ്ഗവിനിലയം", മുറപ്പെണ്ണ് ", " അശ്വമേധം”, “തുലാഭാര”,“നഖങ്ങ” തുടങ്ങിയ ചിത്രങ്ങൾ ക്ലാസ്സിക്കുകൾ.
4. മധു - അഭിനയ പ്രതിഭ. ചെമ്മീൻ, നഖങ്ങൾ, ഉമ്മാച്ചു, മാന്യശ്രീ വിശ്വാമിത്രൻ - വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഉമ സ്റ്റുഡിയോ സ്ഥാപകൻ. സംവിധായകൻ - "പ്രിയ " "സിന്ദൂരച്ചെപ്പ് ", "സതി" - സംവിധായക മികവിന്റെ ഉദാഹരണം.
5. ശശികുമാർ - വിജയ ചിത്രങ്ങളുടെ രഹസ്യം - ശശികുമാർ. പ്രേം നസീറിനെ നായകനാക്കി എത്രയെത്ര സാഹസിക ചിത്രങ്ങൾ .
6 കെ എസ് സേതുമാധവൻ - സംവിധായക പ്രതിഭ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ കഴിവു തെളിയിച്ചു. ഓടയിൽ നിന്ന്, അടിമകൾ, അരനാഴികനേരം, ഓപ്പോൾ, ചട്ടക്കാരി - എത്രയെത്ര ചിത്രങ്ങൾ. തമിഴിൽ "നമ്മവർ ", ഹിന്ദിയിൽ "ജുലീ " - അതുല്യ സംവിധായകന്റെ മികവാർന്ന സംഭാവനകൾ.
7. ശാരദ - ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ അഭിനയമികവിന്റെ ഉദാഹരണമായി വിളങ്ങുന്ന അഭിനേത്രി. മികച്ച നടിക്കുള്ള ദേശിയ അവാർഡ്.
8. ഷീല - മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങൾ.
9. കെ ജെ യേശുദാസ് - ശരിയായ അർത്ഥത്തിൽ "ഗാന ഗന്ധർവ്വൻ " - ഇന്ത്യയിലെ ഒട്ടു മിക്കഭാഷകളിലായി എത്രയെത്ര ഹിറ്റ് ഗാനങ്ങൾ പാടി. നിരവധി ദേശീയ,സംസ്ഥാന അവാർഡുകൾ - മികച്ച ഗായകനുള്ള ബഹുമതികൾ.
വൈജയന്തിമാല - ഹിന്ദി സിനിമാലോകം ആയിരുന്നു ഈ നർത്തകിയുടെ പ്രധാന പ്രവർത്തനമേഖല. ജനനം കൊണ്ട് തെക്കേ ഇന്ത്യക്കാരി ആയതുകൊണ്ടാണോ ഈ കലാപ്രതിഭയെത്തേടി ഫാൽകെ അവാർഡ് വരാത്തത് ? ഹിന്ദിയിലെ "മധുമതി", "ദേവദാസ്" , - അഭിനയ മികവിനു് ഉദാഹരണങ്ങൾ. എത്രയെത്ര അനശ്വരചിത്രങ്ങൾ? തമിഴിലെ "വാഴ്കൈ ", " പെണ് " തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ ക്ലാസ്സിക്കുകൾ . "വഞ്ചികൊട്ടെ വാലിബൻ" ഈ നർത്തകിയുടെ അഭിനയമികവിന്റെയും കൂടി മാറ്റുരയ്ക്കുന്നു. ഫാൽകെ അവാർഡ് നൽകി ആദരിക്കേണ്ട കലാകാരി.
ഫാൽകെ അവാർഡുകളുടെ ദാനം കുറ്റമറ്റതാക്കാൻ എന്താണ് വേണ്ടത് ? പ്രാദേശിക ഭിന്നത ഇല്ലാതെ അർഹരായ സീനിയർ കലാകാരന്മാരുടെ ലിസ്റ്റ് ആദ്യം തയ്യാറാക്കുക. ഈ ലിസ്റ്റിൽ നിന്നും സീനിയൊരിറ്റിയും അവരുടെ സിനിമാസംഭാവനകളും കണക്കിലെടുക്കുക - അവാർഡ് നല്കുക. സീനിയോരിറ്റി വളരെ പ്രധാനം - കാരണം, ജീവിതകാലത്തു് മാത്രം ആണു് ഈ അവാർഡ് നൽകി വരുന്നതു്. മരണാനന്തരബഹുമതി ആയി നൽകാറില്ല. സിനിമാലോകത്തെ ഓരോ കലാകാരന്റെയും സ്വപ്നമാണ് ഈ അംഗീകാരം. ചരമാനന്തര ബഹുമതി ആയി ഇത് നൽകിയാൽത്തന്നെ ആ കലാകാരനോട് ചെയ്യുന്ന ഒരു ബഹുമതി ആകില്ല അവാർഡ് - ഒരു ചടങ്ങ് മാത്രം ആകും.
പ്രാദേശിക ഭിന്നതകളും സംക്ഷിപ്ത താൽപര്യങ്ങളും ഇടപെടാതെയുള്ളതായിരിക്കണം സിനിമയിലെ ഈ പരമോന്നത ബഹുമതി ദാനം .
വാൽക്കഷ്ണം -
പ്രാദേശിക ഭിന്നതയ്ക്ക് വിധേയം ആണോ എന്നു തോന്നിപ്പോകുന്ന മറ്റൊരു ബഹുമതി - പത്മ അവാർഡ് പോലെയുള്ള ബഹുമതികൾ. ഹിന്ദിസിനിമയിൽ ഈ അവാർഡ് ലഭിക്കാത്ത നടീനടന്മാരെ കണ്ടെത്താൻ പ്രയാസം. എന്നാൽ തെക്കേ ഇന്ത്യൻ സിനിമയിൽ ഈ അവാർഡ് ലഭിച്ച നടീനടന്മാരെ കണ്ടെത്താനും പ്രയാസപ്പെടേണ്ടി വരുന്നു. ഈ അവാർഡ് ദാനവുമായി ബന്ധപ്പെട്ടു് പിന്നണിഗായിക എസ് ജാനകിയുടെ പ്രതികരണം ന്യായം ആയിരുന്നില്ലേ? - അവാർഡ് നിഷേധിച്ചു കൊണ്ടുള്ള പ്രതികരണം. ഈ ഗായികയും ഫാൽകെ അവാർഡിനു് എന്തുകൊണ്ടും അർഹയായ ഒരു കലാകാരി ആണെന്നും ഓർത്തുപോകുന്നു.
ബി വിജയകുമാർ
|