നിത്യ ഹരിത നായകൻ - നസീറിനു് സിനിമാലോകം നൽകിയ ഈ വിശേഷണം ലഭിച്ച മറ്റൊരു നായകനടൻ ഒരു പക്ഷെ ഹിന്ദിയിലെ സൂപ്പർ സ്റ്റാർ ദേവ് ആനന്ദ് മാത്രം ആണെന്നു തോന്നുന്നു. ഇരുപത്തി അഞ്ചാം ചരമവാർഷികം ഇതാ മുന്നിൽ - 2014 ജനുവരി 16 നു് - ഈ തീയതിയിൽ ഒരു തർക്കമില്ല. പ്രസിദ്ധിയുടെ ഉന്നതിയിൽ നിൽകുമ്പോൾ ആയിരുന്നല്ലോ അങ്ങ് ഈ ലോകത്തോട് വിട പറഞ്ഞത് - 1989 ജനുവരി 16 നു്. ആയതിനാൽ 2014 ജനുവരി 16 നു് അങ്ങേയ്ക്ക് ആദരാഞ്ജലികൾ, ഇരുപത്തി അഞ്ചാം ചരമ വാർഷിക ആദരാഞ്ജലികൾ, ആ പാവനദിനത്തിന്റെ കാര്യത്തിൽ സംശയം കൂടാതെ തന്നെ അങ്ങയുടെ ആരാധകർക്കും സിനിമാലോകത്തിനും ആദരവോടെ അർപ്പിക്കാം.
എന്നാൽ, നിത്യ ഹരിത നായകന്റെ ജന്മദിനത്തിന്റെ കാര്യത്തിൽ ഇനിയും തർക്കങ്ങളും അഭിപ്രായഭിന്നതയും നിലനിൽക്കുന്നു .
- 1984 ഓഗസ്റ്റ് മാസത്തെ സിനിമ മാസികയിൽ പ്രേംനസീറിന്റെ ജാതകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപ്പാടാണ് ജാതകം കുറിച്ചിരിക്കുന്നത്. ജനനത്തീയതി 1929 ഡിസംബർ16. പ്രേം നസീറിന്റെ ജീവിത കാലത്താണ് ഈ ജാതകം പ്രസിദ്ധീകരിച്ചിരിക്കുന്നതു്.
- "വെള്ളിനക്ഷത്രം " ഇയർ ബുക്ക് 2001 ലെ നസീറിന്റെ ജീവചരിത്രക്കുറിപ്പിൽ ജനനത്തീയതി 1929 ഡിസംബർ 26.
- മലയാള സിനിമ - പെരുന്താന്നി ബാലചന്ദ്രൻ നായർ എഴുതിയ പുസ്തകത്തിൽ (യവനിക പുബ്ലിഷേർസ് & ഡിസ്ട്രിബ്യുടേഴ്സ് ട്രസ്റ്റ് , തിരുവനന്തപുരം പ്രസിദ്ധീകരിച്ചത് - 2009 ) ജനന തീയതി 1929 ഡിസംബർ 26
- 12-1-2014 ലെ മനോരമ പത്രത്തോടൊപ്പം പുറത്തിറക്കിയ സപ്പ്ളിമെന്റിൽ ജനനം 1929 മാർച്ച് 24
- നിത്യഹരിത നായകൻ പ്രേംനസീർ - 2012 ൽ പി റ്റി വർഗീസ് രചിച്ച പുസ്തകത്തിൽ ജനന തീയതി 1929 ഡിസംബർ 21 .
- ജനുവരി 2014 മാസത്തെ മാതൃഭൂമി യുടെ "സ്റ്റാർ & സ്റ്റൈൽ " മാസികയിൽ ജനന തീയതി 1927 ഏപ്രിൽ 7. പ്രേം നസീറിന്റെ ജനന തീയതി പലതായി രേഖപ്പെടുത്തീട്ടുണ്ടെന്നും നസീറിന്റെ കുടുംബം അംഗീകരിച്ചിരിക്കുന്ന തീയതിയാണ് 1927 ഏപ്രിൽ 7 എന്നുള്ള പ്രസ്താവനയുമുണ്ട്. ജനനം 2 വർഷം പുറകോട്ടാക്കിയുള്ള ഈ പ്രസ്താവന ആദ്യമായാണു് എന്നു തോന്നുന്നു. 1950 കളിലെ തമിഴ് മാസികകളിലും ജനന വർഷം 1929 തന്നെ.
ജനനത്തീയതി നോക്കുന്നത് പ്രായം നിർണ്ണയിക്കാനാണല്ലോ!! 1989 ൽ ഇഹലോക വാസം വെടിയുമ്പോഴും പ്രേംനസീർ മലയാള സിനിമയുടെ "നിത്യ ഹരിത " നയകനായിരുന്നല്ലൊ !! ഈ ലോകത്തോട് വിട പറയുമ്പോൾ 60 വയസ്സിലും പ്രേം നസീറിന്റെ പട്ടം "നിത്യ ഹരിത നായകൻ " തന്നെ. അതുകൊണ്ടുതന്നെ നസീറിന്റെ ജനനത്തീയതിയുടെ കാര്യത്തിലുള്ള അഭിപ്രായ ഭിന്നത നായകന്റെ പേരിനേയോ,പ്രസിദ്ധിയേയോ, സിനിമാ ലോകം ആദരവോടെ ചൂട്ടിയ "നിത്യ ഹരിത നായക" പട്ടത്തെയോ ബാധിക്കുന്നില്ല. എന്നിരിക്കിലും 25 മത്തെ ചരമവാർഷികത്തിൽ ആദരവോടെ അനുസ്മരിക്കുന്നതു പോലെ, 100 മത്തെ ജന്മദിനം ആഘോഷിക്കുമ്പോൾ ജനന തീയതി അറിഞ്ഞിരിക്കേണ്ടതല്ലേ?
സിനിമാ മാസികയിൽ ജാതകം പ്രസിദ്ധീകരിച്ചതു് പ്രേംനസീർ ജീവിച്ചിരിക്കുമ്പോൾ തന്നെ. അതിൽ പറഞ്ഞിരിക്കുന്ന 1929 ഡിസംബർ 16 എന്ന തീയതി ആരെങ്കിലും നിഷേധിക്കുകയോ തിരുത്തിയതായോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംശയാതീതമായി പ്രേം നസീറിന്റെ ജനനത്തീയതി അദ്ദേഹത്തിന്റെ ജന്മ ശതാബ്ദിക്ക് മുമ്പ് തന്നെ സ്ഥിരീകരിക്കുന്ന അവസരം ഉണ്ടാകുമെന്നു് പ്രത്യാശിക്കാം .
റ്റി എസ് മുത്തയ്യ ആയിരുന്നു പ്രേം നസീറിന്റെ ഏറ്റവും അടുത്ത സുഹൃത്തു് എന്നു് പല ലേഖനങ്ങളിലും നസീറിന്റെ ജീവചരിത്ര കുറിപ്പുകളിലും കാണുന്നു. മുത്തയ്യയും ഇന്ന് ജീവിച്ചിരിപ്പില്ല. മുത്തയ്യ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ആത്മാർത്ഥ സുഹൃത്തിന്റെ "ബർത്ത് ഡേ " ചോദിച്ചു തീർച്ചപ്പെടുത്താമായിരുന്നു. മദ്രാസിൽ മുത്തയ്യയുടെ കൂടെ പ്രേം നസീർ താമസിച്ചിരുന്നതായും ലേഖനങ്ങളിൽ കണ്ടിട്ടുണ്ട്. മുത്തയ്യയുടെ അവസാന കാലം ദുരിതപൂർണ്ണമായിരുന്നത്രെ. തമിഴ് നാട്ടിലെ ചെങ്കോട്ടയ്ക്കു സമീപത്തുള്ള ഗ്രാമത്തിലായിരുന്നു മുത്തയ്യയുടെ അവസാന കാലം. പ്രേം നസീർ മാത്രമായിരുന്നു മുത്തയ്യയ്ക്ക് അവസാന കാലത്ത് ഒരു സഹായം.
പ്രേം നസീറിനെ കുറിച്ചുള്ള ചില കൗതുക വാർത്തകൾ :
- പ്രേം നസീറിന്റെ 100 മത്തെ ചിത്രം - അസുരവിത്ത്
- 200 മത്തെ ചിത്രം - മിസ്സ് മേരി
- 300 മത്തെ ചിത്രം - പാവങ്ങൾ പെണ്ണുങ്ങൾ
- 400 മത്തെ ചിത്രം - കണ്ണപ്പനുണ്ണി
- 500 മത്തെ ചിത്രം - കരി പുരണ്ട ജീവിതങ്ങൾ
- ഉദയായുടെ 75 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു
- ഷീലയുടെ കൂടെ നായകനായി 100 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു
കൂടുതൽ വിശേഷങ്ങൾ, വിശേഷണങ്ങൾ - നസീറിന്റെ ചിത്രങ്ങളിലെ നിശ്ചല ദൃശ്യങ്ങൾ, പോസ്റ്ററുകൾ - നിത്യ ഹരിത നായകനു് ഈ ദൃശ്യങ്ങളിൽ കൂടി "ചിത്രാഞ്ജലി " അർപ്പിച്ചു കൊണ്ട് "നസീർ ലേഖന " പരമ്പരയുടെ അവസാന ഭാഗം വരും ദിവസം .
വാൽക്കഷ്ണം-
മലയാള സിനിമയുടെ "വിസ്മയം" ആയിരുന്ന അനുഗ്രഹീത നടനെക്കുറിച്ച് ആധികാരികമായ ഒരു ജീവ ചരിത്രം ഇതുവരെ രചിക്കപ്പെട്ടിട്ടില്ല എന്നത് വളരെ ഖേദകരമായ കാര്യം. ഹിന്ദിയിലും തമിഴിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും പ്രശസ്തരല്ലാത്ത നടീ നടന്മാരുടെ പോലും ഒന്നിലധികം ജീവചരിത്ര പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. മലയാള സിനിമയിൽ മാത്രം എന്താ ഇങ്ങനെ ? അഭിനയ പ്രതിഭകളുടെ ജീവിതാനുഭവങ്ങൾ സിനിമ ലോകത്തെ വരും തലമുറയ്ക്ക് മാർഗ്ഗനിർദ്ദേശം ആകേണ്ടതു് സിനിമയുടെ നിലവാരത്തിനു് അത്യാവശ്യം ആണെന്നു് ഇന്നത്തെ സിനിമകളുടെ നിലവാരം നമ്മോടു പറയുന്നു. പ്രേം നസീറിനെപ്പോലെയുള്ള മനുഷ്യസ്നേഹിയുടെ, കലാ സ്നേഹിയുടെ, വസ്തു നിഷ്ഠമായ ജീവചരിത്രം വരും കാലത്തിൽ നമുക്ക് പ്രതീക്ഷിക്കാം !!!
ബി വിജയകുമാർ
|